Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: റോയല്‍സിന്റെ സൂപ്പര്‍ ചേസിങ് , 4 വിക്കറ്റ് ജയം

LATEST NEWS

ഐ.പി.എല്‍: റോയല്‍സിന്റെ സൂപ്പര്‍ ചേസിങ് , 4 വിക്കറ്റ് ജയം

Published

on

പഞ്ചാബ് കിങ്സ് ഇലവനെതിരേ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് സൂപ്പര്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത റോയല്‍സ് കളി തീരാന്‍ മൂന്ന് പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. റോയല്‍സിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍. ലെഗ് സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍ എറിഞ്ഞ ഓവറിന്റെ രണ്ടാമത്തെ പന്തില്‍ റിയാന്‍ പരാഗ് (0) പുറത്തായി. പിന്നാലെയെത്തിയ ടോം കുറാന്‍ പന്ത് അതിര്‍ത്തി കടത്തിയതോടെ റോയല്‍സ് അവിസ്മരീണയ ജയം സ്വന്തമാക്കി. 224 റണ്ണെടുക്കാനിറങ്ങിയ റോയല്‍സിന് ജോസ് ബട്ട്ലറിനെ (നാല്) തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും നായകനും ഓപ്പണറുമായ സ്റ്റീവ് സ്മിത്ത് (27 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറുമടക്കം 50), മലയാളി താരം സഞ്ജു സാംസണ്‍ (42 പന്തില്‍ ഏഴ് സിക്സറും നാല് ഫോറുമടക്കം 85) എന്നിവര്‍ മികച്ച നിലയിലെത്തിച്ചു. സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. സ്മിത്തിനെ ജിമ്മി നീഷാമും സഞ്ജുവിനെ മുഹമ്മദ് ഷമിയും പുറത്താക്കി. രാഹുല്‍ തെവാതിയയ്ക്കു (31 പന്തില്‍ ഏഴ് സിക്സറുകളടക്കം 53) കൂട്ടായി റോബിന്‍ ഉത്തപ്പ എത്തിയെങ്കിലും (നാല് പന്തില്‍ ഒന്‍പത്) നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് പന്തില്‍ 13 റണ്ണുമായി പുറത്താകാതെനിന്നു. 13-ാം സീസണിലെ രണ്ടാം സെഞ്ചുറിക്ക് ഉടമയായ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (50 പന്തില്‍ ഏഴ് സിക്സറും 10 ഫോറുമടക്കം 106), നായകനും ഓപ്പണറുമായ ലോകേഷ് രാഹുല്‍ (54 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 69) എന്നിവരാണു കിങ്സ് ഇലവനെ മികച്ച സ്‌കോറിലെത്തിച്ചത്.
ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 183 റണ്ണെടുത്തു. ഗ്ലെന്‍ മാക്സ്വെല്‍ (ഒന്‍പത് പന്തില്‍ പുറത്താകാതെ 13), നികോളാസ് പൂരന്‍ (എട്ട് പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 25) എന്നിവരും റോയല്‍സ് ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചു. മിന്നല്‍ വേഗത്തിലായിരുന്നു ഓപ്പണിങ് ജോഡി റണ്ണെടുത്തത്. അഞ്ചാം ഓവറില്‍ സ്‌കോര്‍ 50 ലും ഒന്‍പതാം ഓവറില്‍ നൂറിലുമെത്തി. 26 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന മായങ്ക് 45 പന്തിലാണു സെഞ്ചുറിയിലെത്തിയത്. സീസണിലെ ആദ്യ സെഞ്ചുറിക്കാരനായ രാഹുല്‍ 35 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്.

Continue Reading

Latest News