Connect with us
Malayali Express

Malayali Express

ഇതിഹാസ നാദം മണ്ണിൽ നിന്നും വിണ്ണിലെ ഗന്ധർവ ലോകത്തിലേക്ക് യാത്രയായി….

INDIA

ഇതിഹാസ നാദം മണ്ണിൽ നിന്നും വിണ്ണിലെ ഗന്ധർവ ലോകത്തിലേക്ക് യാത്രയായി….

Published

on

ശ്രവണസുന്ദരമായ ശബ്ദം കൊണ്ട് മനുഷ്യ മനസിന്റെ വികാരങ്ങളെ ത്രസിപ്പിക്കുന്നതാണ് സംഗീതം. ബ്രഹ്മം നാദമയം ആകയാൽ കുയിൽ പാടുന്നത് സംഗീതം അഭ്യസിച്ചിട്ടല്ല. അമ്മ കുട്ടിയെ പാടിയുറക്കുന്നതും സംഗീതം അഭ്യസിച്ചിട്ടല്ല. അങ്ങനെ എങ്കിൽ സരളിവരിശപോലും പഠിക്കാത്ത ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം സംഗീത ഹിമവാന്റെ ഉത്തുംഗശൃംഗത്തിലെത്തിയ നാദബ്രഹ്മം മനുഷ്യത്വത്തിൽ മഹനീയനും ആകുന്നത് ഇത്തരത്തിൽ ആണ്.

വിവിധങ്ങളായ മനുഷ്യപ്രവൃത്തിയെ കല എന്ന് ഏകീകരിച്ച് വിളിക്കാം എങ്കിൽ ഏതൊരു കലാകാരനേയും ബഹുമാനിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. വേദിയിൽ തന്റെ പ്രശസ്ത ഗാനം ആലപിക്കുമ്പോൾ ഫ്ലൂട്ട് കലാകാരന് അൽപ്പം തെറ്റിയെങ്കിലും ആ കലാകാരനെകൊണ്ട് വീണ്ടും വായിപ്പിച്ച് അയാളിലെ കലാകാരനെ തളർത്താതെ ആത്മവിശ്വാസം നൽകിയ ആ ഒരൊറ്റ സംഭവം മതി എസ് പി ബി ഈ മൂന്നക്ഷരം കൊണ്ട് നമ്മുടെ ആത്മാവിൽ അലിയുന്ന ശബ്ദ മാസ്മരികതയ്ക്ക് ഒപ്പം മനുഷ്യത്വപരമായ പ്രവൃത്തികൾ കൊണ്ട് ദൈവ സ്ഥാനീയനായി മാറാൻ.

അപാരമായ ശ്വസന ക്ഷമതകൊണ്ട് നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം 1980 ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന തെലുങ്ക് സിനിമയിലെ ശങ്കരാ… എന്ന ഗാനം ഏത് വേദിയിൽ അവതരിപ്പിക്കുമ്പോഴും തന്റെ പാദരക്ഷകൾ അഴിച്ചു വച്ച് തന്നെ താനാക്കിയ ആ ഗാനത്തോടും സംഗീത ദേവതയോടും ഉള്ള ബഹുമാനം വെളിപ്പെടുത്തുന്നത് വഴി നമുക്ക് നൽകുന്നത് മറ്റൊരു സന്ദേശമാണ്. അൽപ്പം പ്രശസ്തി നേടുമ്പോഴേക്കും അഹങ്കാരം ബാധിക്കുന്ന യുവ തലമുറയോടുള്ള മാർഗ ദർശനം കൂടിയാണ്.

ശബരിമല ദർശനത്തിന് തന്നെ ചുമന്ന് കൊണ്ട് പോകുന്ന ട്രോളി തൊഴിലാളികളുടെ കാൽ തൊട്ട് വന്ദിച്ച ശേഷം യാത്ര തുടങ്ങുന്ന എസ് പി ബി സംഗീതത്തിലുപരി മനുഷ്യത്വം എന്ന വാക്കിലൂടെ നമ്മുടെ ആത്മാവിനെ തൊടുന്നു. ഇതാവാം ഈ ഇതിഹാസ നാദം ഭൗഗികമായി നമ്മെ വേർപിരിയുമ്പോൾ നമ്മുടെ ഏറ്റവും അടുത്ത ആരുടെയോ വിയോഗം നമ്മുടെ കണ്ണുകളെ എത്തരത്തിൽ ഈറനണിയിക്കുന്നുവോ അതേ വികാരം തന്നെ നമ്മെ വേട്ടയാടുന്നത്.
പ്രണാമം.

Continue Reading

Latest News