Connect with us
Malayali Express

Malayali Express

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റ് തോല്‍വി

LATEST NEWS

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റ് തോല്‍വി

Published

on

ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 49.1 ഓവറില്‍ 255 റണ്‍സിന് ആള്‍ ഔട്ടായി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും ഡേവിഡ് വാര്‍ണറുടെയും സെഞ്ച്വറികളുടെ മികവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി (258/0). ഇതോടെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലെത്തി.പേരുകേട്ട ഇന്ത്യന്‍ ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും പായിച്ച ഫിഞ്ചും വാര്‍ണറും അനായാസം കംഗാരുക്കളെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. ഡി.ആര്‍.എസും അംപയറിന്റെ തീരുമാനങ്ങളും എതിരായതോടെ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയായിരുന്നു. 112 പന്തില്‍ 17 ഫോറും 3 സിക്‌സും ഉള്‍പ്പെടെ വാര്‍ണര്‍ 128 റണ്‍സ് നേടിയപ്പോള്‍ ഫിഞ്ച് 114 പന്തില്‍ 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് അടിച്ചെടുത്തത്.വ്യക്തിഗത സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ ഷാര്‍ദുല്‍ താക്കൂറും 90ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജയും വാര്‍ണറെ പുറത്താക്കിയെങ്കിലും ഡി.ആര്‍.എസ് രണ്ടു തവണയും അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 62ല്‍ നില്‍ക്കെ കുല്‍ദീപിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് ഔട്ടായിരുന്നെങ്കിലും അംപയര്‍ അനുവദിച്ചില്ല. റിവ്യൂ അവസരം ഇന്ത്യ നേരത്തേ നഷ്ടമാക്കുകയും ചെയ്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ രോഹിത് ശര്‍മ്മയെ (10) തുടക്കത്തിലേ നഷ്ടപ്പെട്ടു. സ്റ്റാര്‍ക്കിന്റെ പന്തില്‍ വാര്‍ണറാണ് ക്യാച്ചെടുത്തത്. ശിഖര്‍ധവാനും (74), കെ.എല്‍. രാഹുലിനും (47) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലായിരുന്നു. പന്ത് ബാറ്റിംഗിനിടെ ബാള്‍ ഹെല്‍മറ്രില്‍ കൊണ്ടതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതിനാലാണ് രാഹുല്‍ വിക്കറ്റ് കീപ്പറായത്. പന്തിന് പകരം മനീഷ് പാണ്ഡെയാണ് ഫീല്‍ഡ് ചെയ്തത്. 258 റണ്‍സിന്റെ പാര്‍ട്ട്ണര്‍ ഷിപ്പാണ് ഒന്നാം വിക്കറ്റില്‍ വാര്‍ണറും ഫിഞ്ചും കൂടി പടുത്തുയര്‍ത്തിയത്. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ഏറ്രവും വലിയ കൂട്ടുകെട്ടാണിത്.

Continue Reading

Latest News