Connect with us
Malayali Express

Malayali Express

വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ രണ്ടാം ഏകദിനം : ഇന്ത്യക്ക് 107 റണ്ണിന്റെ തകര്‍പ്പന്‍ ജയം

LATEST NEWS

വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ രണ്ടാം ഏകദിനം : ഇന്ത്യക്ക് 107 റണ്ണിന്റെ തകര്‍പ്പന്‍ ജയം

Published

on

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് 107 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും (138 പന്തില്‍ അഞ്ച് സിക്സറും 17 ഫോറുമടക്കം 159), ലോകേഷ് രാഹുലിന്റെയും (104 പന്തില്‍ മൂന്ന് സിക്സറും എട്ട് ഫോറുമടക്കം 102) സെഞ്ചുറികളുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിന്‍ഡീസ് 43.3 ഓവറില്‍ 280 റണ്ണിന് ഓള്‍ഔട്ടായി. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇതോടെ 1-1 നു തുല്യനിലയിലായി.
ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ ജേതാക്കള്‍ ഏകദിന പരമ്പര സ്വന്തമാക്കും. ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് കരിയറിലെ രണ്ടാമത്തെ ഹാട്രിക്കുമായി തിളങ്ങി. ഒന്നാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച ഓപ്പണര്‍ ഹായ് ഹോപ്പ് ഇന്നലെ 85 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറുമടക്കം 78 റണ്ണുമായി ടോപ് സ്‌കോററായി. ഹോപ്പിനെ കൂടാതെ നികോളാസ് പൂരന്റെ (47 പന്തില്‍ ആറ് സിക്സറും ആറ് ഫോറുമടക്കം 75) വെടിക്കെട്ട് വിന്‍ഡീസിനു ജയ പ്രതീക്ഷ നല്‍കി.
വാലറ്റക്കാരന്‍ കീമാ പോളും (42 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 46) ഖാരി പീറും (18 പന്തില്‍ 21) അടിച്ചു തകര്‍ത്തു. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതമെടുത്തു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ശാര്‍ദൂല്‍ ഠാക്കൂര്‍ ഒരു വിക്കറ്റുമെടുത്തു. ഹോപ്പ്, ജാസണ്‍ ഹോള്‍ഡര്‍ (13 പന്തില്‍ 11), അല്‍സാരി ജോസഫ് (0) എന്നിവരെയാണു കുല്‍ദീപ് അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്. ഓസ്ട്രേലിയയ്ക്കെതിരേയും കുല്‍ദീപ് ഹാട്രിക്കടിച്ചു.
ഹോപ്പിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പിടികൂടിയപ്പോള്‍ ഹോള്‍ഡറിനെ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്തു. ജോസഫിനെ കേദാര്‍ ജാദവ് കൈയിലൊതുക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഷിംറോണ്‍ ഹിറ്റ്മീര്‍ (നാല്), നായകന്‍ കെയ്റോണ്‍ പൊള്ളാഡ് (0) എന്നിവര്‍ക്കു തിളങ്ങാനായില്ല. ഹിറ്റ്മീര്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായി. പൊള്ളാഡ് ഗോള്‍ഡന്‍ ഡെക്കായി. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. രോഹിതും രാഹുലും ചേര്‍ന്ന് ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. കരിയറിലെ 28-ാം ഏകദിന സെഞ്ചുറി നേടിയാണു രോഹിത് മടങ്ങിയത്. 227 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഓപ്പണിങ് ജോഡി പിരിഞ്ഞത്.
രാഹുലിനെ ജോസഫിന്റെ പന്തില്‍ റോസ്റ്റണ്‍ ചാസ് പിടികൂടി. പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്ലി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പൊള്ളാഡിന്റെ പന്തില്‍ ചാസ് തകര്‍പ്പന്‍ ക്യാച്ചിലൂടെ കോഹ്ലിയെ പുറത്താക്കി. 44 -ാം ഓവറിലാണു രോഹിത് മടങ്ങിയത്. ഇന്ത്യ 300 കടക്കുന്നതിനു തൊട്ടു മുമ്പാണു രോഹിത് ഷെല്‍ഡണ്‍ കോട്രാലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹായ് ഹോപ്പിനു പിടികൊടുത്തത്.
ശ്രേയസ് അയ്യരുടെയും (32 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുമടക്കം 53) ഋഷഭ് പന്തിന്റെയും (16 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുമടക്കം 39) വെടിക്കെട്ടുകള്‍ക്കു മുന്നില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ കാഴ്ചക്കാരായി. കേദാര്‍ ജാദവ് 10 പന്തില്‍ 16 റണ്ണുമായി പുറത്താകാതെനിന്നു. വിന്‍ഡീസ് നിരയില്‍ രണ്ട് വിക്കറ്റെടുത്ത ഷെല്‍ഡണ്‍ കോട്രാല്‍ ഏറ്റവും ധാരാളിയായി. ഒന്‍പത് ഓവറില്‍ 83 റണ്ണാണു കോട്രാല്‍ വഴങ്ങിയത്. പൊള്ളാഡ് രണ്ട് ഓവറില്‍ 20 റണ്ണും വിട്ടുകൊടുത്തു. ഒന്നാം ഏകദിനത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് വിന്‍ഡീസ് ഇറങ്ങിയത്. എവിന്‍ ലൂയിസും ഖാറി പീറുമാണ് ടീമിലെത്തിയത്. ഇന്ത്യന്‍ ടീമില്‍ ശിവം ദുബെയ്ക്കു പകരം പേസര്‍ ശാര്‍ദൂല്‍ ഠാക്കൂറിനെ കളിപ്പിച്ചു. തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത രോഹിത് ശര്‍മയാണു മത്സരത്തിലെ താരം.

ഒരു ഓവറില്‍ 31 റണ്‍

രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഒരു റെക്കോഡ് കൂടി ചേര്‍ത്തു. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ എന്ന റെക്കോഡാണ് വിന്‍ഡീസിനെതിരേ പിറന്നത്.
ഓഫ് സ്പിന്നര്‍ റോസ്റ്റന്‍ ചാസ് എറിഞ്ഞ 47-ാമത്തെ ഓവറില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് 31 റണ്‍ അടിച്ചെടുത്തു. ആദ്യമായാണ് ഇന്ത്യ ഏകദിനത്തിലെ ഒരു ഓവറില്‍ 30 റണ്ണില്‍ കൂടുതല്‍ നേടുന്നത്. ആ ഓവറില്‍ അയ്യരുടെ വക നാല് സിക്സറും ഒരു ഫോറും പറന്നു. 1999 ല്‍ ന്യൂസിലന്‍ഡിനെതിരേ സച്ചിന്‍ തെണ്ടുല്‍ക്കറും അജയ് ജഡേജയും ചേര്‍ന്നു നേടിയ 28 റണ്ണിന്റെ റെക്കോഡ് പഴങ്കഥയായി. 2000 സഹീര്‍ ഖാനും അജിത് അഗാര്‍ക്കറും ചേര്‍ന്ന് സിംബാബ്വേയ്ക്കെതിരേ അടിച്ചെടുത്ത 27 റണ്‍ ആണ് ഏകദിനത്തിലെ ഒരു ഓവറില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ നേടിയ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍.

കോഹ്ലി 400

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഡോള്‍ഡന്‍ ഡെക്കായെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അപൂര്‍വ നേട്ടത്തിന് ഉടമയായി. രാജ്യാന്തര ക്രിക്കറ്റില്‍ 400 മത്സരങ്ങള്‍ എന്ന നേട്ടമാണു കോഹ്ലി നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം കുറിക്കുന്ന 33-ാമത്തെ താരമാണു കോഹ്ലി.
കോഹ്ലി ഇന്ത്യക്കു വേണ്ടി ഇതുവരെ 241 ഏകദിനങ്ങളും 84 ടെസ്റ്റുകളും 75 ട്വന്റി20 മത്സരങ്ങളും കളിച്ചു. ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ കോഹ്ലി എട്ടാമനാണ്. 664 മത്സരങ്ങള്‍ കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമന്‍. എം.എസ്. ധോണി (538), രാഹുല്‍ ദ്രാവിഡ് (509), മുഹമ്മദ് അസ്ഹറുദ്ദീന്‍ (433), സൗരവ് ഗാംഗുലി (424), അനില്‍ കുംബ്ലെ (403), യുവ്രാജ് സിങ് (402) എന്നിവര്‍ കോഹ്ലിയുടെ മുന്‍ഗാമികളാണ്. മഹേള ജയവര്‍ധനെ (652), കുമാര്‍ സംഗക്കാര (594), സനത് ജയസൂര്യ (586), റിക്കി പോണ്ടിങ് (560) എന്നിവര്‍ രാജ്യാന്തര ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ കളിച്ചവരാണ്.

രോഹിത് തകര്‍ത്തത്…

1- കലണ്ടര്‍ വര്‍ഷത്തില്‍ പത്ത് സെഞ്ചുറികളടിക്കുന്ന ആദ്യ ഓപ്പണിങ് ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (2005), ഡേവിഡ് വാര്‍ണര്‍ (2016) എന്നിവര്‍ക്ക് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒന്‍പത് സെഞ്ചുറികള്‍ വീതം നേടാനായി. കലണ്ടര്‍ വര്‍ഷത്തില്‍ 10 സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ്. സച്ചിന്‍ 1998 ല്‍ 12 സെഞ്ചുറികള്‍ നേടി. വിരാട് കോഹ്ലി 2017 ലും 2018 ലും 11 സെഞ്ചുറികള്‍ വീതം നേടി. രാഹുല്‍ ദ്രാവിഡ് 1999 ല്‍ പത്ത് സെഞ്ചുറികള്‍ നേടി.
2- ഏകദിനത്തില്‍ ഒരു വര്‍ഷം ഏഴ് വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഏഴ് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാണ്. ഓസ്ട്രേലിയ (133), ദക്ഷിണാഫ്രിക്ക (122), പാകിസ്താന്‍ (140), ഇംഗ്ലണ്ട് (102), ബംഗ്ലാദേശ് (104), ശ്രീലങ്ക (103), വിന്‍ഡീസ് എന്നിവര്‍ രോഹിതിന്റെ ബാറ്റിങ് മികവ് അറിഞ്ഞു.
3- ഒരേ ടീമിനെതിരേ മൂന്നു വട്ടം 150 ലധികം റണ്ണെടുക്കുന്ന ആദ്യ താരമാണ്. വിന്‍ഡീസിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ രോഹിത് രണ്ടുവട്ടം 150 കടന്നു. പല താരങ്ങളും ഒരേ ടീമിനെതിരേ രണ്ടുവട്ടം 150 ലധികം റണ്ണെടുത്തിട്ടുണ്ട്.

Continue Reading

Latest News