Connect with us
Malayali Express

Malayali Express

ആധാര്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനവും ഉച്ചക്കഞ്ഞിയും നിഷേധിച്ച് അധികൃതര്‍

INDIA

ആധാര്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനവും ഉച്ചക്കഞ്ഞിയും നിഷേധിച്ച് അധികൃതര്‍

Published

on

ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെ 75 ശതമാനത്തോളം വരുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമായി പല വിദ്യാലയങ്ങളിലും പ്രവേശനത്തിനായി കുട്ടികളുടെ അധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്റെ പേരിലാണിത്.

2018 സെപ്തംബറില്‍ സുപ്രീം കോടതി ആധാറിന്റെ ഭരണഘഠനാ സാധുത ശരിവച്ചെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ കണക്ഷനുകള്‍, സ്‌കൂള്‍ പ്രവേശനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമില്ല എന്ന് വിധിച്ചിരുന്നു. എന്നാല്‍ ഈ സുപ്രധാന കോടതി ഉത്തരവ് ലംഘിച്ചാണ് പല സ്‌കൂളുകളും രാജ്യ വ്യാപകമായി പ്രവേശന സമയത്ത് ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

ഇന്ത്യയില്‍ 1.2 ബില്ല്യണ്‍ ആളുകള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത് രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിനും. ബാക്കിയുള്ള 103 ദശലക്ഷം ആളുകളും സ്വന്തമായി ആധാര്‍ കാര്‍ഡ് ഇല്ലാത്തവരാണ്. അതില്‍ത്തന്നെ 75 ദശലക്ഷം പേരും കുട്ടികളാണ്. അങ്ങനെ വരുന്ന കുട്ടികള്‍ക്കിടയില്‍ 25 ദശലക്ഷം പേരോളം അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്.

സ്‌കൂള്‍ പ്രായത്തിലുള്ള 13 ശതമാനം കുട്ടികളും ആധാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രവേശനത്തിന് കാലതാമസം നേരിട്ടുന്നവരാണ്. ഒരു ദശലക്ഷത്തിലധികം വരുന്ന കുട്ടികള്‍ക്കും സ്‌കൂളില്‍ ചേരാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാതാപിതാക്കള്‍ അവരെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ആധാറുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ അവര്‍ക്കതിന് സാധിക്കുന്നില്ല.

‘കോടതിയുടെ വിധി സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ല എന്നുവേണം അനുമാനിക്കാന്‍. ആധാര്‍ ഇപ്പോഴും സ്‌കൂള്‍ പ്രവേശത്തിന് നിര്‍ബന്ധമാണ്. ഇത് കാരണം അംഗന്‍വാടിയില്‍ പോലും കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു. മാതാപിതാക്കള്‍ എന്താണ് ചെയ്യേണ്ടത്?’ വികസന സാമ്പത്തിക വിദഗ്ധന്‍ റീതിക ഖേര പറഞ്ഞു.

പക്ഷെ, ഏറ്റവും ദാരുണമായ കാര്യം ഇതൊന്നുമല്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും ഉച്ചയ്ക്ക് നല്‍കുന്ന സൗജന്യ ഭക്ഷണം ഒരു വലിയ ആശ്വാസമാണ്. പല കുട്ടികളും ആ ഒരു നേരം മാത്രമായിരിക്കും വയറുനിറച്ചു വല്ലതും കഴിക്കുന്നത്. എന്നാല്‍ ആധാറിന്റെ പേരില്‍ അതും നിഷേധിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

സ്‌കൂള്‍ പ്രവേശനത്തിന് മാത്രമല്ല സ്‌കൂളില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍. ആധാര്‍ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് മാത്രം ഉച്ച ഭക്ഷണം സ്‌കൂളുകളില്‍ വിളമ്പുന്നു. ഇതിന് കാരണമായി പറയുന്നത് പഠനം പകുതിക്ക് വച്ച് നിര്‍ത്തിയ കുട്ടികള്‍ ഉച്ചക്ക് സ്‌കൂളില്‍ എത്തി പഠിക്കുന്ന കുട്ടികള്‍ക്കായി നല്‍കുന്ന ഭക്ഷണം കഴിക്കുന്നു എന്നതാണ്. അങ്ങനെ അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും ആഹാരം ലഭിക്കാതെ വരുന്നു.

ഇത് തടയാനായിട്ടാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ അതില്ലാത്തതിന്റെ പേരില്‍ പല വിദ്യാര്‍ത്ഥികളും പട്ടിണി കിടക്കേണ്ടി വരുന്നതും പരിതാപകരമാണ്. അര്‍ഹരായ കുട്ടികള്‍ വിശന്നിരിക്കരുത് എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഇത്, പക്ഷെ അര്‍ഹരായവര്‍ക്ക് പോലും ഭക്ഷണം നിഷേധിക്കുന്ന ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളായ വിദ്യയും അന്നവും ഏതിന്റെ പേരിലാണെങ്കിലും തടയുന്നത് തെറ്റാണ്. ആ അവസ്ഥയാണീ സ്‌കൂളുകളിലേതും.

Continue Reading

Latest News