Connect with us
Malayali Express

Malayali Express

എട്ടു വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ട പൂച്ചയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ മോണിക്ക

EUROPE

എട്ടു വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ട പൂച്ചയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ മോണിക്ക

Published

on


വിപിൻ ജോസ് അർത്തുങ്കൽ

റോം ∙ ജീവനെപ്പോലെ സ്നേഹിച്ച് 12 വർഷം ഒരുമിച്ചുകഴിഞ്ഞ പൂച്ചയെ ഒരുദിവസം അപ്രതീക്ഷിതമായി കാണാതാവുക…അതിനെ അന്വേഷിച്ച് നാടുമുഴുവൻ അലഞ്ഞു നടക്കുക… എട്ടു വർഷങ്ങൾക്കുശേഷം അവിചാരിതമായി ആ പൂച്ചയെ തിരിച്ചുകിട്ടുക… എല്ലാം ഒരു സ്വപ്നം പോലെയാണ് മോണിക്കയ്ക്ക് തോന്നുന്നത്.

വടക്കൻ ഇറ്റലിയിൽ എമിലിയ – റൊമാഞ്ഞ റീജിയണിലെ ഫയെൻസ സ്വദേശി മോണിക്കയാണ്, ഒരിക്കലും തിരിച്ചുകിട്ടുകയില്ലെന്നു കരുതിയ പൂച്ചയെ നെഞ്ചോടു ചേർത്തു പിടിച്ച് മാധ്യമങ്ങളിലൂടെ അപൂർവമായ ഒരു പുന:സമാഗമത്തിന്റെ വാർത്ത പുറത്തുവിട്ടത്.

2000 ൽ മോണിക്കയ്ക്ക് തെരുവിൽനിന്ന് കിട്ടിയ ഒരു പൂച്ചക്കുട്ടിയെ അവർ വീട്ടിൽ കൊണ്ടുപോയി വളർത്തുകയായിരുന്നു. മന്ദരീനോ എന്ന സുന്ദരമായ പേരിട്ടു വളർത്തിയ പൂച്ച വളരെപ്പെട്ടെന്നുതന്നെ വീട്ടുകാരുടെ ജീവനായി.

2012 നവംബറിൽ ഒരു ദിവസം പൂച്ചയെ വീട്ടിൽനിന്ന് കാണാതായത് മോണിക്കയുടെ ജീവിതത്തെ വല്ലാതെ ഉലച്ചുകളഞ്ഞു. ഹൃദയംതകർന്ന വേദനയോടെ അവർ മന്ദരീനോയുടെ ഫോട്ടോ ഉൾപ്പെടെ പത്രങ്ങളിൽ പരസ്യം നൽകി. സോഷ്യൽ മീഡിയകളിൽ സ്ഥിരമായി ഫോട്ടോ പോസ്റ്റു ചെയ്ത് അന്വേഷണം തുടർന്നു. പക്ഷേ പ്രയോജനമൊന്നുമുണ്ടായില്ല.
അങ്ങനെയിരിക്കെ, കഴിഞ്ഞ ദിവസം – കൃത്യമായി പറഞ്ഞാൽ, മന്ദരീനോയെ നഷ്ടപ്പെട്ടതിനു ശേഷം എട്ടുവർഷവും രണ്ടു മാസവും നാലു ദിവസവും പൂർത്തിയായ ദിവസം- ഫയെൻസ സ്വദേശികളായ ഒരു കുടുംബം, ഗുരുതരമായ അരോഗ്യ പ്രശ്നങ്ങളുള്ള അവശനായ ഒരു പൂച്ചയെ സമീപത്തെ തെരുവിൽ കണ്ടെത്തി.

മൃഗസംരക്ഷണത്തിനുള്ള, പ്രദേശത്തെ ഒരു ദേശീയ ഏജൻസിയുമായി അവർ ബന്ധപ്പെടുകയും പൂച്ചയെ അവർക്ക് കൈമാറുകയും ചെയ്തു. ഏജൻസിയുടെ കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച പുച്ചയ്ക്ക് ഭക്ഷണവും വൈദ്യസഹായവും നൽകിയപ്പോൾ അത് ആരോഗ്യം വീണ്ടെടുത്തു.

അതോടെ തെരുവിൽനിന്ന് കണ്ടെത്തിയ വീട്ടുകാർതന്നെ അവനെ വളർത്തുവാനായി ഏജൻസിയിൽനിന്ന് തിരിച്ചുവാങ്ങി വീട്ടിൽ കൊണ്ടുപോയി. രക്ഷപ്പെടുത്തിയ പൂച്ചയുമായുള്ള ഫോട്ടോ ഇവർ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്യുകയും ചെയ്തു. യാദൃശ്ചികമായി ഈ ഫോട്ടോ കാണാനിടയായ മോണിക്കയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒറ്റനോട്ടത്തിൽത്തന്നെ അത് തന്റെ മന്ദരീനോയാണെന്ന് അവർ തിരിച്ചറിഞ്ഞു. പൂച്ചയെ ചികിത്സിച്ച ഏജൻസിയേയും സംരക്ഷിക്കുന്ന വീട്ടുകാരെയും ബന്ധപ്പെട്ട മോണിക്ക മന്ദരീനോയുടെ പഴയചിത്രങ്ങൾ അവരെ കാണിച്ച് ബോധ്യപ്പെടുത്തി.
മോണിക്കയെ കണ്ടമാത്രയിൽത്തന്നെ, എട്ടുവർഷത്തെ അപരിചിതത്തം മറന്ന് ഓടിയെത്തിയ മന്ദരീനോ അവരെ തൊട്ടുരുമിനിന്നു. അവളെ വാരിയെടുത്ത് നെഞ്ചോടുചേർത്ത മോണിക്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ആ കാഴ്ച ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അതിന് സാക്ഷികളായ ഏജൻസി അധികൃതർ പറയുന്നു.
ഓമനിച്ചു വളർത്തുന്ന ഒരു മൃഗത്തെ ഒരിക്കലും ഉപേക്ഷിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവർക്കും ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു അതെന്ന് അവർ സാക്ഷ്യപ്പെടുത്തി. അവശതയനുഭവിക്കുന്ന രീതിയിൽ ഒരു പൂച്ചയെ തെരുവിൽ കണ്ടെത്തിയപ്പോൾ അതിനെ അവഗണിക്കാതെ ഏറ്റെടുത്ത് സംരക്ഷിക്കാൻ മനസുകാണിച്ച കുടുംബത്തിന് ഏറ്റവും ഹൃദ്യമായ നന്ദിയർപ്പിച്ചാണ് മോണിക്ക മന്ദരീനോയുമായി വീട്ടിലേക്ക് മടങ്ങിയത്.

Continue Reading

Latest News