Connect with us
Malayali Express

Malayali Express

കാണ്‍പൂരില്‍ നടന്നത് ഗറില്ലാ മോഡല്‍ കൂട്ടക്കൊല; പോലീസുകാരുടെ തലയറുത്ത് മാറ്റി, വിരലുകള്‍ മുറിച്ചുമാറ്റി, അവയവങ്ങള്‍ ചിന്നിച്ചിതറി

INDIA

കാണ്‍പൂരില്‍ നടന്നത് ഗറില്ലാ മോഡല്‍ കൂട്ടക്കൊല; പോലീസുകാരുടെ തലയറുത്ത് മാറ്റി, വിരലുകള്‍ മുറിച്ചുമാറ്റി, അവയവങ്ങള്‍ ചിന്നിച്ചിതറി

Published

on

കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകം ഗറില്ല മോഡല്‍ ആക്രമണമെന്ന് പോലീസ്. കൊല്ലപ്പെട്ട എട്ട് പോലീസുകാരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ആക്രമണത്തിന്റെ ക്രൂര സ്വഭാവം വ്യക്തമായത്. മാവോയിസ്റ്റുകള്‍ നടത്തുന്ന ഗറില്ലാ മോഡല്‍ ആക്രമണ മുറയാണ് ദുബെയുടെ സംഘം സ്വീകരിച്ചത്.

പോലീസ് സംഘം വരുന്നതറിഞ്ഞ് വീടിന്റെ ടെറസില്‍ തോക്കേന്തിയ സംഘാംഗങ്ങളെ ദുബെ വിന്യസിച്ചിരുന്നു. ഇതിന് മുമ്പ് ജെ.സി.ബി റോഡിന് കുറുകെയിട്ട് മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. ഇത് കണ്ട പോലീസുകാര്‍ പുറത്തിറങ്ങിയ ഉടന്‍ ടെറസില്‍ നിന്ന് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ പറഞ്ഞു.

ദുബെ സംഘം നടത്തിയ മാവോയിസ്റ്റ് മോഡല്‍ ആക്രമണത്തില്‍ 60 സംഘാംങ്ങള്‍ ഉണ്ടായിരുന്നു. പോലീസുകാര്‍ മുപ്പത് പേര്‍ മാത്രം. പോലീസുകാരുടെ കൈവശം ഉണ്ടായിരുന്ന എ.കെ 47 തോക്കടക്കം പിടിച്ചുവാങ്ങി അക്രമികള്‍ തിരികെ വെടിയുതിര്‍ത്തു. ഒരു പോലീസുകാരന് പോയിന്റ് ബ്ലാങ്കില്‍ നിന്നുമാണ് വെടിയേറ്റത്.

എസ്.ഐ അനുപ് സിംഗ്, ശിവരാജ്പൂര്‍ എസ്.എച്ച.ഒ മഹേഷ് യാദവ് എന്നിവരുടെ മുഖത്തും നെഞ്ചിലും വെടിയേറ്റു. എ.കെ 47 തോക്കില്‍ നിന്ന് തുടര്‍ച്ചയായി വെടിയേറ്റ ജിതേന്ദ്ര പാലിന്റെ പല ശരീരഭാഗങ്ങളും അറ്റുപോയ നിലയിലായിരുന്നു. മറ്റ് മൂന്ന് കോണ്‍സ്റ്റബിള്‍മാരുടെ ശരീരത്തില്‍ നിന്ന് .315 ബോര്‍ റൈഫിളില്‍ നിന്നുള്ള വെടിയുണ്ടകള്‍ കണ്ടെത്തി. ഡി.എസ്.പി ദേവേന്ദ്രയുടെ മൃതദേഹം തലയറുത്തും കാല്‍വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്ത നിലയിലായിരുന്നു. ശരീരമാസകലം വെട്ടിപ്പരുക്കേല്‍പ്പിച്ചിട്ടുണ്ട്. കോടാലി ഉപയോഗിച്ചാണ് അക്രമികള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് കണ്ടെത്തല്‍.

അതേസമയം കൊലപാതകം നടന്ന് 55 മണിക്കൂര്‍ പിന്നിടുമ്പോഴും വികാസിനെ പിടികൂടാനായിട്ടില്ല. പോലീസിന്റെ 60 സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തുന്നുണ്ടെന്ന് പോലീസില്‍ നിന്ന് തന്നെ വികാസിന് വിവരം ലഭിച്ചിരുന്നു. എസ്.എച്ച്.ഒ ആയ വിനയ് തിവാരിയാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയത്. ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച പോലീസ് വികാസ് ദുബെയുടെ വീട് ഇടിച്ചുനിരത്തുകയും വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്.യു.വി അടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

Latest News