Friday, March 29, 2024
HomeKeralaകൃത്യനിർവഹണത്തിനിടയിലെ ബാലുവിന്‍റെ വിയോഗം; അതീവ ദുഃഖകരം, കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കു ചേർന്ന് മുഖ്യമന്ത്രി

കൃത്യനിർവഹണത്തിനിടയിലെ ബാലുവിന്‍റെ വിയോഗം; അതീവ ദുഃഖകരം, കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കു ചേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വധക്കേസിലെ പ്രതിയെ പിടികൂടാൻ പോകുന്നതിനിടെ വള്ളം മുങ്ങി മരിച്ച പൊലീസുകാരന്‍ ബാലുവിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ എസ്.എ.പി ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ എസ്. ബാലുവിന്‍റെ വിയോഗം അതീവ ദു:ഖകരമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ബാലുവിന്‍റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ

കൃത്യനിർവഹണത്തിനിടയിൽ ജീവൻ നഷ്ടമായ എസ്.എ.പി ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ എസ്. ബാലുവിന്‍റെ വിയോഗം അതീവ ദു:ഖകരമാണ്. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. ബാലുവിന്‍റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

അതേസമയം വള്ളം മുങ്ങി മരിച്ച പൊലീസുകാരന്‍ ബാലുവിന്‍റെ സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും. ശേഷം മൃതദേഹം പതിനൊന്നു മണിക്ക് എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. പുന്നപ്രയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്ന് ഉച്ചയോടെയാണ് പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങി ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു.

വര്‍ക്കല പാണാംകടവില്‍ വള്ളം മറിഞ്ഞാണ് ആലപ്പുഴ സ്വദേശി ബാലു മരിച്ചത്. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ട് നാല് മാസം മാത്രം പിന്നിടുമ്പോഴാണ് ജോലിക്കിടയിൽ ദുരന്തമെത്തിയത്. പോത്തൻകോട് സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് അഞ്ച്തെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വര്‍ക്കല സിഐ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തേക്ക് പോയത്. സിഐയും ബാലുവും മറ്റ് രണ്ട് പൊലിസുകാരനും തുഴച്ചില്‍ കാരനുമായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പാണാകടവില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. വെള്ളത്തില്‍ വീണ ബാലുവിനെ രക്ഷിക്കാനായി കൂടുതല്‍ വള്ളങ്ങളെത്തിത്ത് തിരച്ചിൽ നടത്തി. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. അപകടസ്ഥലത്തിന് ഏറ്റവും അടുത്തുള്ള വര്‍ക്കല മിഷൻ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ മരണം സംഭവിച്ചു.

ഈ മാസം 15 നാണ് ബാലു ഉള്‍പ്പടെ 50 പൊലീസുകാര്‍ എസ്എപി ക്യാമ്പില്‍ നിന്ന് ശിവഗിരി ഡ്യൂട്ടിക്ക് പോയത്. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഇദ്ദേഹം സെപ്റ്റംബറിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി സുരേഷിന്‍റെയും അനിലാ ദാസിന്‍റെയും മകനാണ് ബാലു. സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ ബാലു അവിവാഹിതനാണ്. ഇരുപത്തിയേഴ് വയസായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്. ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു.  സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി അനുസ്മരിച്ചു. സംഭവത്തില്‍ അഞ്ച്തെങ്ങ് പൊലീസ് അസാധാരണ മരണത്തിന് കേസെടുത്തു. വർക്കല ഡിവൈഎസ്പി നിയാസിനാണ് അന്വേഷണ ചുമതല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular