Connect with us
Malayali Express

Malayali Express

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

LATEST NEWS

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Published

on

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് അഞ്ച് വിക്കറ്റിന് 207 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ എട്ട് പന്തുകള്‍ ശേഷിക്കേയാണു വിജയ റണ്ണെടുത്തത്.
50 പന്തില്‍ ആറ് സിക്സറും ആറ് ഫോറുമടക്കം 94 റണ്ണുമായിനിന്ന നായകന്‍ വിരാട് കോഹ്ലിയാണു വിജയ ശില്‍പി. ട്വന്റി20 കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഷിറോണ്‍ ഹിറ്റ്മേയര്‍ (41 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുമടക്കം 56) വിന്‍ഡീസിന് വെടിക്കെട്ടിനു തിരികൊളുത്തി. 208 റണ്ണെടുക്കാന്‍ ഇറങ്ങിയ ഇന്ത്യക്കു രോഹിത് ശര്‍മയെ (10 പന്തില്‍ എട്ട്) ക്ഷണത്തില്‍ നഷ്ടപ്പെട്ടു.
ശിഖര്‍ ധവാനു പകരം ഓപ്പണറുടെ റോളില്‍ ഇറങ്ങിയ ലോകേഷ് രാഹുല്‍ കിട്ടിയ അവസരം പരമാവധി ഉപയോഗിച്ചു. 40 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറുമടക്കം 62 റണ്ണെടുത്ത ലോകേഷ് രാഹുലും വിരാട് കോഹ്ലിയും ചേര്‍ന്നു സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 37 പന്തിലാണു രാഹുല്‍ അര്‍ധ സെഞ്ചുറി കടന്നത്. 26 റണ്ണെടുത്തപ്പോള്‍ ട്വന്റി20 യില്‍ 1000 റണ്‍ തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാകാനും രാഹുലിനായി. 40 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറുമടക്കം 62 റണ്ണെടുത്ത താരത്തെ ഖാരി പീര്‍ കെയ്റോണ്‍ പൊള്ളാഡിന്റെ കൈയിലെത്തിച്ചു. ഋഷഭ് പന്ത് (ഒന്‍പത് പന്തില്‍ 18), ശ്രേയസ് അയ്യര്‍ (നാല്) എന്നിവര്‍ പുറത്തായെങ്കിലും കോഹ്ലി പതറാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.
ടോസ് നേടിയ ഇന്ത്യ ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന ഉപ്പലിലെ പിച്ചില്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനു വിട്ടു. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പിന്നീടു കണ്ടത് റണ്‍ മഴ. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ ഒന്നാം ഓവറില്‍ ലെന്‍ഡല്‍ സിമ്മണ്‍സും എവിന്‍ ലൂയിസും ചേര്‍ന്ന ഓപ്പണിങ് ജോഡി നേടിയത് 13 റണ്‍.
രണ്ടാം ഓവറില്‍ സിമ്മണ്‍സിനെ (നാല് പന്തില്‍ രണ്ട്) പുറത്താക്കി ദീപക് ചാഹാര്‍ തിരിച്ചടിച്ചു. സ്ലിപ്പില്‍ രോഹിത് ശര്‍മയ്ക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണു സിമ്മണ്‍സ് മടങ്ങിയത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും വിന്‍ഡീസിനെ റണ്‍ അടിച്ചു കൂട്ടാന്‍ സഹായിച്ചു. നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയത്.
കരിയറിലെ ആദ്യ ട്വന്റി20 അര്‍ധ സെഞ്ചുറി നേടിയ ഷിംറോണ്‍ ഹിറ്റ്മേയറാണു വിന്‍ഡീസ് ബാറ്റിങിനു ചുക്കാന്‍ പിടിച്ചത്. 41 പന്തില്‍ നാലു സിക്സറുകളും രണ്ടു ബൗണ്ടറികളും അടക്കം 56 റണ്ണുമായാണു ഹിറ്റ്മേയര്‍ ക്രീസ് വിട്ടത്. എവിന്‍ ലൂയിസ് (17 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുമടക്കം 40), ബ്രണ്ടന്‍ കിങ് (23 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 31), നായകന്‍ കെയ്റോണ്‍ പൊള്ളാഡ് (19 പന്തില്‍ നാല് സിക്സറും ഒരു ഫോറുമുള്‍പ്പെടെ 37), ജാസണ്‍ ഹോള്‍ഡര്‍ (9 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 24) എന്നിവരും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു.
ഇന്ത്യക്കു വേണ്ടി ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാല്‍ രണ്ടു വിക്കറ്റെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. പ്രതീക്ഷിച്ചതു പോലെ മലയാളി താരം സഞ്ജു സാംസണിനെ അന്തിമ ഇലവനിലേക്കു പരിഗണിച്ചില്ല. പരിക്കു കാരണം പരമ്പരയില്‍നിന്ന് ഒഴിവാക്കിയ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലാണു കളിച്ചത്. എവിന്‍ ലൂയിസും ബ്രണ്ടന്‍ കിങും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 51 റണ്ണിന്റെ കൂട്ടുകെട്ടുമായി ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. വാഷിങ്ടണ്‍ സുന്ദറാണ് സഖ്യത്തെ വേര്‍പിരിച്ചത്. ലൂയിസിനെ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാം വിക്കറ്റിലും വിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഷിംറോണ്‍ ഹിറ്റ്മേയര്‍ ബൗളര്‍മാരെ നിലം തൊടീച്ചില്ല.
ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ക്രീസിന് പുറത്തേക്കിറങ്ങി അടിച്ചകറ്റാന്‍ ശ്രമിച്ച കിങിനെ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്തു. യുസ്വേന്ദ്ര ചാഹാല്‍ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് വിക്കറ്റ് വീണു. ഹിറ്റ്മേയറിനെ ആദ്യ പന്തില്‍ ചാഹാല്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത പൊള്ളാര്‍ഡിനെ മൂന്നാമത്തെ പന്തിലും ചാഹാല്‍ മടക്കി. തിരിഞ്ഞു വന്ന പന്ത് മനസിലാക്കാന്‍ വിന്‍ഡീസ് നായകന്‍ വൈകിയതോടെ ലെഗ് സ്റ്റമ്പ് തെറിച്ചു. സഞ്ജുവിനെക്കൂടാതെ മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. നാല് ഓവര്‍ എറിഞ്ഞ ഭുവി 36 റണ്‍ വഴങ്ങി. വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് ഓവറില്‍ 34 റണ്ണും ചാഹാര്‍ നാല് ഓവറില്‍ 56 റണ്ണും വഴങ്ങി. രവീന്ദ്ര ജഡേജ നാല് ഓവറില്‍ 30 റണ്‍ വിട്ടുകൊടുത്തു. ശിവം ദുബെ ഒരോവറില്‍ 13 റണ്‍ വിട്ടുകൊടുത്തു ധാരാളിയായി.

Continue Reading

Latest News