Connect with us
Malayali Express

Malayali Express

ഇന്‍ഡോറില്‍ ശരിക്കും ‘മായാ’ജാലം.. ബംഗ്ലാദേശിനെ ഇന്നിങ്സിനും 130 റണ്‍സിനും തകര്‍ത്ത് ഇന്ത്യ

LATEST NEWS

ഇന്‍ഡോറില്‍ ശരിക്കും ‘മായാ’ജാലം.. ബംഗ്ലാദേശിനെ ഇന്നിങ്സിനും 130 റണ്‍സിനും തകര്‍ത്ത് ഇന്ത്യ

Published

on

കണ്ണടച്ച് തുറക്കും വേഗത്തില്‍ ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എല്ലാം അവസാനിച്ചു. ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ആത്മവിശ്വാസത്തില്‍ ഇന്‍ഡോറില്‍ ഒന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ മറുപടിയില്ലാതാക്കി. ഫലം മൂന്നാം ദിവസം ഇന്നിങ്സിനും 130 റണ്‍സിനും ആതിഥേയര്‍ക്ക് ത്രസിപ്പിക്കുന്ന ജയം. ഇന്ത്യയുടെ 343 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സില്‍ 69.2 ഓവറില്‍ 213 റണ്‍സിന് പുറത്താകുകയായിരുന്നു. സ്‌കോര്‍: ബംഗ്ലാദേശ്: 150, 213. ഇന്ത്യ: 493/6.

ബാറ്റിങ്ങില്‍ മായങ്ക് അഗര്‍വാള്‍ ഡബിളില്‍ ‘മായാ’ ജാലം തീര്‍ത്തപ്പോള്‍ നാലു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി ഇന്ത്യന്‍ ജയം അതിവേഗത്തിലാക്കി. രണ്ടാം ഇന്നിങ്സില്‍ ഉമേഷ് യാദവാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും, രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ വിജയം അനായാസമാക്കി. ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് മത്സരത്തിലെ താരം.

ബംഗ്ലാദേശ് നിരയില്‍ അഞ്ചു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 105 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 43 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിം ആണ് ബംഗ്ലാ നിരയിലെ ടോപ്സ്‌കോറര്‍. ക്യാപ്റ്റന്‍ മോമിനുള്‍ ഹാഖ്( 80 പന്തില്‍ 37 റണ്‍സ്), മൊഹമ്മദ് മിഥുന്‍( 36 പന്തില്‍ 13), ലിട്ടണ്‍ ദാസ്( 31 പന്തില്‍ 21 റണ്‍സ്),മഹ്മദുള്ളാഹ്( 30 പന്തില്‍ 10) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍. ഷദ്മാന്‍ ഇസ്ലാം( ആറ് റണ്‍സ്), ഇമ്റുള്‍ കയിസ്( ആറ് റണ്‍സ്), മെഹിദി ഹസന്‍ മിറാസ്(പൂജ്യം), തയ്ജുള്‍ ഇസ്ലാം( ഒരു റണ്‍സ്), എബാഡറ്റ് ഹൊസെയ്ന്‍( രണ്ട് റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഏഴു റണ്‍സെടുത്ത അബു ജയേദ് പുറത്താകാതെ നിന്നു.

രണ്ടാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 493 റണ്‍സിന് ആദ്യ ഇന്നിങ്സ് ഡി€യര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 343 റണ്‍സ് ലീഡ് ഉയര്‍ത്തിയാണ് ആതിഥേയര്‍ രണ്ടാം ദിനം ഡി€യര്‍ ചെയ്ത്. കരിയറിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഇന്‍ഡോറിലെ താരം. 330 പന്തില്‍ എട്ട് സിക്സറും 28 ഫോറുമടക്കം 243 റണ്ണുമായാണു മായങ്ക് ഇന്ത്യന്‍ ഇന്നിങ്സിനു നങ്കൂരമിട്ടത്. കര്‍ണാടക താരം മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് ഇരുനൂറിലേക്കു മാറ്റിയത്. ഏറ്റവും വേഗത്തില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെ മായങ്ക് പിന്നിലാക്കി. ബ്രാഡ്മാന്‍ 13 ഇന്നിങ്സുകള്‍ക്കു ശേഷമാണ് രണ്ടാം ഇരട്ട സെഞ്ചുറി നേടിയത്. മായങ്കിന്റെ 12ാമത്തെ ഇന്നിങ്സായിരുന്നു ഇത്. ആദ്യ അഞ്ച് ഇന്നിങ്സുകളില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ കുറിച്ച ഇന്ത്യയുടെ മുന്‍ താരം വിനോദ് കാംബ്ലിയാണ് ഒന്നാമന്‍.

രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ചേതേശ്വര്‍ പൂജാരയും അഗര്‍വാളും ചേര്‍ന്നു മികച്ച തുടക്കം നല്‍കി. നായാകന്‍ വിരാട് കോഹ്ലി നേരിട്ട രണ്ടാമത്തെ പന്തില്‍ പൂജ്യത്തിനു പുറത്തായെങ്കിലും പൂജാരയും മായങ്കും കളം നിറഞ്ഞ് കളിച്ചു. കോഹ്ലിയെ അബു ജായെദ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 68 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി കുറിച്ച പൂജാര നാല് റണ്‍ കൂടി കൂട്ടിച്ചേര്‍ത്തു മടങ്ങി.
പൂജാരയെയും ജായെദാണു പുറത്താക്കിയത്. അജിന്‍ക്യ രഹാനെ (172 പന്തില്‍ 86) അര്‍ധ സെഞ്ചുറി നേടി പുറത്തായി. രഹാനെയെയും ജായെദാണു പുറത്താക്കിയത്. രഹാനെ ക്രീസില്‍നിന്നു മടങ്ങുമ്പോള്‍ സ്‌കോര്‍ 300 കടന്നിരുന്നു. രവീന്ദ്ര ജഡേജ ക്രീസിലെത്തിയതോടെ ബംഗ്ലാബൗളര്‍മാരുടെ ദുരവസ്ഥ കൂടുതല്‍ സങ്കീര്‍ണവുമായി. 72 പന്തിലാണു ജഡേജ അര്‍ധ സെഞ്ചുറി കടന്നത്. മെഹ്ദി ഹസനെ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച മായങ്കിനെ അബു ജായേദ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. പിന്നാലെ വന്ന വൃദ്ധിമാന്‍ സാഹ (11 പന്തില്‍ 12) നിലയുറപ്പിക്കും മുമ്പ് മടങ്ങി. 76 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 60 റണ്ണെടുത്ത രവീന്ദ്ര ജഡേജയും 10 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം 25 റണ്ണെടുത്ത ഉമേഷ് യാദവും പുറത്താകാതെ നിന്നു.25 ഓവറില്‍ 108 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്ത അബു ജായേദാണ് ബംഗ്ലാ ബൗളര്‍മാരില്‍ കേമനായത്. തായ്ജുള്‍ ഇസ്ലാം 120 റണ്‍ വഴങ്ങിയെങ്കിലും വിക്കറ്റെടുത്തില്ല. 125 റണ്‍ വഴങ്ങിയാണു മെഹ്ദി ഹസന്‍ ഒരു വിക്കറ്റെടുത്തത്.

Continue Reading

Latest News