Connect with us
Malayali Express

Malayali Express

സംഘടനകളുടെ ശ്രദ്ധയ്ക്ക് ഒരു ജനപ്രിയ വിചാരം (ബെന്നി വാച്ചാച്ചിറ)

FOMAA

സംഘടനകളുടെ ശ്രദ്ധയ്ക്ക് ഒരു ജനപ്രിയ വിചാരം (ബെന്നി വാച്ചാച്ചിറ)

Published

on

”സംഘടിച്ച് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക…” എന്ന മഹത് സന്ദേശം സമൂഹത്തിന് മുന്നില്‍ വിളംബരം ചെയ്തത് യുഗപ്രഭാവനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീനാനായണ ഗുരുവാണ്. അമേരിക്കന്‍ മലയാളി സംഘടനകളെ മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍, നമുക്ക് സംഘടനാ ശേഷി വര്‍ധിപ്പിക്കാനുള്ള അവശ്യം വിദ്യയുണ്ടെന്ന് മനസിലാക്കാം. ഇനി ആത്മാവിലും പ്രവര്‍ത്തിയിലും ശക്തരും പ്രബുദ്ധരുമാകാന്‍ വലിയ പ്രയാസമില്ല. പ്രൗഢമായ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഫെഡറേഷനുകളും അംഗസംഘടനകളും ഇതര സാമൂഹിക, സാംസ്‌കാരിക, സാമുദായിക, മത സംഘടനകളുമൊക്കെയായി അനേകം കൂട്ടായ്മകളുണ്ട്.

ഇനി, ലോകത്ത് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പൊന്‍ വെളിച്ചംവിതറിയ യേശുദേവന്റെ പരിപാവനമായ തിരുപ്പിറവിയുടെയും പുതിയ പ്രതിജ്ഞകള്‍ ഹൃദയപൂര്‍വമെടുത്ത് ജീവിതത്തില്‍ മാതൃകാപരമായി അനുവര്‍ത്തിക്കേണ്ട പുതുവര്‍ഷത്തിന്റെയും വരവാണ്. ചെറുതും വലുതുമായ അമേരിക്കന്‍ മലയാളി സംഘടനകളുടെ സത്വര ശ്രദ്ധയ്ക്ക് ചില സുപ്രധാന കാര്യങ്ങള്‍ പങ്കുവയ്‌ക്കേണ്ട ഏറ്റവും അനുയോജ്യമായ സമയം ഇതുതന്നെയാണെന്നാണ് എന്റെ ഉത്തമ വിശ്വാസം.

സംഘടനകളില്‍ പല താത്പര്യക്കാരുണ്ടാവും. പക്ഷേ, എല്ലാറ്റിലുമുപരി ജനപക്ഷ മുഖമാണ് വേണ്ടതെന്ന ബോധം മിക്കവര്‍ക്കുമുണ്ട് എന്ന് സമ്മതിക്കാം. വ്യക്തിയിലധിഷ്ഠിതമായ ഏകാധിപത്യവും അതിന്റെ ജനാധിപത്യ വിരുദ്ധമായ നിലപാടുകളും സംഘടനകളെ ജീര്‍ണതയിലേയ്ക്കാണ് തള്ളിയിടുക. അതേസമയം സമന്വയത്തിന്റെ പാത നയിക്കുന്നത് സമസ്തമായ അഭിവൃദ്ധിയിലേയ്ക്കാണെന്നതില്‍ തര്‍ക്കമില്ല. നമ്മുടെ സംഘടനാ ചരിത്രത്തിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും പിന്നാമ്പുറത്ത് ഈ സത്യം പ്രകടമായിത്തന്നെ കുടിയിരുപ്പുണ്ട്.

അമേരിക്കന്‍ മലയാളി സംഘടന പ്രവര്‍ത്തനം തികച്ചും കമ്മ്യൂണിറ്റി സര്‍വീസ്, അഥവാ ഉത്തരവാദിത്വമുള്ള സാമൂഹിക സേവനം ആണെന്ന് മനസ്സിലാക്കണം. സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനകള്‍ തങ്ങളുടെ നേതൃ നിരയിലേയ്ക്ക് നിശ്ചയിക്കപ്പെടുന്നവരെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുന്ന സമയമാണ് ഡിസംബര്‍, ജനുവരി മാസങ്ങള്‍. യഥേഷ്ടം സമയവും അതിലേറെ താത്പര്യവും പിന്നെ അവശ്യം വേണ്ട കഴിവും സ്വന്തം സംഘടനയെപ്പറ്റി ദീര്‍ഘവീക്ഷണവും ഉള്ളവര്‍ ഭാരവാഹികളായി കടന്നു വരുമ്പോള്‍ വ്യക്തി താത്പര്യവും കക്ഷിരാഷ്ട്രീയവും മറന്ന് അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ആ സംഘടനകള്‍ ജനപ്രിയമാവില്ല. അങ്ങനെയാവുമ്പോഴേ സംഘടനയില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവുകയും നിശ്ചയിക്കപ്പെട്ട പരിപാടികള്‍ക്കെല്ലാം അവര്‍ കൂടുതല്‍ ഉന്‍മേഷത്തോടെ സഹകരിക്കുകയുമുള്ളൂ.

അമേരിക്കന്‍ മലയാളി കൂട്ടായ്മകള്‍ മലയാളികളുള്ളിടത്തെല്ലാം ആവശ്യം തന്നെയാണ്. നേതൃത്വത്തില്‍ വരുന്നതിനു മുമ്പു തന്നെ ഭാരവാഹികളാവാന്‍ താത്പര്യമുള്ളവര്‍ സംഘടനയെ പറ്റി നന്നായി പഠിച്ചിരിക്കണം. ലോക്കല്‍ സംഘടനകള്‍ അതാതു സ്ഥലത്തെ മലയാളികളെ സംഘടിപ്പിക്കുവാനും നാഷണല്‍ സംഘടനകള്‍ അംഗസംഘടനകളെ സംഘടിപ്പിക്കുവാനുമുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാക്കണം. സംഘടനയ്ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാന്‍ മനസ്സുള്ളവര്‍, എല്ലാവരെയും ഒരേ ചരടില്‍ കാലുഷ്യമില്ലാതെ ബന്ധിപ്പിച്ച് കൊണ്ടു പോകുവാനും പ്രത്യേകം ശ്രദ്ധിക്കണം.

ശരിയും തെറ്റും കണ്ടാല്‍ അത് കൃത്യമായി മനസ്സിലാക്കുവാനും സംഘടനയുടെ ശോഭനമായ ഭാവിക്കുവേണ്ടി സ്വയം വിമര്‍ശനപരമായി പറയുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ധൈര്യം പ്രകടിപ്പിക്കണം. ഇന്നലത്തെ ശരി ഇന്ന് തെറ്റാണെന്ന് എന്ന് ബോധ്യപ്പെട്ടാല്‍ അത് ജനകീയമായി തിരുത്തി മുന്നേറാനുള്ള മനസിന്റെ ബലവും സംഘടനാപ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. അമേരിക്കന്‍ മലയാളി സംഘടനകള്‍ ഒന്നും തന്നെ രാഷ്ട്രീയ സംഘടനകള്‍ അല്ല എന്ന തിരിച്ചറിവ് ഒട്ടും ഉപേക്ഷയില്ലാതെ ഉണ്ടായിരിക്കണം.

നേതൃത്വത്തിലെത്തുന്നവര തിരഞ്ഞെടുക്കുമ്പോള്‍ വ്യക്തി ബന്ധം ഒരിക്കലും മാനദണ്ഡമാവരുത്. നേതാക്കളാവുന്നവര്‍ ഒരുപക്ഷേ സുഹൃത്തുക്കളായിരിക്കാം, ബന്ധുക്കളും അക്കൂട്ടത്തിലുണ്ടായേക്കാം. ഇത്തരം ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനെയാണ് നമ്മള്‍ ‘സ്വജനപക്ഷപാതം’ എന്ന് മര്യാദയുടെ ഭാഷയില്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ ബന്ധവും സ്വന്തവും ഒന്നും പരിഗണിക്കാതെ തലപ്പത്തെത്തപ്പെടുന്നവര്‍ക്ക് സംഘടനയെ നയിക്കാന്‍ കഴിവും പ്രാപ്തിയും ഉണ്ടോ, സംഘടനാപാടവം ഉണ്ടോ, അധികാരത്തില്‍ കയറുന്നതിന് വ്യക്തിപരമായ ലക്ഷ്യങ്ങള്‍ ഉണ്ടോ, അവര്‍ സംഘടനയുടെ നന്‍മയ്ക്ക് എത്രത്തോളം യോഗ്യരാണ് എന്നുതുടങ്ങിയ കാര്യങ്ങള്‍ പ്രീ-ഇലക്ഷന്‍ കാംമ്പെയ്‌നുകളില്‍ തന്നെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ആഘോഷമായി ചുമതലയേറ്റതിന് ശേഷം ”എനിക്ക് സമയമില്ല…” എന്ന് പറയരുത്. നിര്‍ഭാഗ്യവശാല്‍ അത്തരം വാക്കുകള്‍ പലയിടത്തുനിന്നും കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

അധികാര ഭ്രമം കൂടുമ്പോള്‍ സംഘടനയുടെ ഭാവിക്കുവേണ്ടിയുള്ള തിരുമാനങ്ങളെടുക്കാനുള്ള വിമുഖതയുണ്ടാവും. അവനവന്റെ താത്പര്യ സംരക്ഷണമായിരിക്കും മുന്നിട്ടുനില്‍ക്കുക. ഈ നിലപാട് നിസ്വാര്‍ത്ഥരായ നേതാക്കളുടെ മൊറെയ്‌ലിനെയും ബാധിക്കും. ഭാരവാഹികളിലൊരാള്‍ അരുതാത്തത് ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും പഴികേള്‍ക്കാനിടയാക്കും. ഏതു സംഘടനയുടെയും അധ്യക്ഷസ്ഥാനത്തെത്തുന്ന വ്യക്തി, ”ഞാനാണ് പരമാധികാരി, എനിക്ക് ഇന്നതു മാത്രമേ ചെയ്യാനൊക്കൂ…”എന്ന ധാര്‍ഷ്യ മനോഭാവം വെടിഞ്ഞ് തഴേയ്ക്കിറങ്ങിച്ചെന്ന് ഏത് ജോലിയും നിര്‍വഹിക്കാന്‍ സന്‍മനസ് കാട്ടണം. അല്ലെങ്കില്‍ ‘പ്ലാന്‍-ബി’ കൈയിലുണ്ടായിരിക്കണം.

വ്യക്തിവൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ സംഘടനയെ ഉപയോഗിക്കുന്നു എന്നുള്ളതാണ് സംഘടനകളില്‍ പൊതുവെ കണ്ടുവരുന്ന അതീവ ഗുരുതരമായ വീഴ്ചയും യാഥാര്‍ത്ഥ്യവും. ഇത് സംഘടനയുടെ അധപ്പതനത്തിന് കാരണമാക്കും. ഇത്തരക്കാരുടെ മനസ് മാറുകയോ അവര്‍ തല്‍ സ്ഥാനം രാജിവച്ച് പിന്‍മാറുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ ആ സംഘടനയോട് ചെയ്യുന്ന മഹാപരാധമായിരിക്കുമതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭരണപരമായ തെറ്റുകുറ്റങ്ങള്‍ മനുഷ്യ സഹജമാണ്. അത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അത് പുറത്ത് പറഞ്ഞ് നടക്കാതെ അതാത് കമ്മിറ്റികളില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയെന്നതാണ് സംഘടനാ മര്യാദ. തങ്ങളുടെ പാനലിനെ മാത്രം ജയിപ്പിക്കാന്‍ ചിലപ്പോള്‍ തന്ത്രങ്ങള്‍ പ്രയോഗിച്ചേക്കാം. അപ്പോള്‍ കഴിവും താത്പര്യവും അര്‍പണ ബോധവും സമയവുമുള്ളവരുടെ അവസരമാണ് നഷ്ടപ്പെടുക.

ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ ചെറിയ കൂട്ടായ്മകളിലേക്ക് മാറാനുള്ള പ്രവണത കാണുന്നുണ്ട്. ഇതിനു കാരണം കാലാകാലങ്ങളില്‍ അധികാരത്തിലിരിക്കുന്നവര്‍ സംഘടനയുടെ അംഗങ്ങളുടെ താത്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കാത്തതും നേതൃത്വത്തിന്റെ കുറ്റകരമായ ഉദാസീനത കൊണ്ടുമാണ്. ചില സന്ദര്‍ഭങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ പറയുന്നത് സാമുദായിക സംഘടനകളുടെ പ്രവാഹം കൊണ്ടാണ് ജനങ്ങള്‍ക്ക് സാമൂഹിക സംഘടനകളോടുള്ള താത്പര്യം കുറഞ്ഞുവരുന്നത് എന്നാണ്. ഈ വാദം തികച്ചും തെറ്റാണ്. കാരണം ജാതി, മതഭേദമെന്യെ എല്ലാവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാവുന്നതും അണിനിരക്കാവുന്നതും ആയ വേദികളാണ് സാമൂഹിക സാംസ്‌കാരിക സംഘടനകള്‍. ഇവരും വിവിധ സാമുദായിക സംഘടനകളില്‍ പെട്ടവരുമാണ്.

സാമുദായിക സംഘടനകളില്‍ അവരവരുടേതായ പ്രശ്‌നങ്ങളുണ്ട്. അത് അവര്‍ തന്നെ പറഞ്ഞു തീര്‍ക്കട്ടെ. സാമുദായിക സംഘടനകള്‍ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത് തങ്ങളുടെ വേദികളില്‍ ഐക്യം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. സഭയില്‍ പ്രവര്‍ത്തിക്കുന്നവരും സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും ഒരേ സമുദായത്തില്‍ പെട്ടവര്‍ ആണെന്നുള്ള തിരിച്ചറിവുണ്ടാകണം. എല്ലാവരും ആഗ്രഹിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പൊതുവായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണല്ലോ. അതിനു വേണ്ടി വിട്ടുവീഴ്ചയോടു കൂടി നിലകൊണ്ടാല്‍ ലക്ഷ്യം കൈയെത്തും ദൂരത്തായിരിക്കും.

സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മിടുക്കും ദീര്‍ഘവീക്ഷണവും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവരെയും ഒരേയളവില്‍ കാണാന്‍ മനസ്സും ഉള്ളവരായിരിക്കണം. അതാണ് യഥാര്‍ത്ഥ കമ്മ്യൂണിറ്റി സര്‍വീസ്. ആ സുബോധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സജീവതയാണ് ഏത് സംഘടനയുടെയും ജനപിന്തുണയുടെ അടിസ്ഥാനം. ഭാരവാഹികള്‍ തങ്ങളിരിക്കുന്ന കസേരയുടെ മാഹാത്മ്യം അറിഞ്ഞ് പ്രവര്‍ത്തിക്കുക. സംഘടകളില്‍ സജീവമായിരിക്കുന്നിടത്തോളം കാലം നല്ല സുഹൃത്തുക്കളെ സമ്പാദിക്കുവാന്‍ ശ്രമിക്കുക. അതും സംഘടനാ പ്രവര്‍ത്തനത്തിലൂടെ കിട്ടാവുന്ന ഏറ്റവും വലിയ നേട്ടമാണ്.

എന്റെ സംഘടനാ പ്രവര്‍ത്തനത്തില്‍ വലിയ നേട്ടങ്ങളുടെ അവകാശവാദങ്ങളൊന്നും നിരത്തുന്നില്ല. എങ്കിലും പ്രവര്‍ത്തിച്ച സംഘടനയുടെ നന്മയ്ക്കു വേണ്ടി മാത്രമേ ആത്മാര്‍ഥമായി നിലകൊണ്ടിട്ടുള്ളു എന്ന് ഉറപ്പിച്ചു തന്നെ പറയാം. പ്രിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അമേരിക്കയിലെ എല്ലാ സംഘടനകള്‍ക്കും നേതാക്കള്‍ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിന് മൊത്തമായും ഫോമയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍

Continue Reading

Latest News