Connect with us
Malayali Express

Malayali Express

പൗരത്വ നിയമ ഭേദഗതി: അമിത് ഷായുടെ കേരളാ സന്ദര്‍ശനം തീരുമാനിച്ചിട്ടില്ലെന്ന് വി. മുരളീധരന്‍

INDIA

പൗരത്വ നിയമ ഭേദഗതി: അമിത് ഷായുടെ കേരളാ സന്ദര്‍ശനം തീരുമാനിച്ചിട്ടില്ലെന്ന് വി. മുരളീധരന്‍

Published

on

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായ പ്രചരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ കേരളത്തില്‍ എത്തില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ തീയതി തന്നെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അത്തരത്തില്‍ തീരുമാനം വന്നു എന്ന തരത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് അപഹാസ്യമാണെന്നും കാള പെറ്റു എന്ന് കേട്ട ഉടന്‍ കയറെടുക്കുന്ന തരത്തിലാണ് മാധ്യമങ്ങള്‍ പെരുമാറുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു. തീരുമാനിക്കാത്ത സന്ദര്‍ശനത്തിന്റെ പേരില്‍ ചിലര്‍ സമരം വരെ പ്രഖ്യാപിച്ചുവെന്നും മുരളീധരന്‍ പരിഹസിച്ചു.

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി രാജ്യവ്യാപകമായി ബി.ജെ.പി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും അദ്ദേഹം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗൃഹസന്ദര്‍ശനത്തിന് എത്തിയ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോ ബാക്ക് വിളികളുമായും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിയുമാണ് രണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

ഡല്‍ഹിയില്‍ അമിത് ഷായ്ക്ക് പ്രതിഷേധം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് കേരള സന്ദര്‍ശനം തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയത്. അതേസമയം ജനാധിപത്യത്തില്‍ സഖ്യാബലം തന്നെയാണ് പ്രധാനമെന്ന് വി. മുരളീധരന്‍ പറഞ്ഞു. രാജ്യത്ത് എന്‍.ആര്‍.സി നടപ്പിലാക്കാന്‍ ആരും തീരുമാനിച്ചിട്ടില്ല. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഈ നാട്ടില്‍ പരത്തുന്നത് നുണയുടെ ഘോഷയാത്രയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തോട് ഗവര്‍ണര്‍ നടത്തിയ പ്രതികരണം അഭിനന്ദനാര്‍ഹമാണ്. പ്രതികരണം കേട്ട തനിക്ക് ഗവര്‍ണറെ അഭിനന്ദിക്കാന്‍ തോന്നി. നിയമത്തെക്കുറിച്ചും അത് നടപ്പാക്കുന്നതിനെക്കുറിച്ചും മാധ്യമങ്ങള്‍ തെറ്റായ ചിത്രമാണ് നല്‍കുന്നത്. പ്രതിഷേധം വളരെ കുറച്ച് തെരുവുകളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെ പെരുപ്പിച്ച് കാട്ടുകയായിരുന്നു മാധ്യമങ്ങളെന്നും വി. മുരളീധരന്‍ ആരോപിച്ചു. കണ്ണൂരില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Continue Reading

Latest News