Connect with us
Malayali Express

Malayali Express

വിപത്തുകൾക്കുമുന്നിൽ ക്ഷമ പാലിക്കുന്നവരാണ്​ ദൈവഭക്തർ –അറഫ പ്രഭാഷണത്തിൽ ശൈഖ്​ അബ്​ദുല്ല

GULF

വിപത്തുകൾക്കുമുന്നിൽ ക്ഷമ പാലിക്കുന്നവരാണ്​ ദൈവഭക്തർ –അറഫ പ്രഭാഷണത്തിൽ ശൈഖ്​ അബ്​ദുല്ല

Published

on

ജിദ്ദ: ഐഹിക ജീവിതം വിപത്തുകളിൽനിന്ന്​ മുക്തമല്ലെന്നും അപ്പോഴെല്ലാം ക്ഷമ അവലംബിക്കുകയാണ്​ ദൈവഭക്തരുടെ സ്വഭാവമെന്നും അറഫ പ്രസംഗത്തിൽ ശൈഖ്​ അബ്​ദുല്ല ബിൻ സുലൈമാൻ അൽമനീഅ് പറഞ്ഞു. ക്ഷമ വിശ്വാസികൾക്കുണ്ടാവേണ്ട വിശിഷ്​ട ഗുണമാണ്​. ദൈവിക തീരുമാനങ്ങൾ നടപ്പാകുക തന്നെ ചെയ്യും. അതു തടുക്കാൻ ആർക്കും സാധ്യമല്ല. ദൈവം മനുഷ്യന്​ നൽകിയ അനുഗ്രഹങ്ങളും സമൃദ്ധമായ നന്മകളും ഒാർമിക്കാനും വിപത്തുകൾ കാരണമാകും. ദൈവത്തി​​െൻറ കഴിവ് തിരിച്ചറിയാനും സഹായിക്കും. ദൈവിക സഹായത്തിലേക്കും പ്രത്യാശയിലേക്കും ആവശ്യമുള്ളവനാണെന്ന ബോധമുണ്ടാക്കും. പരലോകത്തെ ഒാർപ്പെടുത്തുമെന്നും വിപത്തുകളും ദുഖങ്ങളുമില്ലാ​ത്ത സ്വർഗത്തിനായി തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രയാസങ്ങൾ എത്ര വലുതാണെങ്കിലും അവ എന്നും നിലനിൽക്കില്ല. ദൈവത്തി​​െൻറ കാരുണ്യം സൃഷ്​ടികളിലേക്ക്​ കൂടുതൽ അടുത്തതും വിശാലവുമാണ്​. വിപത്തുകൾ ക്ഷമാപൂർവം നേരിടുകയും അതി​​െൻറ ​കാരണങ്ങളെ പ്രതിരോധിക്കുകയുമാണെങ്കിൽ ദൈവത്തോടുള്ള അനുസരണയിലേക്ക്​ മനുഷ്യനെ അത്​ അടുപ്പിക്കും. സൃഷ്​ടികൾക്ക്​ മികച്ച ജീവിതം നേടാൻ വിപത്തുകളെയും സാമ്പത്തിക പ്രശ്​നങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന്​ ദൈവിക നിർദേശങ്ങളിലുണ്ട്​.

സാമൂഹികവും മാനസികവുമായ പ്രശ്​നങ്ങളിൽ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്​ഥകൾ നിശ്ചയിച്ചിട്ടുണ്ട്​. രാഷ്​ട്രീയ സുരക്ഷാ വിഷയങ്ങളിൽ പാലിക്കേണ്ട നടപടിക്രമങ്ങളും ശരീഅത്തിലുണ്ടെന്ന്​ ശൈഖ്​ അബ്​ദുല്ല അൽമനീഅ്​ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദേശങ്ങളും ശരീഅത്തിലുണ്ട്​. എല്ലാഴ്​പ്പോഴും ശുചിത്വം പാലിക്കാനാണ്​ അത്​ ആവശ്യപ്പെടുന്നത്​. പരിസ്​ഥിതിയുടെ ശുദ്ധപ്രകൃതം കാത്തുസൂക്ഷിക്കാനും നല്ലത്​ ഭക്ഷിക്കാനും അനുശാസിക്കുന്നു​. ദോഷമുണ്ടാക്കുന്ന എന്തും നിരോധിച്ചിട്ടുണ്ട്​.

പകർച്ചവ്യാധികളിൽനിന്ന്​ മനുഷ്യസമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും വരച്ചുകാട്ടിയിട്ടുണ്ട്​. പകർച്ച വ്യാധികളുളള സ്ഥലങ്ങളിൽനിന്ന്​ അകന്നുനിൽക്കാനും അവിടേക്ക്​ യാത്ര ചെയ്യാതിരിക്കാനും പ്രവാചകനിർദേശമുണ്ട്​. രോഗപ്പകർച്ച തടയുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ഇത്തവണ രാജ്യത്തിനകത്തെ വിവിധ രാജ്യക്കാരായ പരിമിത ആളുകളെ മാത്രം പ​െങ്കടുപ്പിച്ച്​, സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യമുൻകരുതൽ പൂർണമായും പാലിച്ച്​ നടത്താൻ സൗദി ഭരണകൂടം തീരുമാനമെടുത്തത്​ രോഗവ്യാപനത്തിന്​ ഒട്ടും ഇട നൽകാതെ ഹജ്ജ്​ നടത്തുക എന്ന നല്ല ഉദ്ദേശ്യത്തോടെയാണ്​.

പ്രയാസങ്ങളും പ്രതിസന്ധികളും നീങ്ങാൻ ആത്മാർഥതയോടും നിഷ്​ കളങ്കതയോടും ദൈവത്തോട്​ പ്രാർഥിക്കണമെന്നും വിശ്വാസികളെ അദ്ദേഹം ഉദ്​ബോധിപ്പിച്ചു. പകർച്ചവ്യാധിയിൽനിന്ന്​ എത്രയുംവേഗം മോചനമുണ്ടാകാനും രോഗബാധിതർ വേഗം സുഖം പ്രാപിക്ക​ാനും രോഗത്തിന്​ മരുന്നും വാക്​സിനുകളും കണ്ടെത്താൻ ചികിത്സ, ഗവേഷണ രംഗത്തുള്ളവർ നടത്തുന്ന ശ്രമങ്ങൾ വിജയിക്കാനും​ പ്രാർഥിച്ചുകൊണ്ടാണ്​ അദ്ദേഹം​​​ ​​പ്രസംഗം അവസാനിപ്പിച്ചത്​.

Continue Reading

Latest News