Connect with us
Malayali Express

Malayali Express

കൂടത്തായി: സ്റ്റേ ഇല്ല; നോട്ടീസ് മാത്രം

KERALA

കൂടത്തായി: സ്റ്റേ ഇല്ല; നോട്ടീസ് മാത്രം

Published

on

മാത്യു ജോണ്‍

കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളും സീരിയലും നിർമ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. കൊല്ലപ്പെട്ട റോയ് തോമസിൻറെയും ജോളിയുടെയും മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. കേസിലെ മുഖ്യപ്രതി ജോളി തോമസ്, നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.

നിർമാതാക്കളുടെ പ്രതികരണം കോടതി ആരായും. ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിർമ്മിക്കുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മോഹൻലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീർവാദ് സിനിമാസിന്‍റെ ഉടമ ആന്‍റണി പെരുമ്പാവൂർ കൂടത്തായി എന്ന പേരിൽ സിനിമ ഒരുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേൽ ജോളി എന്ന പേരിൽ ഇതേ ഇതിവൃത്തത്തിൽ സിനിമയുടെ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ഒപ്പം മലയാളത്തിലെ സ്വകാര്യ ചാനൽ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര ഇന്ന് ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.

കൂടത്തായി കൊലപാതകക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കും മുൻപേ തന്നെ കേരളത്തെ ഞെട്ടിച്ച ഈ കേസിനെ ഇതിവൃത്തമാക്കി സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഇതിനകം തന്നെ മുഖ്യപ്രതി ജോളിയുടെ മക്കളും വിദ്യാർത്ഥികളുമായ റെമോ റോയ്, റെനോൾഡ് റോയ് എന്നിവർ വലിയ മാനസികസംഘർഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേർത്ത തിരക്കഥകളുമായി സിനിമകളും, സീരിയൽ പരമ്പരകളും വരുമ്പോൾ അത് ഇവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകർക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ട് പലതും വെളിപ്പെടുത്താനുണ്ടെന്നും സമയമാവുമ്പോൾ പറയുമെന്നും കേസിലെ ഒന്നാം പ്രതിയായ ജോളി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ന് പറയുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആളൂർ സാർ വരട്ടെ എന്നായിരുന്നു ജോളിയുടെ മറുപടി. സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News