Connect with us
Malayali Express

Malayali Express

കാത്തിരുന്നത് 60 ദിവസം; ഒടുവില്‍ വിരിഞ്ഞിറങ്ങിയത് 25 മലമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍, ഇരയെടുത്തത് പ്രസവശേഷം മാത്രം

KOUTHUKALOKAM

കാത്തിരുന്നത് 60 ദിവസം; ഒടുവില്‍ വിരിഞ്ഞിറങ്ങിയത് 25 മലമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍, ഇരയെടുത്തത് പ്രസവശേഷം മാത്രം

Published

on

മാര്‍ച്ച് 17 നു രാത്രി കരുവന്നൂരില്‍ നിന്നു വനംവകുപ്പ് ഇദ്യോഗസഥര്‍ പിടിച്ച മലമ്പാമ്പ് പിറ്റേന്നു 30 മുട്ടകളിട്ടു. കാട്ടില്‍ വിടാനായി എടുത്തപ്പോള്‍ മുട്ടയിട്ടു തുടങ്ങിയതു ശ്രദ്ധയില്‍ പെട്ടതോടെ പരിചരണം മൊബൈല്‍ സ്‌ക്വാഡ് ജീവനക്കാര്‍ ഏറ്റെടുത്തു. അങ്ങനെ 60 -ാം നാള്‍ കുഞ്ഞുങ്ങള്‍ പിറന്നു തുടങ്ങി.

ഒന്നും രണ്ടുമല്ല… ഇരുപത്തിയഞ്ചെണ്ണം. വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് ഓഫിസിലാണു ലോക്ഡൗണ്‍ കാലത്ത് ഈ അപൂര്‍വ സംഭവം നടന്നത്.

ഡിഎഫ്ഒ ടി.സി. ത്യാഗരാജ്, റേഞ്ച് ഓഫിസര്‍ ടി.എസ്. മാത്യു എന്നിവരുടെ അനുമതി ലഭിച്ചതോടെ പാമ്പിനെ ഓഫിസിനോടു ചേര്‍ന്നു സൂക്ഷിച്ചു. മുട്ടയ്ക്കു മുകളില്‍ ചുറ്റി വളഞ്ഞ് പാമ്പ് അടയിരുന്നു. ഒരു മുട്ട പുറത്തു പോയതിനെ പാമ്പ് തിരിഞ്ഞു നോക്കിയില്ല. 5 മുട്ടകള്‍ ഒഴികെയുള്ളവയെല്ലാം വിരിഞ്ഞു കഴിഞ്ഞു. ശേഷിച്ചവ ഇന്നോ നാളെയോ വിരിഞ്ഞേക്കും.

എന്തായാലും അടയിരുന്നു തുടങ്ങിയ ദിവസം തന്നെ ജീവനുള്ള ഒരു കോഴിയെ ഉദ്യോഗസ്ഥര്‍ പാമ്പിന് തീറ്റയായി കൂട്ടില്‍ ഇട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ചയോളം ഇരയെ തൊട്ടുപോലും നോക്കിയില്ല. വെള്ളം കുടിക്കാനും തയാറായില്ല. ഇതിനിടെ, കോഴിക്കു റാണിയെന്നും പാമ്പിന് അമ്മിണിയെന്നും വനംവകുപ്പ് ജവീനക്കാര്‍ പേരിട്ടു. പതിയെ പതിയെ കോഴി മലമ്പാമ്പുമായി കൂട്ടായെങ്കിലും രണ്ടാഴ്ച പിന്നിട്ടതോടെ കോഴിയെ ഭക്ഷണമാക്കി.

ഫോറസ്റ്റര്‍ പി. രവീന്ദ്രന്‍ റെസ്‌ക്യൂ വാച്ചര്‍ ഫിലിപ്പ് കൊറ്റനെല്ലൂര്‍, ഡ്രൈവര്‍ അജിത്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.വി. ജിനി, വി.പി. പ്രിജീഷ്, കെ.സി. ലിജേഷ്, കെ. പ്രദീപ്കുമാര്‍, പ്രശാന്ത്, ഗുരുവായൂരപ്പന്‍ എന്നിവര്‍ തീറ്റയും വെള്ളവും നല്‍കി പരിചരിച്ചു. നാല്‍പ്പത്തിയഞ്ചാം ദിവസമാണ് മുട്ടയ്ക്കു മുകളില്‍ നിന്നു പാമ്പ് മാറിക്കിടക്കുന്നതു കണ്ടത്. ആ ദിവസമാണു കോഴിയെ അകത്താക്കിയതും വെള്ളം കുടിച്ചു തുടങ്ങിയതും.

തുടര്‍ന്ന് വീണ്ടും അടയിരിക്കാന്‍ തുടങ്ങി. 4 ദിവസം മുമ്പ് ഇവയുടെ തോട് പൊട്ടി കുഞ്ഞുങ്ങളുടെ തല പുറത്തേക്കു വന്നു തുടങ്ങി. ശേഷിച്ച 5 മുട്ടകളും പാതി വിരിഞ്ഞ അവസ്ഥയിലാണ്. മുട്ടകള്‍ മുഴുവന്‍ വിരിഞ്ഞു കഴിഞ്ഞാല്‍ അമ്മപ്പാമ്പിനെയും മക്കളെയും കാട്ടിനകത്ത് വിട്ടയയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

Continue Reading

Latest News