Connect with us
Malayali Express

Malayali Express

കുട്ടനാട്: ജോസഫും ജോസും ഉടക്കിൽ; ജോണി നെല്ലൂരിനെ വാഴിക്കാൻ കോണ്‍ഗ്രസ് രണ്ടും കല്പിച്ച്

KERALA

കുട്ടനാട്: ജോസഫും ജോസും ഉടക്കിൽ; ജോണി നെല്ലൂരിനെ വാഴിക്കാൻ കോണ്‍ഗ്രസ് രണ്ടും കല്പിച്ച്

Published

on

മനുലാൽ

കുട്ടനാട് സീറ്റിൽ കടിച്ചു തൂങ്ങി ജോസഫുംജോസും മുന്നോട്ടു പോകുന്പോൾ കോണ്‍ഗ്രസിനു പ്രശ്നപരിഹാരം ആവശ്യമാണ്. ഒന്നെങ്കിൽ ഇവരിൽ ആരെങ്കിലും മത്സരിക്കണം. അല്ലെങ്കിൽ രണ്ടുപേരുടെയും സഹായത്തോടെ കോണ്‍ഗ്രസ് ഒരു യുഡിഎഫ് സ്ഥാനാർഥിയെ നിർത്തും. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫിനൊരു സ്ഥാനാർഥിയെ വേണം. അതും യുഡിഎഫ് സെക്രട്ടറിയായാൽ നല്ലത്.
കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലുള്ള ഉടക്ക് രൂക്ഷമായതോടെ കുട്ടനാട് സീറ്റിൽ യു.ഡി.എഫിന്‍റെ പൊതുസ്ഥാനാർഥിയായി ജോണി നെല്ലൂർ പരിഗണനയിൽ. ഇതിനെ പിന്തുണയ്ക്കുന്ന നിർദേശമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്. ജോണി നെല്ലൂരിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളിൽ നിന്നുള്ള എതിർപ്പ് കുറയ്ക്കാമെന്നാണ് കണക്കുകൂട്ടലുകൾ.
തർക്കം രൂക്ഷമായതോടെ കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ, ഘടകകക്ഷികളുടെ സീറ്റ് ഏറ്റെടുക്കുന്നത് മുന്നണിക്കുള്ളിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കുമെന്നു വിലയിരുത്തലുണ്ടായി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ ബാധിക്കുമെന്നതിനാൽ അത്തരമൊരു നീക്കത്തിലേക്കു നേതൃത്വം പോകില്ല. മുന്പ് ജേക്കബ് ഗ്രൂപ്പ് മത്സരിച്ചിരുന്ന സീറ്റാണ് കുട്ടനാട്. ജേക്കബ് ഗ്രൂപ്പ് ഡി.ഐ.സിയിലേക്കു പോയപ്പോൾ യു.ഡി.എഫ്. ആ സീറ്റ് ഡി.ഐ.സിക്കു നൽകി. അങ്ങനെയാണ് തോമസ് ചാണ്ടി സ്ഥാനാർഥിയായത്. പീന്നീട് സീറ്റ് കേരള കോണ്‍ഗ്രസി(എം)ൽ എത്തുകയായിരുന്നു.

കുട്ടനാട് തങ്ങളുടെ സീറ്റാണെന്നും അത് ഇക്കുറിയും വേണമെന്നുമാണ് ജോസഫ് പക്ഷത്തിന്‍റെ നിലപാട്. ഡോ: കെ.സി. ജോസഫായിരുന്നു കുട്ടനാടിനെ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് ഏബ്രഹാം ഇക്കുറി ജോസഫ് പക്ഷത്തുമാണ്. അതുകൊണ്ട് സീറ്റിൽ അവർ ഒത്തുതീർപ്പിനു തയാറല്ല. സീറ്റിന്‍റെ കാര്യത്തിൽ ജോസ്പക്ഷവും വിട്ടുവീഴ്ചയ്ക്കില്ല. ഇത് യു.ഡി.എഫിനു തലവേദന സൃഷ്ടിച്ചപ്പോഴാണ് പൊതുസ്ഥാനാർഥി എന്ന ആശയം വന്നത്. ഡോ: കെ.സി. ജോസഫിനെത്തന്നെ മടക്കിക്കൊണ്ടുവരാൻ ജോസഫ്പക്ഷം മുന്പ് നീക്കം നടത്തിയെങ്കിലും കോണ്‍ഗ്രസിനു താൽപര്യമുണ്ടായിരുന്നില്ല. പ്രാദേശികതലത്തിൽ കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസിനു തർക്കങ്ങളുണ്ട്.
ചില തദ്ദേശസ്ഥാപനങ്ങളിൽ ഇവർ കോണ്‍ഗ്രസിനു പാരപണിതെന്നാണ് പരാതി. അതിനാൽ കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി വന്നാൽ കാലുവാരലിനു സാധ്യതയേറും. ഈ സാഹചര്യത്തിൽ ചങ്ങനാശേരി അതിരൂപതയുടെ പിന്തുണയുള്ള ഒരു സ്ഥാനാർഥി എന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ നിർദേശം. അങ്ങനെയാണ് ജോണി നെല്ലൂരിന്‍റെ പേര് ഉയർന്നത്. മണ്ഡലത്തിൽ ക്രിസ്തീയ വിഭാഗങ്ങളിൽ ഭൂരിപക്ഷമുള്ള കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട വ്യക്തിയെന്നതും സഭയുടെ പിന്തുണയും ജോണി നെല്ലൂരിനെ പരിഗണിക്കാൻ കോണ്‍ഗ്രസിനെ നിർബന്ധിക്കുന്നു. ജോണി നെല്ലൂരാണെങ്കിൽ കേരള കോണ്‍ഗ്രസിന്‍റെ ഇരുവിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

Continue Reading

Latest News