Connect with us
Malayali Express

Malayali Express

ഇര്‍ഫാന്‍ പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

LATEST NEWS

ഇര്‍ഫാന്‍ പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

Published

on

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 35 വയസുകാരനായ ഇര്‍ഫാന്‍ ഒന്നര പതിറ്റാണ്ടിന്റെ കരിയറിലാണു വിരാമമിട്ടത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനു വേണ്ടി ഇറങ്ങിയതിനു ശേഷം കളിക്കളത്തില്‍നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഐ.പി.എല്‍. താര ലേലത്തില്‍ ഇര്‍ഫാന്‍ പഠാനെ ഫ്രാഞ്ചൈസികള്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ടില്ല. ഇടംകൈയന്‍ പേസറായ ഇര്‍ഫാനെ മുന്‍ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ്, പാകിസ്താന്റെ ഇതിഹാസ താരം വസീം അക്രം എന്നിവരുമായാണ് താരതമ്യം ചെയ്തിരുന്നത്.

വശ്യമായ സ്വിങ്ങുകള്‍ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കാന്‍ ഈ ഇടംകൈയന്‍ പേസര്‍ക്കായി. 2012 ഒക്ടോബറിലെ ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യക്കു വേണ്ടി അവസാനം കളിച്ചത്. 29 ടെസ്റ്റുകളിലായി 1105 റണ്ണും 100 വിക്കറ്റും സ്വന്തമാക്കി. ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും ഇര്‍ഫാന്റെ പേരിലുണ്ട്. 120 ഏകദിനങ്ങളിലായി അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 1544 റണ്ണും 173 വിക്കറ്റുകളുമെടുത്തു. 24 ട്വന്റി20 കളിലായി 172 റണ്ണും 28 വിക്കറ്റുകളുമെടുത്തു.
ഇന്ത്യ 2007 പ്രഥമ ട്വന്റി20 ലോകകപ്പ് ജേതാക്കളാകാന്‍ പ്രധാനകാരണക്കാരില്‍ ഒരാളാണ്. പാകിസ്താനെതിരേ നടന്ന ഫൈനലില്‍ നാല് ഓവറില്‍ 16 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇര്‍ഫാനാണു താരമായത്. ഹര്‍ഭജന്‍ സിങ്ങിനു ശേഷം ടെസ്റ്റില്‍ ഹാട്രിക്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്. 2006 ലെ കറാച്ചി ടെസ്റ്റിലായിരുന്നു ഇര്‍ഫാന്റെ പ്രകടനം. അന്നത്തെ ആദ്യ ഓവറില്‍ സല്‍മാന്‍ ബട്ട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നിവരെ പഠാന്‍ പറഞ്ഞയക്കുമ്പോള്‍ പാകിസ്താന്‍ മൂന്നു വിക്കറ്റിന് പൂജ്യം റണ്‍ എന്ന നിലയിലായിരുന്നു. ഒരു മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് വിക്കറ്റെടുത്ത ലോകത്തിലെ ഏക താരവും ഇര്‍ഫാനാണ്.
അതേ വര്‍ഷം തന്നെ ടെസ്റ്റിലെ ഏക സെഞ്ചുറിയും കുറിച്ചു. പാകിസ്താനായിരുന്നു എതിരാളി. 2008 ല്‍ ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ താരവും ഇര്‍ഫാനായിരുന്നു. ബാറ്റിങ്ങില്‍ തിളങ്ങിയ ഇര്‍ഫാന്‍ അഞ്ച് വിക്കറ്റുമെടുത്തു. അന്നത്തെ അഡ്ലെയ്ഡ് ടെസ്റ്റില്‍ വിരേന്ദര്‍ സേവാഗിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് ഇര്‍ഫാന്‍ എല്ലാവരെയും ഞെട്ടിച്ചു. ഓപ്പണറുടെ റോളില്‍ മാത്രമല്ല മൂന്നാം നമ്പര്‍ ബാറ്റ്സ്മാനായും പഠാന്‍ തിളങ്ങി. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതു സ്വപ്ന തുല്യമായ നേട്ടമാണെന്നു വിരമിക്കല്‍ പ്രഖ്യാപിക്കവേ ഇര്‍ഫാന്‍ പറഞ്ഞു. 19-ാം വയസില്‍ 2003 ലെ അഡ്ലെയ്ഡ് ടെസ്റ്റിലാണ് ഇര്‍ഫാന്റെ അരങ്ങേറ്റം. ഓപ്പണര്‍ മാത്യു ഹെയ്ഡനെയാണു കരിയറില്‍ ആദ്യമായി പുറത്താക്കിയത്. മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിനു ജയിച്ചു. തൊട്ടടുത്ത വര്‍ഷം നടന്ന സിഡ്നി ടെസ്റ്റില്‍ മനോഹരമായ റിവേഴ്സ് സ്വിങ്ങുകളിലൂടെ സ്റ്റീവ് വോ, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരുടെ വിക്കറ്റെടുത്തു നിരവധി ആരാധകരെ സ്വന്തമാക്കി. ഫോം മങ്ങിയതും നിരന്തരം പരുക്കുകള്‍ വേട്ടയാടിയതുമാണ് ഇര്‍ഫാന്റെ കരിയറിനു വിലങ്ങായത്. രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ന്നു കളിക്കാനാകുമെന്നു തോന്നുന്നില്ലെന്നു 2016 ലെ ഒരു അഭിമുഖത്തില്‍ ഇര്‍ഫാന്‍ വ്യക്തമാക്കിയിരുന്നു.
2015-16 സീസണിലെ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായിട്ടും ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കാത്തത് ഇര്‍ഫാനെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ് ഇലവന്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റൈസിങ് പുനെ സൂപ്പര്‍ ജയന്റ് തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും മത്സരിച്ചു. 103 മത്സരങ്ങളില്‍നിന്ന് 80 വിക്കറ്റുകളാണ് ഐ.പി.എല്ലില്‍ പഠാന്റെ സമ്പാദ്യം. ഇര്‍ഫാന്‍ സഹോദരനും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനൊപ്പം ബറോഡയില്‍ ഒരു ക്രിക്കറ്റ് അക്കാഡമി നടത്തുന്നുണ്ട്.

Continue Reading

Latest News