Connect with us
Malayali Express

Malayali Express

ഷഹ്‌ലയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: രാഹുല്‍ ഗാന്ധി

KERALA

ഷഹ്‌ലയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച്‌ വയനാട് എംപി രാഹുല്‍ ഗാന്ധി. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവിതമാണ് പഠന സ്ഥലത്തുവച്ചു നഷ്ടമായതെന്നും ഷഹ്ലയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്റെ ദാരുണ മരണത്തിലേക്ക് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ക്ലാസ് മുറിയിലെ മാളത്തില്‍ ഒളിച്ചിരുന്ന പാമ്പാണ് കുട്ടിയെ കടിച്ചതെന്നും ഒരു വാഗ്ദാന ജീവിതമാണ് പഠന സ്ഥലത്തുവെച്ച്‌ ദാരുണമായി ഇല്ലാതായതെന്നും രാഹുല്‍ കത്തില്‍ പറയുന്നു.

അനുയോജ്യമായ പഠനാന്തരീക്ഷം ഇല്ലാത്തത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ഗുണനിലവാരമുള്ള സ്‌കൂളുകള്‍ സൃഷ്ടിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് കേരള സര്‍ക്കാര്‍. അതിനാല്‍ തന്നെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോടും പൊതു വിദ്യാഭ്യാസ വകുപ്പിനോടും അഭ്യര്‍ഥിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.

Continue Reading

Latest News