Connect with us
Malayali Express

Malayali Express

പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി വരവേറ്റ് നാട്ടുകാര്‍; നന്ദി പറഞ്ഞ് മുഖ്യമന്ത്രി, അഭിമാനമെന്ന് ആരോഗ്യമന്ത്രി

KERALA

പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി വരവേറ്റ് നാട്ടുകാര്‍; നന്ദി പറഞ്ഞ് മുഖ്യമന്ത്രി, അഭിമാനമെന്ന് ആരോഗ്യമന്ത്രി

Published

on

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത പൂന്തുറയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികള്‍ വരവേറ്റത്.

പൂന്തുറ നിവാസികള്‍ പൂക്കള്‍ വിതറി ആരോഗ്യ പ്രവര്‍ത്തകരെ വരവേല്‍ക്കുന്ന കാഴ്ചയായിരുന്നു കണ്ടപ്പോള്‍ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സൂപ്പര്‍ സ്‌പ്രെഡിനെത്തുടര്‍ന്ന് കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തന്‍തോപ്പ് വാര്‍ഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയില്‍ സഹകരിച്ചു വന്നവരായിരുന്നു.

ചില ദുഷ്ടശക്തികള്‍ തെറ്റിദ്ധാരണ പരത്തി ആ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാന്‍ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂര്‍ണ മനസോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനുമൊപ്പം നില്‍ക്കുകയാണ് ജനങ്ങള്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാര്‍ദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം.

ആ പോരാട്ടത്തില്‍ നിങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരുണ്ടെന്നും അദ്ദേഹം കുറിച്ചു. പൂന്തുറ നിവാസികള്‍ പൂക്കള്‍ വിതറി ആരോഗ്യ പ്രവര്‍ത്തകരെ വരവേല്‍ക്കുന്ന ദൃശ്യം കാണുമ്പോള്‍ ഏറെ ആശ്വാസം തോന്നുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രളയത്തിന്റെ നാളുകളില്‍ നാടിനെ രക്ഷിക്കാന്‍ ഈ പ്രദേശത്തെ നിരവധി പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നമ്മുടെയെല്ലാം മനസിലുണ്ട്.

തുടര്‍ന്നുള്ള നാളുകളിലും ആ ഒത്തൊരുമയോടെ കൊവിഡ് ബാധയില്‍ നിന്ന് നമ്മുടെ നാടിനെ തിരിച്ചു കൊണ്ടുവരാം. കൊവിഡ് അതിജീവന പ്രക്രിയയില്‍ കാസര്‍ഗോഡ് മാതൃക ഇന്ന് ആത്മാഭിമാനത്തോടെ പറയുംപോലെ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിട്ടും വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞ ഒരു പൂന്തുറ മാതൃക ഉണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയണമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

നേരത്തെ, കൊവിഡ് വ്യാപനം ശക്തമായ പൂന്തുറയില്‍ ജോലിക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. കൊവിഡിനെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറയ്ക്ക് ആകെ ചീത്തപ്പേരാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ വൈദികരടക്കം മുന്‍കൈയ്യെടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വീകരണമൊരുക്കിയത്.

Continue Reading

Latest News