Connect with us
Malayali Express

Malayali Express

മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ചു കഴിച്ച സംഭവം:വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നതിന്റെ പ്രതികാരമെന്ന് സൂചന

KERALA

മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ചു കഴിച്ച സംഭവം:വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നതിന്റെ പ്രതികാരമെന്ന് സൂചന

Published

on

മാങ്കുളത്ത് കൃഷിയിടത്തിലിറങ്ങിയ പുള്ളിപ്പുലിയെ കുടുക്കിട്ട് കൊന്ന് കറിവച്ചു ഭക്ഷണമാക്കിയത് പുലി വളര്‍ത്തുമൃഗങ്ങളെ കൊന്നതിന്റെ പ്രതികാരത്തെ തുടര്‍ന്നെന്ന് സൂചന. നിരന്തരമായി തന്റെ കൃഷിയിടത്തില്‍ എത്തിയിരുന്ന പുള്ളിപ്പുലിയെ പിടികൂടുന്നതിന് ഒന്നാംപ്രതി വിനോദ് തക്കം പാര്‍ത്തിരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിച്ചിരുന്ന പുള്ളിപ്പുലി ഏതു സമയവും തങ്ങളെയും ആക്രമിക്കുമെന്ന ഭീതിയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പുലിയെ കുടുക്കുന്നതിന് വഴി നോക്കി യൂ ട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളെയും വിനോദ് ആശ്രയിച്ചിരുന്നുവത്രേ. ഒടുവില്‍ ബലമുള്ള കേബിള്‍ ഉപയോഗിച്ച് കുരുക്ക് നിര്‍മിക്കുന്നതിന് വിനോദ് തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ ഉപദേശവും ഇക്കാര്യത്തില്‍ വിനോദ് നേടിയിരുന്നു. മുന്‍പ് കാട്ടുപന്നിയെ വേട്ടയാടി ഭക്ഷണമാക്കിയ മുന്‍പരിചയവും ഇവര്‍ക്കുണ്ടായിരുന്നതായി വനം വകുപ്പു ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ കൃഷിയിടത്തില്‍ കേബിള്‍ കുരുക്ക് ഉണ്ടാക്കി പുലിക്കായി വലവിരിച്ചു. കുരുക്കില്‍ അകപ്പെടുന്ന പുലി രക്ഷപ്പെടുന്നതിന് മുന്നോട്ടുകുതിക്കുന്ന ഘട്ടത്തില്‍ കാലുകളില്‍ കുരുക്ക് മുറുകുന്ന രീതിയിലാണ് കേബിള്‍ കുരുക്ക് തയാറാക്കിയത്. കുരുക്ക് തയാറാക്കി 18 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് പുലി അകപ്പെട്ടത്. ഈമാസം 20 നാണ് കുരുക്കില്‍ അകപ്പെട്ട അവശനിലയിലായ പുള്ളിപ്പുലിയെ വിനോദ് കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ പുലിയുടെ തൊലിയുരിഞ്ഞ് എടുത്തു. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലിത്തോലും നഖവും മറ്റും വില്‍പ്പന നടത്തി പണം സമ്പാദിക്കാം എന്ന വ്യാമോഹവും വിനോദിനും സംഘത്തിനും പ്രേരണയായിരുന്നു. ഒരു ദിവസം നീണ്ട പ്രയത്നത്തിനൊടുവില്‍ ആണത്രേ പുള്ളിയുടെ തോല് കൃത്യമായി ഉരിഞ്ഞെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞത്. അവശേഷിച്ച പുലിഇറച്ചി പാചകം ചെയ്ത് കഴിക്കുന്നത് രുചികരം ആണെന്നും വിനോദ് കൂട്ടാളികളോട് പറഞ്ഞു. ഇറച്ചി പങ്കിട്ടു പാചകം ചെയ്ത് കഴിച്ച വിവരം അടുത്ത സുഹൃത്തുക്കളോടും പറഞ്ഞതായി സൂചനയുണ്ട്. പിടിയിലായ അഞ്ചുപേര്‍ക്ക് പുറമേ മറ്റുചിലര്‍ക്കും ഇറച്ചി നല്‍കിയിരുന്നതായും വനപാലകര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രമം ആംഭിച്ചത്. കൂടുതല്‍ പേര്‍ നിയമക്കുരുക്കില്‍ കുടുങ്ങുമെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്. പുലിയെ കെണിവെച്ച് പിടിച്ചു എന്ന വിവരം ലഭിച്ചതോടെ വനപാലകര്‍ ഇവരുടെ വീടുകളില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. വിനോദിന്റെ വീട്ടില്‍നിന്നും പാചകം ചെയ്ത ഇറച്ചിയും കരുതിവെച്ചിരുന്ന പച്ച ഇറച്ചിയും ലഭിച്ചു. പുലിയെ പിടികൂടുന്നതിന് വിനോദും സംഘവും പദ്ധതി ഒരുക്കുന്നതിന് ഒപ്പം പുലിത്തോലും പുലി നഖവും പല്ലും എല്ലാം വില്‍പന നടത്തുന്നതിന് ചിലരെ ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇക്കാര്യത്തില്‍ വന്‍കിട മൃഗവേട്ട സംഘത്തിന് ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തിലെ ഒന്നാം പ്രതി മാങ്കുളം മുനിപാറ സ്വദേശി കൊള്ളിക്കൊളവില്‍ പി.കെ വിനോദ്, കൂട്ടാളികളായ രണ്ടാം പ്രതി മാങ്കുളം മുനിപാറ ബേസില്‍ഗാര്‍ഡനില്‍ വി.പി കുര്യാക്കോസ്, മാങ്കുളം മലയില്‍ സലിമോന്‍ കുഞ്ഞപ്പന്‍, പെരുമ്പന്‍കുത്ത് ചെമ്പന്‍പുരയിടത്തില്‍ സി.എസ് ബിനു, വടക്കുംചേരില്‍
വിന്‍സന്റ് പൗലോസ് എന്നിവരെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഘത്തെ മാങ്കുളം ഡി.എഫ്ഒ. യുടെ നിര്‍ദ്ദേശപ്രകാരം മരം റേഞ്ച് ഓഫീസര്‍ സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ വീണ്ടും കസ്റ്റഡിയില്‍ കിട്ടുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. എന്നാല്‍ ഇടുക്കിയില്‍ പതിവായി വന്യമൃഗങ്ങള്‍ കൃഷിയിടത്തിലും ജനവാസ മേഖലകളിലും ഇറങ്ങുന്ന തായും വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയാണുള്ളത്. മൂന്നാറില്‍ തന്റെ വളര്‍ത്തു പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ ഒന്നരവര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ കെണിവെച്ച് പിടികൂടിയ കര്‍ഷകനെ കഴിഞ്ഞവര്‍ഷം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. 1972 -ലെ വനസംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളെ വേട്ടയാടുന്നത് വലിയ കുറ്റകൃത്യമാണ്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

Continue Reading

Latest News