Connect with us
Malayali Express

Malayali Express

ജർമനിയുടെ അടുത്ത ചാൻസലർ: മെര്‍ക്കലിന്റെ പിന്തുണ സോഡര്‍ക്ക് ?

EUROPE

ജർമനിയുടെ അടുത്ത ചാൻസലർ: മെര്‍ക്കലിന്റെ പിന്തുണ സോഡര്‍ക്ക് ?

Published

on


ജോസ് കുമ്പിളുവേലിൽ

ബര്‍ലിന്‍ ∙ ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ അംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയായി ആര് വരും എന്ന ചോദ്യത്തിന് ഇപ്പോഴും ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനോ ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനോ ഔദ്യോഗികമായി ഉത്തരം നല്‍കിയിട്ടില്ല. എന്നാല്‍, സൂചനകള്‍ ഇപ്പോള്‍ ശക്തമായി നീളുന്നത് ബവേറിയന്‍ മുഖ്യമന്ത്രി മാർക്കൂസ് സോഡറുടെ പേരിലേക്കാണ്.

സമീപകാലത്തു നടന്ന സര്‍വേകളിലെല്ലാം സിഡിയു-സിഎസ്‌യു പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജര്‍മന്‍ ജനതയുടെയും ഭൂരിപക്ഷ പിന്തുണ സോഡര്‍ക്കാണ്. കൊറോണ പ്രതിസന്ധി നേരിടുന്നതില്‍ അദ്ദേഹം നല്‍കിയ ഫലപ്രദമായ നേതൃത്വമാണ് ജനപ്രീതി കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്.
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സോഡര്‍ ഇതുവരെ പരസ്യമായി താത്പര്യമൊന്നും അറിയിച്ചിട്ടില്ല. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും അംഗല മെര്‍ക്കലിന്റെ താത്പര്യത്തിന് ഇക്കാര്യത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ട്. അവരുടെ താത്പര്യവും ഇപ്പോള്‍ സോഡര്‍ക്ക് അനുകൂലമെന്നാണ് സൂചന.

സിഡിയുവിന്റെ സഹോദര സംഘടന മാത്രമായ സിഎസ്‌യുവിന്റെ പ്രതിനിധിയാണ് സോഡര്‍. എന്നാൽ, ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകാന്‍ ഇതൊരു തടസമാകില്ലെന്ന പരോക്ഷ സൂചനകളാണ് മെര്‍ക്കല്‍ നല്‍കിയിട്ടുള്ളത്. ബവേറിയന്‍ സന്ദര്‍ശനത്തില്‍ സോഡറോട് അവര്‍ പ്രകടിപ്പിച്ച പ്രത്യേക വാത്സല്യം രാഷ്ട്രീയ നിരീക്ഷകര്‍ എടുത്തു കാട്ടുന്നു.
ഇപ്പോഴത്തെ പ്രതിരോധ മന്ത്രി അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബൗവറെയാണ് മെര്‍ക്കല്‍ ആദ്യം തന്റെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അന്നഗ്രെറ്റിനെ കൊണ്ടുവരുന്നതും അതേ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, ഇരുവരും തമ്മില്‍ പിന്നീട് അകലുകയും ഉത്തരവാദിത്വഭാരം ചൂണ്ടിക്കാട്ടി അന്നഗ്രെറ്റ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം തന്നെ രാജിവയ്ക്കുകയും ചെയ്തിരുന്നു.

Continue Reading

Latest News