EUROPE
ലണ്ടൻ- കൊച്ചി വിമാനത്തിന് വീണ്ടും വിലക്ക്; ജനുവരി 31 വരെയുള്ള സർവീസുകൾ റദ്ദാക്കി

ടോമി വട്ടവനാൽ
ലണ്ടൻ ∙ ഈമാസം 26ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലണ്ടൻ- കൊച്ചി വിമാന സർവീസ് വീണ്ടും റദ്ദാക്കി. വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ പെടുത്തി ജനുവരി 26,28,30 തിയതികളിലാണ് കൊച്ചിയിൽനിന്നുള്ള വിമാന സർവീസ് പുന:രാരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ഇത് റദ്ദാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ചൊവ്വാഴ്ച രാവിലെ ഉത്തരവിറക്കി. ആഴ്ചയിൽ മൂന്നുദിവസമുള്ള ഈ സർവീസ് ജനുവരിക്കു ശേഷം തുടരുമോയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുമില്ല. വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർ ജനറൽ സുനിൽ കുമാറാണ് ഉത്തരവിറക്കിയിരിക്കുന്നത്.
26,28, 30 തീയതികളിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്കും മടക്ക സർവീസിൽ തിരിച്ച് നാട്ടിലേക്കും ടിക്കറ്റ് ബുക്കുചെയ്തവർക്ക് ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നെ തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയോ പിന്നീട് കൊച്ചിയിൽനിന്നും സർവീസ് തുടങ്ങുന്ന മുറയ്ക്കോ മാത്രമേ യാത്ര സാധ്യമാകൂ.
ബ്രിട്ടനിലെ നിരവധി മലയാളി സംഘടനകളും വ്യക്തികളും സംയുക്തമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ പെടുത്തി 26 മുതൽ കൊച്ചി സർവീസ് പുനരാരംഭിക്കാൻ തീരുമാനം ആയിത്. ഇതെല്ലാം വൃഥാവിലാകുന്ന സ്ഥിതിയാണിപ്പോൾ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്കു എത്തിച്ചേരുവാനുള്ള ഏക ആശ്രയമായിരുന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടൻ- കൊച്ചി വിമാന സർവീസ്. ഓഗസ്റ്റിൽ ആരംഭിച്ച ഈ സർവീസിൽ കൂടിയാണ് ബ്രിട്ടനിലേക്ക് പുതുതായി ജോലിക്ക് എത്തിയിരുന്നവരും, ഇവിടെ നിന്നും നാട്ടിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കായി പോയിരുന്നവരും യാത്ര ചെയ്തിരുന്നത് .
ബ്രിട്ടനിലെ അനിയന്ത്രിതമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ വന്ദേ ഭാരത് മിഷൻ ജനുവരി എട്ടിന് പുനരാരംഭിച്ചപ്പോൾ പക്ഷേ, കൊച്ചിയെ അതിൽ ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കുമൊടുവിൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഷെഡ്യൂളുകളാണ് ഇപ്പോൾ വീണ്ടും റദ്ദാക്കിയിരിക്കുന്നത്.
മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളുടെ സമ്മർദമോ ഗൾഫിലെ വിമാനക്കമ്പനികളുടെ സ്വാധീനമോ ഈ തീരുമാനത്തിനു പിന്നിൽ ഉണ്ടോ എന്ന സംശയമാണ് ബ്രിട്ടനിലെ മലയാളികൾക്കുള്ളത്. ആഴ്ചയിൽ ഒന്നും പിന്നീട് രണ്ടും ഒടുവിൽ മൂന്നായും ഉയർത്തിയിട്ടും നിറയെ യാത്രക്കാരുണ്ടായിരുന്ന സർവീസ് പുന:രാരംഭിക്കാൻ വൈകുന്നതിൽ ദുരൂഹത ഏറെയാണ്.
സർവീസ് നിർത്തലാക്കാൻ കേന്ദ്രസർക്കാർ പെട്ടെന്നെടുത്ത തീരുമാനത്തിൽ കുടങ്ങിപ്പോയവർ നിരവധിയാണ്. അടിയന്ത്ര ആവശ്യങ്ങൾക്കായും മറ്റും നാട്ടിലെത്തിയ നൂറുകണക്കിനു മലയാളികളാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാതെ ഇപ്പോഴും കേരളത്തിൽ കുടുങ്ങിയിരിക്കുന്നത്. നേരിട്ടുള്ള വിമാനസർവീസിൽ വിശ്വസിച്ചും പ്രതീക്ഷവച്ചും നാട്ടിൽ പോയവരെല്ലാം ഒരുവിധത്തിലും മടങ്ങിവരാനാകാതെ വിഷമിക്കുകയാണ്.
രാജ്യത്തെ ഒൻപത് നഗരങ്ങളിൽനിന്നായിരുന്നു ബ്രിട്ടീഷ് വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വന്ദേഭാരത് സർവീസ് നടത്തിയിരുന്നത്. ഇതിൽ ആഴ്ചയിൽ ഏഴു സർവീസ് നടത്തിയിരുന്ന ഡൽഹിയും നാല് സർവീസ് നടത്തിയിരുന്ന മുംബൈയും കഴിഞ്ഞാൽ ഏറ്റവും അധികം സർവീസ് കൊച്ചിയിൽനിന്നും ആയിരുന്നു.
-
KERALA8 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA8 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA8 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA8 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA8 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS9 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA9 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി