Connect with us
Malayali Express

Malayali Express

കോവിഡ് നേരിടാൻ ടൈറ്റാനിക്കിലെ ബാൻഡുകാരെപ്പോലെ വിദേശങ്ങളിലെ മലയാളി നഴ്സുമാർ

EUROPE

കോവിഡ് നേരിടാൻ ടൈറ്റാനിക്കിലെ ബാൻഡുകാരെപ്പോലെ വിദേശങ്ങളിലെ മലയാളി നഴ്സുമാർ

Published

on


ടോമി വട്ടവനാൽ

ലണ്ടൻ∙ ലോകമെമ്പാടും മരണദൂതനായി പടരുന്ന കോവിഡ്-19 വൈറസിനെതിരെ മുന്നണിയിൽ നിന്നു യുദ്ധം ചെയ്യുന്നതു ലക്ഷക്കണക്കിനു ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘമാണ്. ഈ പോരാട്ടത്തിൽ ഏറ്റവും മുഖ്യമായ പങ്കുവഹിക്കുന്നവരാണ് വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു മലയാളി നഴ്സുമാർ. ഭൂമിയിലെ മാലാഖാമാർ എന്ന വിളിപ്പേര് അക്ഷരാർഥത്തിൽ ഇവർ അർഹിക്കുന്ന സാഹചര്യമാണ് ലോകമെമ്പാടും.

1912 ഏപ്രിൽ 15ന് അറ്റ്ലാന്റിക്കിന്റെ അഗാധങ്ങളിലേക്ക് ആണ്ടുപോയ ബ്രിട്ടീഷ് ആഡംബര കപ്പൽ ടൈറ്റാനിക്കിൽ ജോലി ചെയ്തിരുന്ന ബാൻഡ് സംഘത്തോടാണ് പലരും ഇപ്പോൾ ഈ നഴ്സുമാരെയും ഡോക്ടർമാരെയും ഉപമിക്കുന്നത്. ടൈറ്റാനിക്കിലെ ആയിരത്തഞ്ഞൂറോളം വിനോദ യാത്രികർ മരണത്തെ മുഖാമുഖം കണ്ട അവസാന നിമിഷങ്ങളിൽപോലും തങ്ങളുടെ ദൗത്യം മറക്കാതെ അവർക്കായി സ്വാന്തനത്തിന്റെയും പ്രത്യാശയുടെയും ഗീതങ്ങൾ മുഴക്കിയ ബാൻഡ് സംഘം ഇന്നും എല്ലാവരുടെയും മനസിൽ മറക്കാത്ത ഓർമ്മയാണ്. ബാൻഡ് മാസ്റ്റർ വാലസ് ഹാർട്ട്ലിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമായിരുന്നു അവസാനശ്വാസം വരെ തങ്ങളുടെ സഹയാത്രികർക്കായി സംഗീതത്തിലൂടെ സ്വാന്തനമേകിയത്. ഒടുവിൽ ആ സംഗീതസംഘവും ആഴിയിൽ അലിഞ്ഞുചേർന്നു.

കോവിഡ് മൂലം
ഓരോ നിമിഷവും നൂറുകണക്കിനാളുകൾ മരിച്ചവീഴുന്ന ഇറ്റലിയിലും ഇറാനിലും ബ്രിട്ടനിലുമെല്ലാം ഈ ബാൻഡു സംഘത്തെപ്പോലെ മനസാന്നിധ്യം കൈവിടാതെയും കർത്തവ്യ ബോധത്തോടെയുമാണ് ഇപ്പോൾ ആയിരക്കണക്കിന് മലയാളി നഴ്സുമാരുടെ പ്രവർത്തനം. നിരവധിപേർ കൺമുന്നിൽ മരിച്ചു വീഴുമ്പോഴും അവർ പതറുന്നില്ല. സ്വന്തം ജീവൻ പണയംവച്ചും അവർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി പൊരുതുന്നു.
ചൈന കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് ബാധിതരുള്ള യൂറോപ്പിലെ ഇറ്റലി, ബ്രിട്ടൻ, ജർമനി, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെല്ലാം ആയിരക്കണക്കിന് മലയാളി നഴ്സുമാരാണ് ജോലി ചെയ്യുന്നത്. ഇവരോടൊപ്പം ആശുപത്രികളിൽ നിരവധി ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മലയാളികളായുണ്ട്. ബ്രിട്ടനിൽ മാത്രം നാൽപതിനായിരത്തോളം മലയാളി നഴ്സുമാരാണ് വിവിധ എൻഎച്ച്എസ് ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും ജോലി ചെയ്യുന്നത്. ഇവരെല്ലാം അനുദിനം നേരിൽകാണുന്നത് നൂറുകണക്കിനാളുകളുടെ മരണമാണ്.
ഒളിച്ചോടാനാകാത്ത ഈ ദൗത്യത്തിൽ മുന്നിൽ നിന്ന് പോരാടുന്ന പലരും ആശങ്കയോടെ തന്നെയാണ് ദിവസവും ജോലിക്കായി പോകുന്നത്. ആസ്മ, ക്യാൻസർ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പലവിധ രോഗങ്ങൾ അലട്ടുന്നവരും ഗർഭിണികളും വരെ ഇക്കൂട്ടത്തിലുണ്ട്. പലരും ജോലികഴിഞ്ഞ് മടങ്ങിയെത്തുന്നത് കൊച്ചുകുട്ടികളുടെ അടുത്തേക്കും. വരുംദിവസങ്ങളിൽ ഇവരുടെ ജോലി കൂടുതൽ ദുഷ്കരമാകുമെന്ന സൂചനയാണ് എല്ലായിടങ്ങളിലും നിന്നും ലഭിക്കുന്നത്. അവധികൾ പോലും റദ്ദാക്കി എൻഎച്ച്എസ്. സ്റ്റാഫിനെ കർമനിരതരായി നിലനിർത്താനാണ് സർക്കാർ ആലോചിക്കുന്നത്. സ്കൂളുകൾ അടച്ചാലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മക്കളെ പകൽസമയം സ്കൂളിൽതന്നെ സംരക്ഷിക്കാൻ സർക്കാർ അവസരം ഒരുക്കുന്നു. അത്രയേറെ അമൂല്യമായിരിക്കുന്നു അവരുടെ കരങ്ങളും സേവനവും.
ഗ്ലൗസ്, മാസ്ക്, സ്ര്കബ്ബ്, സാനിറ്റൈസർ തുടങ്ങി രോഗീപരിചരണത്തിന് ആവശ്യമായ പേഴ്സണൽ പ്രോട്ടക്ടീവ് എക്യുപ്മെന്റ്സ് ഉപയോഗിച്ചാണ് ഇവരുടെ ജോലിയെങ്കിലും പലപ്പോഴും ജോലിയുടെ സമ്മർദവും ഇത്തരം വസ്തുക്കളുടെ ലഭ്യതക്കുറവ് പലേടത്തുമുണ്ട്. ഇത് വേണ്ടവിധത്തിലുള്ള സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് നഴ്സുമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ലണ്ടനിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും ആശുപത്രികളിലെ അത്യാഗിത വിഭാഗങ്ങളിൽ രാപകലില്ലാതെ ഒന്നിനു പിറകെ ഒന്നായി ഒഴുകിയെത്തുന്ന കോവിഡ് രോഗികളെ പരിചരിക്കുന്നവരിൽ നല്ലൊരു പങ്കും മലയാളി നഴ്സുമാരാണ്. രഹസ്യമായി ഇവർ നൽകുന്ന വിവരങ്ങൾ അതി ഭീതിതവും.

Continue Reading

Latest News