Connect with us
Malayali Express

Malayali Express

ഒസി‌ഐ കാര്‍ഡിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് : അനിയന്‍ ജോര്‍ജ്

USA

ഒസി‌ഐ കാര്‍ഡിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് : അനിയന്‍ ജോര്‍ജ്

Published

on

മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂജെഴ്സി: ക്ര്‌സ്മസ് പുതുവത്സര സമയത്ത് മാതാപിതാക്കളേയും ബന്ധുമിത്രാദികളേയും സന്ദര്‍ശിക്കുവാന്‍ കുടുംബവുമായി ജന്മനാട്ടിലേക്ക് യാത്രയാകുന്ന ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിവിധ എയര്‍ലൈനുകള്‍ ഇരുട്ടടി നല്‍കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി എയര്‍ ഇന്ത്യ, ഖത്തര്‍, കുവൈറ്റ്, ഇത്തിഹാദ് എന്നീ ഒട്ടേറെ എയര്‍ലൈന്‍സ് കമ്പനികള്‍ യാത്രക്കാരെ ഒസിഐ കാര്‍ഡ് പുതുക്കിയില്ല എന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയാണ്.

വിദേശ ഇന്ത്യക്കാരുടെ കാലാകാലങ്ങളായുള്ള ആവശ്യപ്രകാരമാണ് ആജീവനാന്ത വിസയായ ഒസി‌ഐ കാര്‍ഡ് നേടിയെടുത്തത്. ‘യു വിസ’ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ അമേരിക്കന്‍ പാസ്പോര്‍ട്ട്, പുതുക്കിയ പാസ്പോര്‍ട്ട്, ഒസിഐ കാര്‍ഡ് എന്നീ യാത്രാരേഖകളുണ്ടെങ്കില്‍ ഏത് വിമാനത്താവളത്തില്‍ നിന്നും ഏത് എയര്‍ലൈന്‍സിലും യാത്ര ചെയ്യാമായിരുന്നു. ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് 21 വയസ്സില്‍ താഴെയുള്ള കുട്ടികളേയും, 50 വയസ്സിനു മുകളിലുള്ളവരേയും യാത്ര ചെയ്യുവാന്‍ അനുവദിക്കാതെ മടക്കി അയക്കുന്നത്.

ഇങ്ങനെ യാത്ര മുടങ്ങിയവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് ഹൈദരാബാദിലും മുംബൈയിലുമാണ്. അതാകട്ടേ ശരിയാം വണ്ണം കേള്‍ക്കാനും കഴിയാത്ത രീതിയില്‍. ഒസിഐ, വിസ സര്‍‌വ്വീസുകള്‍ സികെ‌ജി‌എസ് എന്ന ഏജന്‍സിക്ക് ഔട്ട്സോഴ്സ് ചെയ്തിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പത്ത് ദിവസവും മറ്റു സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ രണ്ടു മാസത്തിലധികവും ഒസിഐ കാര്‍ഡ് പുതുക്കാന്‍ സമയമെടുക്കുന്നു. ബന്ധുമിത്രാദികളോടൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ തയ്യാറെടുക്കുമ്പോഴാണ് അവരെ ദുരിതത്തിലാക്കി യാതൊരു മുന്നറിയിപ്പും നല്‍കാതെ യാത്രകള്‍ മുടക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളോട് ആവശ്യപ്പെടുകയാണ്.

പ്രതിഷേധമറിയിക്കുന്നതിനു മുന്നോടിയായി, ഡിസംബര്‍ 4 ബുധനാഴ്ച രാത്രി 8 മണിക്ക് (ഇ‌എസ്‌ടി) ദേശീയതലത്തില്‍ ഒരു കോണ്‍ഫറന്‍സ് കോള്‍ സംഘടിപ്പിക്കുന്നു. പ്രസ്തുത കോണ്‍ഫറന്‍സില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയും ക്ഷണിച്ചിട്ടുണ്ട്.

ഈ കോണ്‍ഫറന്‍സിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ദ്ധന്‍ ഷ്രിംഗ്‌ല, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി എന്നിവര്‍ക്ക് വിദേശ ഇന്ത്യക്കാര്‍ ഒപ്പിട്ട ഒരു ഓണ്‍‌ലൈന്‍ പെറ്റീഷന്‍ നല്‍കുവാനും, 2020 ഫെബ്രുവരി 28 വരെ ഒസിഐ കാര്‍ഡിന്റെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

കോണ്‍ഫറന്‍സ് കോള്‍ വിവരങ്ങള്‍:

ഡിസംബര്‍ 4 ബുധന്‍. സമയം രാത്രി 8:00 മണി (ഇ‌എസ്‌ടി).
വിളിക്കേണ്ട നമ്പര്‍: 425 436 6200.
ആക്സസ് കോഡ്: 234922#

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ ജോര്‍ജ് 908 337 1289.

Continue Reading

Latest News