Connect with us
Malayali Express

Malayali Express

യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ വനിതാ കൂട്ടായ്മ ബർമിങ്ങാം ബെഥേലിൽ

EUROPE

യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ വനിതാ കൂട്ടായ്മ ബർമിങ്ങാം ബെഥേലിൽ

Published

on


ഫാ. ബിജു കുന്നയ്ക്കാട്ട്

ബർമിങ്ങാം : ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വിമെൻസ് ഫോറത്തിന്റെ പ്രഥമ മഹാസമ്മേളനം നാളെ ബർമിങ്ങാം ബെഥേൽ കൺവൻഷൻ സെന്ററിൽ നടക്കും. ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും മറ്റ് ഒരുക്കങ്ങൾക്കും ശേഷമാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എട്ടു റീജിയനുകളിൽ നിന്നായി 1500ൽപരം വനിതകൾ “ടോട്ട പുൾക്രാ” എന്ന ഈ സമ്മേളനത്തിനെത്തിച്ചേരുന്നത്. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ആത്മീയ വനിതാ അൽമായായ കൂട്ടായ്മ എന്ന ഖ്യാതിയോടെയാണ് ഈ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായതായി കോ ഓർഡിനേറ്റർ വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു.
‘ടോട്ട പുൾക്ര’ എന്നു പരി കന്യകാമാതാവിനെ വിളിക്കാൻ ആദിമസഭയിലെ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (ടോട്ട പുൾക്ര) ‘സർവ്വമനോഹരി’ എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിന്റെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.

മനുഷ്യജീവിതത്തിൽ ആത്മീയവും ഭൗതികവുമായ തലങ്ങൾ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഏതാനും വർഷങ്ങൾക്കുമുൻപ് സ്ത്രീത്വത്തിന്റെ മഹത്വം ഉയർത്തിക്കാട്ടാൻ ‘വിമെൻസ് ഫോറം’ രൂപീകരിച്ചത്. ഭൗതികജീവിത സാഹചര്യങ്ങളിൽ മാത്രമല്ല, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിലും സ്ത്രീകൾക്ക് സുപ്രധാനസ്ഥാനമുണ്ടന്ന തിരിച്ചറിവിൽ സഭ സ്ത്രീത്വത്തിനു നൽകുന്ന ആദരം കൂടിയാണിത്.

നാളെ (ശനിയാഴ്ച) രാവിലെ ഒൻപതുമണിക്ക് റജിസ്ട്രേഷനോടു കൂടി പരിപാടികൾ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റവ. സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന വി. കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിൽ ശുശ്രുഷചെയ്യുന്ന വൈദികർ സഹകാർമ്മികരായിരിക്കും.

റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ പരിശീലനത്തിൽ 125ൽ അധികം ഗായകരണിനിരക്കുന്ന ഗായകസംഘമാണ് വി. കുർബായിൽ ഗാനങ്ങൾ ആലപിക്കുന്നത്. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും നടക്കും പരിപാടികളുടെ സമാപനത്തിലായി നടക്കും. ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കുവാൻ രൂപതയിലെ മുഴുവൻ വനിതകളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. സമ്മേളനം നടക്കുന്ന ബെഥേൽ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്: Kelvin Way, West Bromwich, Birmingham B70 7JW

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News