Connect with us
Malayali Express

Malayali Express

നാടിന്റെ നെഞ്ചുലഞ്ഞു, അവര്‍ എട്ടു പേര്‍ കണ്ണീരോര്‍മ്മയായി

KERALA

നാടിന്റെ നെഞ്ചുലഞ്ഞു, അവര്‍ എട്ടു പേര്‍ കണ്ണീരോര്‍മ്മയായി

Published

on

രണ്ട് കുരുന്നുകള്‍ ഉറ്റവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്ന കാഴ്ചയില്‍ നാടിന്റെ നെഞ്ചുലഞ്ഞ പകല്‍ അസ്തമിച്ചപ്പോള്‍ അവര്‍ എട്ടു പേര്‍ കണ്ണീരോര്‍മ്മയായി. നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി പ്രവീണിനും കുടുംബത്തിനും, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിനും ഭാര്യയ്ക്കും മകനും നാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി.മൂന്ന് കുരുന്നുകള്‍ക്കും അന്ത്യനിദ്ര ഒരേകുഴിയില്‍, ഇടവും വലവും കൂട്ടായി അച്ഛനും അമ്മയും

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പ്രവീണിനെയും ശരണ്യയെയും അഗ്‌നി ജ്വാലകള്‍ ഏറ്റുവാങ്ങുമ്പോള്‍, ഇരുവര്‍ക്കും നടുവിലായി മൂന്ന് കുരുന്നുകള്‍ മൂന്ന് കുഞ്ഞു പെട്ടികളില്‍ അന്ത്യനിദ്രയിലാണ്ടിരുന്നു. ശരണ്യയുടെ സഹോദരീപുത്രന്‍ രണ്ടര വയസുകാരന്‍ ആരവാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. പ്രവീണിന്റെ മക്കളായ ശ്രീഭദ്ര (8) ആര്‍ച്ച (6) അഭിനവ് (5) എന്നിവരുടെ ചേതനയറ്റ ശരീരങ്ങള്‍ മൂന്ന് കുഞ്ഞുപെട്ടികളിലാക്കി വലിയ കുഴിയില്‍ ഇറക്കിവച്ചു. പരല്‍ ഉപ്പു വിതറി കുഴിമൂടി. മക്കള്‍ക്ക് കാവല്‍ പോലെ ഇരുവശങ്ങളിലുമായി പ്രവീണിനും ശരണ്യയ്ക്കും ചിതയൊരുക്കി.ദുരന്തത്തിനിരയായ കോഴിക്കോട് കുന്ദമംഗലം പുനത്തില്‍ കുടുംബത്തിലെ രഞ്ജിത്ത്, ഭാര്യ ഇന്ദു, കുഞ്ഞുമകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങളും സംസ്‌കരിച്ചു.
വീടിന്റെ തെക്കു ഭാഗത്തുള്ള പറമ്പില്‍ രഞ്ജിത്തിനും ഇന്ദുവിനും ഒന്നിച്ച് ചിതയൊരുക്കി. ഇടത് ഭാഗത്താണ് മകനെ മറവ് ചെയ്തത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മൂത്തമകന്‍ മാധവ് ആറ് വയസിന്റെ നിഷ്‌കളങ്കതയില്‍ വിങ്ങിപ്പൊട്ടി നിന്നു. കുഞ്ഞു മാധവ് പ്രിയപ്പെട്ട അച്ഛനെയും അമ്മയേയും കുഞ്ഞനിയനെയും അവസാനമായി കാണാനെത്തിയപ്പോള്‍ തിങ്ങിനിറഞ്ഞ ആളുകളുടെ തേങ്ങലുകള്‍ അലമുറകളായി.തിരുവനന്തപുരത്ത് ഇന്നലെ രാവിലെ 8.10 ഓടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പ്രവീണിന്റെയും ശരണ്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായി ചേങ്കോട്ട്‌കോണത്തെ വീട്ടിലെത്തിച്ചത്. ആയിരക്കണക്കിനു നാട്ടുകാര്‍ നെഞ്ചുപൊട്ടിയ കരച്ചിലുമായി അവര്‍ക്കു വിട നല്‍കി.

Continue Reading

Latest News