Connect with us
Malayali Express

Malayali Express

പ്രവാസിയില്‍നിന്ന് 50 ലക്ഷം തട്ടിയെന്ന കേസ്: പി.വി. അന്‍വര്‍ എം.എല്‍.എയെ രക്ഷിക്കാന്‍ ക്രൈം ബ്രാഞ്ച് വ്യാജരേഖ ചമച്ചെന്നു പരാതി

KERALA

പ്രവാസിയില്‍നിന്ന് 50 ലക്ഷം തട്ടിയെന്ന കേസ്: പി.വി. അന്‍വര്‍ എം.എല്‍.എയെ രക്ഷിക്കാന്‍ ക്രൈം ബ്രാഞ്ച് വ്യാജരേഖ ചമച്ചെന്നു പരാതി

Published

on

കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പ്രവാസിയില്‍നിന്ന് 50ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പി.വി. അന്‍വര്‍ എം.എല്‍.എയെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് വ്യാജരേഖയുണ്ടാക്കിയതായി പരാതി. കര്‍ണാടകയിലെ റവന്യൂ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തെറ്റായ വിവരങ്ങളും വ്യാജ രേഖകളുമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് തട്ടിപ്പിനിരയായ പ്രവാസി എന്‍ജിനിയര്‍ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

പി.വി. അന്‍വറിന് കര്‍ണാടകയില്‍ 12ഏക്കര്‍ പുറമ്പോക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജസ്റ്റിന്‍ എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, പുറമ്പോക്ക് ഭൂമി ഭൂമി അനുവദിച്ചില്ലെന്നാണ് കര്‍ണാകടയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇതിന്റെ രേഖകളും ലഭ്യമായിട്ടുണ്ട്. പോലീസിനു നല്‍കിയതിനു വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.-സലിം പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ചു ദക്ഷിണ കന്നഡ ജില്ലാ കലക്ടര്‍ക്കും ബല്‍ത്തങ്ങാടി താലൂക്ക് തഹസില്‍ദാര്‍ക്കും സലീം പരാതി നല്‍കിയിട്ടുണ്ട്.

മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്തു നടത്തിവന്ന കെ.ഇ. സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 10ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞ് അന്‍വര്‍, സലീമില്‍നിന്ന് 50 ലക്ഷം തട്ടിയെടുത്തതെന്നാണു കേസ്. ജാമ്യമില്ലാത്ത വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയത്. എന്നാല്‍ തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാന്‍ പോലീസ് ശ്രമം നടത്തിയെന്നും കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2018 നവംബര്‍ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരേ പി.വി അന്‍വര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവു വന്ന് 14മാസം കഴിഞ്ഞിട്ടും അന്‍വറിന്റെ മൊഴി രേഖപ്പെടുത്താനോ അറസ്റ്റ് ചെയ്ാനോ ക്രൈയം ബ്രാഞ്ച് തയാറായിട്ടില്ലെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. പി.വി അന്‍വര്‍ വിദേശത്തായതിനാല്‍ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണു ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം സാമ്പത്തിക തട്ടിപ്പു കേസ് സിവില്‍കേസാക്കി മാറ്റാനുള്ള നീക്കമാണ് വ്യാജരഖ ചമച്ച് അന്വേഷണസംഘം നടത്തുന്നത്. മറ്റൊരാള്‍ പാട്ടഭൂമിയില്‍ നടത്തിവന്ന ക്രഷറും അതിനോടുചേര്‍ന്നുള്ള 26 ഏക്കറും തന്റേതാണെന്നു പറഞ്ഞ് അന്‍വര്‍ 50 ലക്ഷം രൂപ വാങ്ങിയെന്നാണു പ്രവാസിയുടെ പരാതി. ഇതിനായി തയാറാക്കിയ കരാര്‍ രേഖകളില്‍ സ്ഥാപനത്തിന്റെ പേര് കെ.ഇ. സ്റ്റോണ്‍സ് ക്രഷര്‍ എന്ന് മാറ്റിയിടുകയും ചെയ്തു. സ്ഥാപനത്തിന്റെ ലൈസന്‍സ് 2014ല്‍ അന്‍വറിന്റെ പേരിലേക്ക് മാറ്റിയിരുന്നെങ്കിലും ഭൂമിയുടെ പാട്ടം കുറ്റാരോപിതന്റെ പേരില്‍ ഉണ്ടായിരുന്നില്ല. പുതിയ ഒരു ക്രഷര്‍ ലൈസന്‍സ് 2018ല്‍ മറ്റൊരു സര്‍വേ നമ്പറില്‍ പാട്ടത്തിനെടുത്തു. കേസുമായി ബന്ധപ്പെട്ട ക്രഷര്‍ ഈ ഭൂമിയിലാണെന്നു തെറ്റായി അവകാശപ്പെട്ടാണ് ക്രൈം ബ്രാഞ്ച് അന്‍വറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം.

Continue Reading

Latest News