Connect with us
Malayali Express

Malayali Express

ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ പ്രേക്ഷകരുടെ മനം കവർന്നു; യുക്മ ലൈവ് ഷോയുടെ തുടക്കം ഗംഭീരം

EUROPE

ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ പ്രേക്ഷകരുടെ മനം കവർന്നു; യുക്മ ലൈവ് ഷോയുടെ തുടക്കം ഗംഭീരം

Published

on


സജീഷ് ടോം

ലണ്ടൻ∙ കോവിഡ് പടമുഖത്ത് സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി ജോലി ചെയ്യുന്ന യുകെയിലെ എൻഎച്ച്എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ലൈവ് ടാലന്റ് ഷോ ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദറിനു ഗംഭീര തുടക്കം. ഇന്നലെ, മേയ് 28 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അരങ്ങേറിയ ആദ്യലൈവ് ഷോ ലോകമെങ്ങുമുള്ള ആയിരക്കണക്കിനു പ്രേക്ഷകരാണ് ആസ്വദിച്ചത്.

യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് ലൈവ് ഷോ സംപ്രേക്ഷണം നടക്കുന്നത്. ഡ്രമ്മിൽ വിരിയുന്ന കരവിരുതുമായി ജോർജ് ഡിക്‌സും കീ ബോർഡിൽ പ്രതിഭ തെളിയിച്ചുകൊണ്ട് ആഷിൻ ടോംസും നിറഞ്ഞാടിയപ്പോൾ 20 മിനിറ്റ് എന്ന നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി, പ്രേക്ഷകരുടെ സ്നേഹപൂർവ്വകമായ കമന്റുകളിലൂടെയുള്ള പ്രോത്സാഹനങ്ങൾ കൊണ്ട് ഒരുമണിക്കൂർ നീണ്ടു.
പത്താംക്ലാസ് വിദ്യാർഥികളാണ് സുഹൃത്തുക്കളായ ജോർജ്ജും ആഷിനും. നേരത്തെ, പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് യുക്മ കലാഭൂഷണം അവാർഡ് ജേതാവ് ദീപ നായർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലൈവ് ഷോ വീക്ഷിച്ചുകൊണ്ടിരുന്ന എല്ലാ കലാസ്നേഹികൾക്കും സ്വാഗതം ആശംസിച്ചു. ഡെനാ ഡിക്സിന്റെ പ്രാർത്ഥനാ ഗാനത്തോടെ ഷോ ആരംഭിച്ചു. മലയാളിയുടെ മനസ്സിൽ തങ്ങിനിൽക്കുന്ന മനോഹരങ്ങളായ നിരവധി നിത്യഹരിത ഗാനങ്ങൾ ഈണമായി പെയ്തിറങ്ങിയ നിമിഷങ്ങൾക്ക് ഷോ സാക്ഷ്യം വഹിച്ചു. അനശ്വര കലാകാരൻ കലാഭവൻ മണി ഉൾപ്പെടെയുള്ളവരുടെ നാടൻപാട്ടുകളും, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഗാനങ്ങളും മേളക്കൊഴുപ്പേകിയ ഷോ പ്രേക്ഷക മനസ്സുകളിൽ സംഗീതത്തിന്റെ മൈലാട്ടമായി.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് യുക്മ സാംസ്കാരി വേദി സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങൾക്ക് തുടർച്ചയായി, ഭാവിയിൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യുകെയുടെ റെക്സ് ജോസും ജെജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ്. ഓർഗനൈസിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ജോയ് ആഗസ്തി, ജനറൽ കൺവീനർമാരായ ജെയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പരിപാടി നടക്കുന്നത്. പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി.എ.ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Continue Reading

Latest News