Connect with us
Malayali Express

Malayali Express

കാറില്‍ കടത്തിയ നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

KERALA

കാറില്‍ കടത്തിയ നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Published

on

തമിഴ്നാട്ടില്‍ നിന്നും കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ നാലുകിലോ ഉണക്ക കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ അറക്കപ്പടി വില്ലേജില്‍ വെങ്ങോല ശിഹാബ് (31), സലാഹുദ്ധീന്‍ (24) എന്നിവരാണ് പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പഴനിയില്‍നിന്നു പെരുമ്പാവൂരിലേക്കാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, പാലക്കാട് ഐ.ബിയും ഗോവിന്ദാപുരം ചെക്ക്പോസ്റ്റും സംയുക്തമായി അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്നു ദിവസം മുന്‍പ് ഇവര്‍ കഞ്ചാവ് എടുക്കാന്‍ അതിര്‍ത്തി കടന്നതായി പാലക്കാട് ഐ.ബി.ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടു ദിവസം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിന്റെ ഫലമായാണ് ഇന്നലെ ഉച്ചയോടെ ഇവര്‍ വലയിലായത്.
കാറിന്റെ ഒരു ഭാഗത്തു ഷീറ്റ് കൊണ്ട് രഹസ്യ അറയുണ്ടാക്കി ഇവര്‍ സ്ഥിരമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് കഞ്ചാവ് കടത്തിയിരുന്നു. ഇതിന് മുന്‍പ് രണ്ടു തവണ ഇവര്‍ കഞ്ചാവുമായി ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്നും നിരവധി പോലീസ് കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. പഴനിയില്‍ അക്ക എന്ന സ്ത്രീയില്‍ നിന്നും കിലോക്ക് 40,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.

വാളയാര്‍ വഴി പരിശോധന ശക്തമാക്കിയതോടെ കഞ്ചാവു കടത്ത് ഗോവിന്ദാപുരം ഭാഗം കേന്ദ്രീകരിച്ചായെന്ന് ഐ.ബിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യ വിവരം ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് കാറും കഞ്ചാവും പിടികൂടാനായത്. ഒരാഴ്ചക്കുള്ളില്‍ അതിര്‍ത്തി പ്രദേശത്തു പാലക്കാട് ഐ.ബി. പിടിക്കുന്ന രണ്ടാമത്തെ കഞ്ചാവ് കേസാണിത്. നാല് ദിവസം മുന്‍പ് ബുള്ളറ്റില്‍ രണ്ടുകിലോ കഞ്ചാവുമായി എത്തിയയാളെ മീനാക്ഷിപുരം ഭാഗത്തു നിന്നും പിടികൂടിയിരുന്നു.

എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി. അനൂപ്, പ്രസന്നന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സി. സെന്തില്‍ കുമാര്‍, എം. യൂനസ്, ആര്‍. റിനോഷ്, സജിത്ത്, എം.എസ്. മിനു, രാമചന്ദ്രന്‍, സി.ഇ.ഒ.മാരായ രാജേഷ്, മൂസാപ്പ, രമേശ്, ഡ്രൈവര്‍ സത്താര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Continue Reading

Latest News