Connect with us
Malayali Express

Malayali Express

സഞ്ജു സാംസണ് അവസരം കിട്ടി: ഇന്ത്യ-ലങ്ക ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്

LATEST NEWS

സഞ്ജു സാംസണ് അവസരം കിട്ടി: ഇന്ത്യ-ലങ്ക ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്

Published

on

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണ് അവസാന ഇലവനില്‍ അവസരം നല്‍കിയ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 78 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപതോവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് ആള്‍ ഔട്ടായി.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. റിഷഭ് പന്തിന് പകരം സഞ്ജുവിനും കുല്‍ദീപിന് പകരം ചഹലും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡേയ്ക്കും ഇന്ത്യ ഇന്നലെ അവസരം നല്‍കി.
ടോസ് നേടിയ ലങ്കന്‍ നായകന്‍ ലസിത് മലിംഗ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മായ കെ.എല്‍.രാഹുലും (36 പന്തില്‍ 54), ശിഖര്‍ ധവാനും (36 പന്തില്‍ 52) തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ലങ്കന്‍ ബൗളര്‍മാരെ അടിച്ച് പറത്തിയ ഇരുവരും ഒന്നാം വിക്കറ്റില്‍ 10.5 ഓവറില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ദ്ധ സെഞ്ച്വറി തികച്ച ഉടനെ ധവാനെ ഡീപ് മിഡ്വിക്കറ്റില്‍ ഗുണതിലകയുടെ കൈയില്‍ എത്തിച്ച് സന്‍ഡാകനാണ് പതിനൊന്നാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. 7 ഫോറും 1 സിക്‌സും അടങ്ങിയതാണ് ധവാന്റെ ഇന്നിംഗ്‌സ്.

ഏവരെയും അദ്ഭുതപ്പെടുത്തി മൂന്നാമനായി കൊഹ്ലിക്ക് പകരം സഞ്ജുവാണ് ക്രീസില്‍ എത്തിയത്.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റ് ചെയ്യാനെത്തിയ സഞ്ജു നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ച് ആരാധകരെ ആവേശത്തില്‍ ആറാടിച്ചു. നായകന്‍ വിരാട് കൊഹ്ലി എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് സഞ്ജുവിന്റെ സിക്‌സിനെ വരവേറ്റത്. എന്നാല്‍ ആഹ്ലാദം അധിക സമയം നീണ്ടില്ല. നേരിട്ട അടുത്ത പന്തില്‍ വാനിന്ദു ഹസരംഗയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി സഞ്ജു മടങ്ങി. സഞ്ജുവിനെപ്പോലെ അവസരത്തിനായി കാത്തിരുന്ന മനീഷ് പാണ്ഡേയാണ് പിന്നീടെത്തിയത്. നന്നായി കളിച്ചു വരികയായിരുന്ന രാഹുലിനെ വിക്കറ്റ് കീപ്പര്‍ സന്‍ഡാകന്റെ പന്തില്‍ പെരേര സ്റ്റമ്പ് ചെയ്തു പുറത്താക്കി. അധികം വൈകാതെ ശ്രേയസ് അയ്യരെ (4) സ്വന്തം ബൗളിംഗില്‍ സന്‍ഡാകന്‍ തന്നെ പിടികൂടിയതോടെ ഇന്ത്യ ചെറിയ പ്രതിസന്ധിയിലായി. എന്നാല്‍ പിന്നീട് നായകന്‍ കൊഹ്ലിക്കൊപ്പം (17 പന്തില്‍ 26) ക്രീസില്‍ ഉറച്ച് നിന്ന് പൊരുതിയ പാണ്ഡെ കിട്ടിയ അവസരം മുതലാക്കി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ടീം സ്‌കോര്‍ 164ല്‍ വച്ച് കൊഹ്ലി റണ്ണൗട്ടായി.വാഷിംഗ്ടണ്‍ സുന്ദര്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. തുടര്‍ന്നെത്തിയ ഷര്‍ദ്ദുള്‍ താക്കൂര്‍ 8 പന്തില്‍ 2 സിക്‌സും 1 ഫോറും ഉള്‍പ്പെടെ 22 റണ്‍സെടുത്ത് പാണ്ഡെയ്‌ക്കൊപ്പം ഇന്ത്യയെ 200 കടത്തുകയായിരുന്നു. 18 പന്തില്‍ 4 ഫോറുള്‍പ്പെടെ 31 റണ്‍സുമായി പാണ്ഡെ ഷര്‍ദ്ദുളിനൊപ്പം പുറത്താകാതെ നിന്നു.
ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കന്‍ ബാറ്റിംഗ് നിര ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ചൂളിപ്പോയി. 78 പന്ത് ബാക്കി നില്‍ക്കെ അവര്‍ 123 റണ്‍സിന് ആള്‍ ഔട്ടായി. ധനഞ്ജയ സില്‍വയ്ക്കും (57), എയ്ഞ്ചലോ മാത്യൂസിനും (30) മാത്രമാണ് ലങ്കന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. ബാക്കി ഒരു ലങ്കന്‍ ബാറ്റ്സ്മാനും രണ്ടക്കം കടക്കാനായില്ല.ഇന്ത്യയ്ക്കായി നവദീപ് സെയ്നി മൂന്നും ഷര്‍ദ്ദുള്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. സന്‍ഡാകനെ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ സ്റ്റമ്പ് ചെയ്ത് ഒരു വിക്കറ്റ് നേട്ടത്തിലും സഞ്ജു പങ്കാളിയായി.

Continue Reading

Latest News