Connect with us
Malayali Express

Malayali Express

കരിപ്പൂരില്‍ വിമാന അപകടം: പൈലറ്റ് ഉള്‍പ്പെടെ 14 മരണം പലരുടേയും നില അതീവ ഗുരുതരം

INDIA

കരിപ്പൂരില്‍ വിമാന അപകടം: പൈലറ്റ് ഉള്‍പ്പെടെ 14 മരണം പലരുടേയും നില അതീവ ഗുരുതരം

Published

on

കരിപ്പൂരില്‍ ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴ കാരണം റണ്‍വേയില്‍ നിന്ന് തെന്നി മാറി രണ്ടായി പിളര്‍ന്നു. വിമാനത്തിന്റെ ക്യാപ്റ്റന്‍ ദീപക് സാഠേ ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍ മരിച്ചു. പലരുടേയും നില അതീവ ഗുരുതരം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ച രണ്ടു പേര്‍ മരിച്ചു. 2 മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ഉണ്ട്. 15 വയസില്‍ താഴെയുള്ള 10 കുട്ടികള്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍: 0483 2719493

ദുബായ് കരിപ്പൂര്‍ 1344 നമ്പര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. 191 യാത്രക്കാരില്‍ 171 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാലു ജീവനക്കാര്‍, രണ്ടു പൈലറ്റുകള്‍ എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല എന്നു കരുതുന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍.ഡി.ആര്‍.എഫിനെ അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആംബുലന്‍സുകളും അഗ്‌നിരക്ഷാസേനാ വാഹനങ്ങളും എത്തുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.

കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അദ്ദേഹം തൃശൂരില്‍ നിന്ന് പുറപ്പെട്ടു.
ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

Continue Reading

Latest News