Saturday, April 20, 2024
HomeIndiaതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചില്ല, പ്രചരണം പൊടിപാറുന്നു; മോദി ഇന്ന് ഗോവയിൽ, പ്രിയങ്ക യുപിയിൽ

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചില്ല, പ്രചരണം പൊടിപാറുന്നു; മോദി ഇന്ന് ഗോവയിൽ, പ്രിയങ്ക യുപിയിൽ

ദില്ലി: തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉത്തര്‍പ്രദേശും (Uttarpradesh Election) ഗോവയുമടക്കമുള്ള (Goa Election) സംസ്ഥാനങ്ങളിൽ പ്രചരണം പൊടിപാറുകയാണ്. ദേശീയ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ നിറ സാന്നിധ്യമായി മാറുകയാണ്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) നേരിട്ട് രംഗത്തെത്തുമ്പോൾ രാഹുൽ ഗാന്ധിയും (Rahul Gandhi) പ്രിയങ്ക ഗാന്ധിയുമാണ് കോൺഗ്രസിനായി കളത്തിലെത്തുന്നത്. പുതിയ പ്രതിപക്ഷ കൂട്ടായ്മ ലക്ഷ്യമിടുന്ന മമത ബാനർജിയും യുപി തിരിച്ചുപിടിക്കാൻ പരിശ്രമിക്കുന്ന അഖിലേഷ് യാദവും കളം നിറഞ്ഞുള്ള പ്രചരണത്തിന് നേതൃത്വം നൽകുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല്‍ നില്‍ക്കേ ഉത്തര്‍പ്രേദശിലെ പ്രചാരണത്തില്‍ ബിജെപിക്കായി കളം നിറഞ്ഞ് പോരാടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മുഖ്യമന്ത്രി സ്ഥാനത്ത്   ജനങ്ങള്‍ വീണ്ടും യോഗി ആദിത്യനാഥിനെ (Yogi Adityanath) ആഗ്രഹിക്കുകയാണെന്നാണ് മോദി യുപിയിലെ യോഗത്തിൽ പറഞ്ഞത്. യോഗി വികസനത്തില്‍ ഉത്തര്‍പ്രദേശിനെ ഒന്നാംസ്ഥാനത്തെത്തിക്കുമെന്നും മോദി പറഞ്ഞുവച്ചു. കൊവിഡ് പ്രതിസന്ധി, ലഖിംപൂര്‍ ഖേരി തുടങ്ങിയ  വിഷയങ്ങളിലെ ജനരോഷം ശമിപ്പിക്കാന്‍ വന്‍ കിട പദ്ധതികളുടെ പ്രഖ്യാപനം, ശിലാസ്ഥാപനം തുടങ്ങിയവയൊക്കെയായി ബിജെപിക്കായി ഉത്തര്‍പ്രദേശില്‍ നിറഞ്ഞു നില്‍ക്കുന്നത് മോദി തന്നെ.  36,230 കോടി രൂപയുടെ ഗംഗാ എക്സ്പ്രസ് വേക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി ഉത്തര്‍പ്രേദശിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആവര്‍ത്തിച്ചു. ക്രമസമാധാനം തകര്‍ന്നതില്‍  ജനങ്ങള്‍ പലായനം ചെയ്തിരുന്ന ഭൂതകാലം സംസ്ഥാനത്തിനുണ്ടായിരുന്നെന്ന് പറഞ്ഞ മോദി, വികസനത്തിന് യോഗി തുടരണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഗംഗയില്‍ മുങ്ങിയ പ്രധാനമന്ത്രി വിലക്കയറ്റത്തെ കുറിച്ചും തൊഴില്ലായ്മയെ കുറിച്ചും ഒരക്ഷരം മിണ്ടുന്നില്ലെന്നാണ് യുപിയിൽ രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായി അമേഠിയിലെത്തിയ രാഹുൽ ഗാന്ധി മോദിക്കും യോഗിക്കുമെതിരെ ആഞ്ഞടിച്ചു. രണ്ടര വർഷത്തിനിപ്പുറവും അമേഠിക്ക് ഒരു മാറ്റവുമില്ലെന്നാണ് രാഹുലിന്‍റെ പക്ഷം. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളില്‍ ആ‍ഞ്ഞടിച്ച രാഹുല്‍ വിലക്കയറ്റവും, തൊഴിലില്ലായ്മയും പരിഹരിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റായ്ബറേലിയില്‍ മഹിളാ ശക്തി സംവാദ് റാലിയില്‍ പ്രിയങ്ക ഗാന്ധി ഇന്ന് പങ്കെടുക്കും. ഉത്തര്‍പ്രദേശിലടക്കം സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍ റാലിയില്‍ പ്രിയങ്ക ഉന്നയിക്കും. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതില്‍ കേന്ദ്രം നീക്കം തുടങ്ങിയിരിക്കേ ഇക്കാര്യത്തിലുള്ള നിലപാടും പ്രിയങ്ക വ്യക്തമാക്കാനിടയുണ്ട്.

ഉത്തര്‍പ്രദേശില്‍ ബിജെപി പരാജയം മണത്തു കഴിഞ്ഞെന്നും അതാണ് മോദിയടക്കമുള്ളവ‍ർ സംസ്ഥാനത്ത് തമ്പടിച്ച് പ്രവർത്തിക്കുന്നതെന്നുമാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും (Akhilesh Yadav) ചൂണ്ടികാട്ടുന്നത്. പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ തുടര്‍ച്ചയായി ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡുകള്‍ക്കെതിരെയും അഖിലേഷ് കടുത്ത ഭാഷയിൽ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഗോവയിലും പ്രചാരണത്തിൽ സജീവമാകുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവ വിമോചന ദിന പരിപാടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് ഗോവയിലെത്തും. പോർച്ചുഗീസ് ഭരണം അവസാനിപ്പിക്കാൻ പോരാടിയ സൈനികരെ ആദരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒപ്പം ചില വികസന പദ്ധതികളുടെ ഉദ്ഘാടനവും മോദി നടത്തുന്നുണ്ട്. പുനരുധാരണം നടത്തിയ അഗൗദ ഫോർട്  ജയിലിലെ മ്യൂസിയം, ഗോവ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ദക്ഷിണ മുംബൈയിലെ ജില്ലാ ആശുപത്രി തുടങ്ങിവയുടെ ഉദ്ഘാടനമാണ് അതിൽ ചിലത്. മമത ബാനർജിയും പ്രിയങ്കാ ഗാന്ധിയും സംസ്ഥാനത്ത് പ്രചാരണ പരിപാടികൾ നടത്തി രണ്ടാഴ്ചയ്ക്കകമാണ് മോദിയും സംസ്ഥാനത്തെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular