Connect with us
Malayali Express

Malayali Express

ബ്രിട്ടൻ പ്രതിസന്ധിയിലെന്നു ബോറിസ്; പ്രതീക്ഷ വാക്സീനിൽ, മലയാളി ഉൾപ്പെടെ മരണം 529

EUROPE

ബ്രിട്ടൻ പ്രതിസന്ധിയിലെന്നു ബോറിസ്; പ്രതീക്ഷ വാക്സീനിൽ, മലയാളി ഉൾപ്പെടെ മരണം 529

Published

on


ടോമി വട്ടവനാൽ

ലണ്ടൻ ∙ കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ട ബ്രിട്ടൻ പ്രതിസന്ധിയിലാണെന്നു തുറന്നു സമ്മതിച്ചു പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയുടെ വിലയിരുത്തൽ ശരിവച്ച് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റിയും ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കും നടത്തിയ വാർത്താസമ്മേളനങ്ങൾ രാജ്യത്തെ ഗുരുതര പ്രതിസന്ധി തുറന്നുകാട്ടുന്നതായി. ഏറ്റവും മോശപ്പെട്ട ഘട്ടത്തിലാണ് രാജ്യം ഇപ്പോഴുള്ളതെന്നും ഇതിൽനിന്നുള്ള മോചനത്തിന് വാക്സീനേഷൻ മാത്രമാണ് മാർഗമെന്നും ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ആശുപത്രികളും ജിപി സെന്ററുകളും കേന്ദ്രീകരിച്ചുള്ള ആയിരത്തിലേറെ വാക്സീനേഷൻ സെന്ററുകൾക്കു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴു നഗരങ്ങൾ കേന്ദ്രീകരിച്ച് വൻകിട വാക്സീനേഷൻ സെന്ററുകളും പ്രവർത്തനം ആരംഭിച്ചു. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം, ബ്രിസ്റ്റോൾ, സ്റ്റീവനേജ്, ന്യൂകാസിൽ, സറൈ എന്നിവിടങ്ങളിലാണിവ. ആവശ്യമെങ്കിൽ സമാനമായ വലിയ സെന്ററുകൾ ഇനിയും തുറക്കും. ഇത്തരം സെന്ററുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാക്കി വാക്സിനേഷൻ ത്വരിതപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

വാക്സീനേഷനൊപ്പം ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും നടപടിയുണ്ടാകും. പൊലീസിനും മറ്റ് ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഇതിനുള്ള നിർദേശം നൽകി. വ്യായാമത്തിനായി നൽകിയിട്ടുള്ള ഇളവുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപോഗിക്കരുതെന്നും ഇക്കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ഹെൽത്ത് സെക്രട്ടറി മുന്നറിയിപ്പു നൽകി. സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ സാമൂഹിക അകലവും മറ്റ് ലോക്ഡൗൺ നിബന്ധനകളും പാലിക്കണം. മോറിസണിൽ മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം നിഷേധിച്ച നടപടിയെ മന്ത്രി പ്രശംസിച്ചു.

ഇരുപതു ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതിനോടകം വാക്സീന്റെ ആദ്യഡോസ് നൽകിയത്. ഒരു ലക്ഷത്തിലേറെ ആളുകൾക്ക് രണ്ടാം ഡോസും നൽകി. ഫെബ്രുവരി പകുതിയോടെ മുൻഗണനാ ലിസ്റ്റിലുള്ള നാലു ഗ്രൂപ്പിലെയും മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സീൻ നൽകും.

ഇതിനിടെ കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു. മാഞ്ചസ്റ്ററിലെ പെന്തകോസ്ത് ചർച്ചിന്റെ പാസ്റ്റർ സിസിൽ ചീരനാണ് (46) ഞായറാഴ്ച രാത്രി മരിച്ചത്. കോവിഡ് ബാധിതനായി രണ്ടാഴ്ചയിലേറെയായി ചികിൽസയിലായിരുന്നു. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി തൊടുവെട്ടി സ്വദേശിയാണ്.കോവിഡ് വ്യാപനം അതിരൂക്ഷമായ ബ്രിട്ടണിൽ നൂറുകണക്കിന് മലയാളികളാണ് രോഗം മൂലം വലയുന്നത്. നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുമുണ്ട്.
മാർച്ച്- ഏപ്രിൽ കാലത്തെ രോഗവ്യാപന സമയത്ത് സംഭവിച്ചതിനേക്കാൾ മരണനിരക്ക് മലയാളികൾക്കിടയിൽ കുറവാണെങ്കിലും രണ്ടാം രോഗവ്യാപനത്തിൽ ഇതിനോടകം ഒൻപതു മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
വെർജിൻ ഗ്രൂപ്പ് ഉടമയും ലോക കോടീശ്വരനുമായ റിച്ചാർഡ് ബ്രാൻസന്റെ മാതാവ് ഈവ ബ്രാൻസൺ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്താകെ 529 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം മരണപ്പെട്ടത്. തുടച്ചയായ രണ്ടുദിവസങ്ങളിൽ മരണനിരക്ക് കുറഞ്ഞത് ആശ്വാസ വാർത്തയാണ്. കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ബ്രിട്ടനിലെ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ സപ്ലൈ ലഭ്യമാകുന്നില്ല എന്ന വാർത്തയും ഇതിനിടെ പുറത്തുവരുന്നുണ്ട്. എല്ലാ രോഗികൾക്കും ഓക്സിജൻ ചികിൽസ ആവശ്യമായി വരുന്ന സാഹചര്യമാണ് ഓക്സിജൻ പ്ലാന്റുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നത്

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News