Connect with us
Malayali Express

Malayali Express

കരിപ്പൂരില്‍ പ്രവാസികളുമായി പറന്നിറങ്ങവേ വിമാനം വീണുപിളര്‍ന്നു: 18 മരണം

INDIA

കരിപ്പൂരില്‍ പ്രവാസികളുമായി പറന്നിറങ്ങവേ വിമാനം വീണുപിളര്‍ന്നു: 18 മരണം

Published

on

പ്രവാസികളുമായി ദുബായില്‍നിന്നു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങവേ രണ്ടായി പിളര്‍ന്ന് പൈലറ്റും സഹപൈലറ്റും അടക്കം 18 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരുക്ക്. കുന്നിന്‍മുകളിലുള്ള ടേബിള്‍ ടോപ് റണ്‍വേയില്‍ മോശം കാലാവസ്ഥയ്ക്കിടെയുള്ള ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്നു തെന്നി മാറി 35 അടി താഴ്ചയിലേക്കു വീണാണു വന്‍ദുരന്തം.
കോവിഡിനെത്തുടര്‍ന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള ഐ.എക്സ്.ബി 1344 വിമാനസര്‍വീസ് ആണ് ദുരന്തത്തില്‍പ്പെട്ടത്. 177 യാത്രക്കാര്‍ ഉള്‍പ്പെടെ 190 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 42 പേര്‍ കുട്ടികളാണ്. യാത്രക്കാരില്‍ നാലുതമിഴ്നാട് സ്വദേശിയും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്.
പൈലറ്റ് ക്യാപ്റ്റന്‍ ദീപക്ക് വസന്ത് സാത്തെ, സഹപൈലറ്റ് കണ്ണൂര്‍ സ്വദേശി ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി രാജീവന്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിലും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാക്കി.
ലാന്‍ഡിങ് പിഴച്ച വിമാനം രണ്ടായി പിളര്‍ന്നു. മുന്‍വാതില്‍ മുതല്‍ ചിറകുവരെയുള്ള ഭാഗം പിളര്‍ന്നുമാറി. കനത്ത മഴയില്‍, വെള്ളിയാഴ്ച രാത്രി 7.38ന് ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനം കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കു പതിക്കുകയായിരുന്നു. റണ്‍വേയും കഴിഞ്ഞാണ് വിമാനം നിലം തൊട്ടതെന്നു കരുതുന്നു. റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആംബുലന്‍സുകളും അഗ്നിരക്ഷാസേനാ വാഹനങ്ങളും സ്ഥലത്തെത്തിച്ചയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. തീപിടിക്കാഞ്ഞത് കൂടുതല്‍ ദുരന്തം ഒഴിവാക്കി എന്നു കരുതുന്നു. മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിമാനം താഴേക്കുവീണ ശബ്ദംകേട്ട കേട്ട നാട്ടുകാരാണ് പോലീസിനെയും മറ്റും അറിയിച്ചത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News