Connect with us
Malayali Express

Malayali Express

വലയിൽ കുടുങ്ങിയ കൂറ്റൻ തിമിംഗലത്തിനെ സാഹസികമായി രക്ഷപ്പെടുത്തി

EUROPE

വലയിൽ കുടുങ്ങിയ കൂറ്റൻ തിമിംഗലത്തിനെ സാഹസികമായി രക്ഷപ്പെടുത്തി

Published

on


വിപിൻ ജോസ് അർത്തുങ്കൽ

റോം : മത്സ്യബന്ധന വലയിൽ കുടുങ്ങിയ കൂറ്റൻ തിമിംഗലത്തിനെ കോസ്റ്റുഗാർഡും മുങ്ങൽവിദഗ്ധരും ചേർന്നു രക്ഷപ്പെടുത്തി. സിസിലിയുടെ വടക്കൻ തീരത്തുള്ള അയോലിയൻ ദ്വീപസമൂഹങ്ങൾക്കിടയിലെ സലിന തീരത്തോടു ചേർന്നാണ് സംഭവം. സിസിലി ദ്വീപിനു ചുറ്റുമുള്ള സമുദ്രത്തിലെ ഡോൾഫിൻ, സ്രാവ് എന്നിവയുൾപ്പെടെയുള്ള രോമരഹിത ശരീരമുള്ള സസ്തിനികളെയും ആമകളെയും കുറിച്ച് പഠനം നടത്തുന്ന ബയോളജിസ്റ്റായ മോനിക്ക ബ്ലാസിയാണ് കോസ്റ്റുഗാർഡിന് സംഭവത്തെക്കുറിച്ച് വിവരം നൽകിയത്.

കടലാമകൾ കൂടുണ്ടാക്കുന്ന സ്ഥലങ്ങളിൽ പരിശോധനകൾ നടത്തുന്നതിനായി മോനിക്കയും സഹപ്രവർത്തകരും സമുദ്രയാത്രകൾ പതിവാക്കിയിരുന്നു. അത്തരമൊരു യാത്രയിൽ സലിനയിൽനിന്ന് ആറുമൈൽ വടക്കു കിഴക്കായി സമുദ്രോപരിതലത്തിൽ 10 മീറ്ററോളം നീളമുള്ള തിമിംഗലത്തെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇവർ അറിയിച്ചതനുസരിച്ച് രക്ഷാപ്രവർത്തനത്തിനായി കോസ്റ്റുഗാർഡ് ഇവിടേയ്ക്ക് ഒരു ബോട്ട് അയക്കുകയും പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സഹായം അഭ്യർഥിക്കുകയും ചെയ്തു. ദീർഘനേരത്തെ ശ്രമഫലമായി മുങ്ങൽവിദഗ്ധർ വല മുറിച്ചുമാറ്റി തിമിംഗലത്തെ രക്ഷപ്പെടുത്തി. ട്യൂണ, കൊമ്പൻസ്രാവ് തുടങ്ങിയ വലിയ മത്സ്യങ്ങളെ പിടിക്കാൻ അനധികൃതമായി സ്ഥാപിച്ച വലയിലാണ് തിമിംഗലം കുടുങ്ങിയത്. നിയമവിരുദ്ധമായി വല സ്ഥാപിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

Latest News