Connect with us
Malayali Express

Malayali Express

യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജനദിനാഘോഷങ്ങൾ ശനിയാഴ്ച ബർമിങ്ങാമിൽ

EUROPE

യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജനദിനാഘോഷങ്ങൾ ശനിയാഴ്ച ബർമിങ്ങാമിൽ

Published

on


സജീഷ് ടോം

ബർമിങ്ങാം: യുവജനങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബർ 23 ശനിയാഴ്ച വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും അവസരം ഒരുക്കിക്കൊണ്ടാണ് ദിനാഘോഷം വിഭാവനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷം ജി സി എസ് ഇ, എ-ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകരിൽ മുൻനിരയിൽ എത്തിയ പത്ത് വിദ്യാർത്ഥികൾ വീതമാണ് അവാർഡിന് അർഹരായിരിക്കുന്നത്. പത്താം വാർഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നൽകുന്ന സ്നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേർക്ക് വീതം അവാർഡുകൾ നൽകാനുള്ള തീരുമാനം.

ജിസിഎസ്ഇ വിഭാഗത്തിൽ സെറീന സെബാസ്ററ്യൻ (ക്രോയ്‌ഡൺ), മാനുവൽ വർഗീസ് ബേബി (യോവിൽ), ആഷ്‌ലൻ സിബി (മാഞ്ചസ്റ്റർ), ആഗ്‌നോ കാച്ചപ്പള്ളി (സട്ടൻ), ഐവിൻ ജോസ് (ഹെർട്ട്ഫോർഡ്ഷയർ), അമിത് ഷിബു (എർഡിംഗ്ടൺ), ആനി അലോഷ്യസ് (ല്യൂട്ടൻ) എന്നിവർ “ഔട്ട്‍സ്റ്റാൻഡിംഗ് അക്കാഡമിക് അച്ചീവ്‌മെന്റ് അവാർഡി”നും; ഡെനിസ് ജോൺ (വാറ്റ്‌ഫോർഡ്), ലിയാം ജോർജ്ജ് ബെന്നി (ഷെഫീൽഡ്), ജെർവിൻ ബിജു (ബർമിംഗ്ഹാം) എന്നിവർ “അക്കാഡമിക് എക്സലൻസ് അവാർഡി”നും അർഹത നേടി.
എ – ലെവൽ വിഭാഗത്തിൽ അലീഷ ജിബി (സൗത്താംപ്റ്റൺ), പ്രണവ് സുധീഷ് (കെറ്ററിംഗ്‌), ഐസക് ജോസഫ് ജേക്കബ് (ലെസ്റ്റർ), കുര്യാസ് പോൾ (ല്യൂട്ടൻ), സറീന അയൂബ് (ക്രോയ്‌ഡൺ), മേഘ്‌ന ശ്രീകുമാർ (ഗ്ലോസ്റ്റർഷെയർ) എന്നിവർ “ഔട്ട്‍സ്റ്റാൻഡിംഗ് അക്കാഡമിക് അച്ചീവ്‌മെന്റ് അവാർഡി”നും; ശ്വേത നടരാജൻ (ബർമിംഗ്ഹാം), ക്ലാരിസ് പോൾ (ബോൺമൗത്ത്‌), ലക്ഷ്മി ബിജു (ഗ്ലോസ്റ്റർഷെയർ), അന്ന എൽസോ (റെഡിച്ച്) എന്നിവർ “അക്കാഡമിക് എക്സലൻസ് അവാർഡി”നും അർഹത നേടി.
യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ, ദേശീയ ഉപദേശക സമിതി അംഗം തമ്പി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യുവജന ദിനാഘോഷങ്ങളുടെയും അവാർഡ് ദാനചടങ്ങുകളുടെയും ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിച്ചുവരുന്നു. ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തിലാണ് ദേശീയ യുവജന ദിനാഘോഷപരിപാടികൾ യുക്മ സംഘടിപ്പിക്കുന്നത്. രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാല് മണിവരെ ആണ് യുവജന പരിശീലക്കളരി നടക്കുന്നത്. വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ തലത്തിലും മികവ് തെളിയിച്ച നിരവധി വ്യക്തികളുമായി ആശയങ്ങൾ പങ്കുവക്കാനും അവരുടെ അനുഭവ മേഖലകൾ മനസിലാക്കുവാനും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും യുക്മ ദേശീയ യുവജനദിനം.

യുക്മ ദേശീയ ഭാരവാഹികളായ മനോജ്‌കുമാർ പിള്ള, അലക്സ് വർഗീസ്, അനീഷ് ജോൺ, അഡ്വ.എബി സെബാസ്ററ്യൻ, സാജൻ സത്യൻ, ടിറ്റോ തോമസ്, റീജിയണൽ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങി വിപുലമായ നേതൃനിര യുവജനാഘോഷ പരിപാടികളിൽ എത്തിച്ചേരുന്നവരെ സ്വീകരിക്കുവാൻ ബർമിംഗ്ഹാമിൽ ഉണ്ടായിരിക്കും. പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തുന്നവർ പത്ത് പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവർ 9:30 ന് തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. യുവജനദിന പരിപാടികളോടനുബന്ധിച്ച് നവംബർ 23 ന് തന്നെ ആയിരിക്കും അവാർഡ് ദാനവും നടക്കുക. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:- UKKCA Community Centre, 83 Woodcross Lane, Bilston – WV14 9BW

Continue Reading

Latest News