Connect with us
Malayali Express

Malayali Express

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം ശക്തമായിരിക്കെ അമിത് ഷാ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി

INDIA

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം ശക്തമായിരിക്കെ അമിത് ഷാ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി

Published

on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി. മേഘാലയുടെ തലസ്ഥാനമായ ഷില്ലോംഗിലേക്ക് ഞായറാഴ്ച നടത്താനിരുന്ന സന്ദര്‍ശനമാണ് അമിത് ഷാ റദ്ദാക്കിയത്. നോര്‍ത്ത് ഈസ്റ്റേണ്‍ പോലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാനാണ് അമിത് ഷാ ഷില്ലോംഗില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദാക്കി. ഷില്ലോംഗിന് പുറമെ അസം സന്ദര്‍ശനവും അമിത് ഷാ റദ്ദാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമിലും മേഘാലയയിലുമാണ് കടുത്ത പ്രതിഷേധം നടക്കുന്നത്. ഇതിനിടെ ത്രിപുരയില്‍ നിന്നുള്ള മൂന്ന് ആദിവാസി വിഭാഗം നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ത്രിപുരയില്‍ ബി.ജെ.പിയുടെ ഘടകകക്ഷി കൂടിയായ ഇന്‍ഡീജിനസ് പീപ്പിള്‍സ് ഫ്രന്റ് ഓഫ് ത്രിപുര എന്ന പാര്‍ട്ടിയുടെ നേതാക്കളും മറ്റ് വിവിധ ആദിവാസി സംഘടനകളുടെ നേതാക്കളും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

ത്രിപുര കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന പ്രദ്യോദ് ബിക്രം മാണിക്യ ദേബ് ബര്‍മ്മയും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദേബ് ബര്‍മ്മ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ടിരുന്നു. പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് ത്രിപുരയെ ഒഴിവാക്കണമെന്ന് നേതാക്കള്‍ അമിത് ഷായോട് ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായ പൗരത്വ ദേഭഗതി ബില്‍ രാഷ്ട്രപതിയും കൂടി ഒപ്പിട്ടതോടെ രാജ്യത്തെ നിയമമായി മാറി. ഇതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസമിലും മേഘാലയിലുമാണ് കടുത്ത പ്രതിഷേധം നടക്കുന്നത്. പാക്കിസ്ഥാന്‍, ബംാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറി ക്രിസ്ത്യന്‍, ഹിന്ദു, സിഖ് , ബുദ്ധ, സൊറാസ്ട്രിയന്‍ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

Continue Reading

Latest News