Connect with us
Malayali Express

Malayali Express

ഫൊക്കാനയുടെ പേരിൽ വീണ്ടും വ്യാജ വാര്‍ത്തകള്‍ : ജാഗ്രത പുലർത്തണമെന്ന് ഔദ്യോഗിക നേതൃത്വം

FOKANA

ഫൊക്കാനയുടെ പേരിൽ വീണ്ടും വ്യാജ വാര്‍ത്തകള്‍ : ജാഗ്രത പുലർത്തണമെന്ന് ഔദ്യോഗിക നേതൃത്വം

Published

on

മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ പേരിൽ വീണ്ടും വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വം പൊതുജനങ്ങളോടും അംഗങ്ങളോടും അഭ്യർത്ഥിച്ചു.

ഫൊക്കാന സെപ്റ്റംബർ 27 ന് സൂം ജനറൽ കൗൺസിൽ മീറ്റിംഗ് വിളിച്ചുകൂട്ടുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. ഔദ്യോഗിക നേതൃത്വം ജനറൽ കൗൺസിൽ യോഗം വിളിച്ചിട്ടില്ലെന്നും ഇത് അംഗ സംഘടനകളേയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുവാനുള്ള ബോധപൂർവമായ ശ്രമമാണെന്നും ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലൈസി അലക്സ്, ശ്രീകുമാർ ഉണ്ണിത്താൻ, സുജ ജോസ്, ഷീല ജോസഫ്, വിജി നായർ എന്നിവർ അറിയിച്ചു.

ഫൊക്കാന എന്ന മഹത് പ്രസ്ഥാനത്തെ തകർക്കുവാനും അസ്ഥിരപ്പെടുത്തുവാനും തല്പര കക്ഷികൾ കഴിഞ്ഞ കുറേ കാലമായി ശ്രമം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 27 ന് ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് നടന്നുവെന്ന് കാട്ടി വ്യാജ സന്ദേശങ്ങൾ അയച്ചവർക്കെതിരെ ഔദ്യോഗിക നേതൃത്വം നിയമ നടപടികൾ സ്വീകരിച്ചിരുന്നു.

അനധികൃതമായി വ്യാജ തെരഞ്ഞെടുപ്പ് നടത്തിയവർക്കെതിരെ ഔദ്യോഗിക നേതൃത്വം കോടതിയെ സമീപിക്കുകയും ന്യൂയോർക്ക് ക്വീന്‍സ് സുപ്രീം കോടതി തല്പരകക്ഷികൾ നടത്തിയ തെരഞ്ഞെടുപ്പ് അനധികൃതമാണെന്ന് നിരീക്ഷിക്കുകയും കോടതിയുടെ വിധി പ്രസ്താവിക്കും വരെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 12-ന് പുറപ്പെടുവിച്ച കോടതി ഉത്തരവ് (കേസ് നമ്പർ 71 2736/20) പ്രകാരം ഫൊക്കാനയുടെ ഔദ്യോഗിക കാര്യങ്ങളിൽ അനധികൃതമായി ഇടപെടരുതെന്നും, ഔദ്യോഗിക ഭാരവാഹികളുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തരുതെന്നും തല്പര കക്ഷികളെ കോടതി വിലക്കിയിരുന്നു. ആ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൊക്കാന ഔദ്യോഗിക നേതൃത്വമെന്ന വ്യാജേന തല്പര കക്ഷികൾ സെപ്റ്റംബർ 27 ന് വിളിച്ചിരിക്കുന്ന സൂം കോൺഫറൻസ് കോടതിയലക്ഷ്യവും ഉത്തരവുകളുടെ ലംഘനവുമാണ്.

കൂടാതെ, ഫൊക്കാനയുടെ 2020-22 കമ്മിറ്റിക്ക് പ്രവർത്തനങ്ങൾ നടത്തുവാനും ജനറൽ കൌൺസിൽ നടത്തുവാനും യാതൊരു നിയമ തടസ്സവും നിലനിൽക്കുന്നില്ലെന്നും, ന്യൂയോര്‍ക്ക് കോടതിയിൽ നിന്നും കേസ് മെരിലാന്‍ഡ് ഡിസ്ട്രിക്ട് കോടതിയിലേക്ക് മാറ്റിയെന്നുമുള്ള വസ്തുതാവിരുദ്ധമായ പ്രസ്താവന കോടതിയെ ധിക്കരിക്കുന്നതാണെന്നു മാത്രമല്ല പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്. ‘നിയന്ത്രണാജ്ഞ (restraining order) യുടെ കാലാവുധി 14 ദിവസം മാത്രമേ നിലനില്‍ക്കൂ എന്ന് എതിർ കക്ഷികളുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്’ എന്ന പ്രസ്താവന എത്രമാത്രം ഗൗരവമേറിയതാണെന്നും പൊതുജനങ്ങള്‍ മനസ്സിലാക്കണം. അത് കോടതിയെ അവഹേളിക്കുന്നതിനു തുല്യവും, എതിര്‍ കക്ഷികളുടെ അഭിഭാഷകന്റെ നീതിശാസ്ത്രത്തേയും അന്തസ്സിനേയും സത്യസന്ധതയേയും കളങ്കപ്പെടുത്തുന്നതുമാണ്.

ഒക്ടോബര്‍ 22-ന് ക്വീന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കായി നിശ്ചയിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പരസ്യപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയിലും, അംഗസംഘടനകള്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരും എക്സിക്യൂട്ടീവ് അംഗങ്ങളും അഭ്യര്‍ത്ഥിച്ചു. അല്ലാത്തപക്ഷം, വ്യാജ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലെത്തിയവര്‍ മാത്രമല്ല, അവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചവരും കോടതിയലക്ഷ്യത്തിന് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

കോവിഡ്-19 വ്യാപനം ഗുരുതരമായി തുടരുകയും സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നിബന്ധനകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വം, അംഗ സംഘടനാ പ്രതിനിധികളുടെ അനുവാദത്തോടെ, കൺവൻഷനും തെരഞ്ഞെടുപ്പും 2021 ലേക്ക് മാറ്റി വെച്ചത്. അതുവരെ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാരവാഹിത്വത്തിന് നിയമ സാധുതയും അംഗങ്ങളുടെ പിൻബലവുമുണ്ട്. വ്യാജ വാര്‍ത്തകള്‍ പരസ്യപ്പെടുത്തി ഫൊക്കാനയെന്ന മാതൃകാ സംഘടനയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഔദ്യോഗിക നേതൃത്വം എല്ലാവരോടും അഭ്യർത്ഥിച്ചു.

Continue Reading

Latest News