Connect with us
Malayali Express

Malayali Express

പിഞ്ചുമൃതദേഹത്തോട് നഗരസഭയുടെ അനാദരവ്; മറവുചെയ്യാന്‍ ഇടംനല്‍കാതെ വച്ചുതാമസിപ്പിച്ചത് 36 മണിക്കൂര്‍; ഒടുവില്‍ കുഴിയെടുത്തത് പോലീസ്; വന്‍പ്രതിഷേധം

KERALA

പിഞ്ചുമൃതദേഹത്തോട് നഗരസഭയുടെ അനാദരവ്; മറവുചെയ്യാന്‍ ഇടംനല്‍കാതെ വച്ചുതാമസിപ്പിച്ചത് 36 മണിക്കൂര്‍; ഒടുവില്‍ കുഴിയെടുത്തത് പോലീസ്; വന്‍പ്രതിഷേധം

Published

on

നവജാത ശിശുവിന്റെ മൃതദേഹം മറവുചെയ്യാന്‍ ഒരു തുണ്ട് ഭൂമി നല്‍കാന്‍ മനസ്സുകാണിക്കാതെ ഏറ്റുമാനൂര്‍ നഗരസഭയുടെ ക്രൂരത. വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ കുട്ടിയാണ് ഏഴാം തീയതി പ്രസവത്തോടെ മരിച്ചത്. കോട്ടയം തെള്ളകം ആശുപത്രിയില്‍ ആയിരുന്നു പ്രസവം.

അതിരമ്പുഴ പഞ്ചായത്തിന്റെ തലയില്‍ വച്ചുകെട്ടി കയ്യൊഴിയാന്‍ നഗരസഭ ശ്രമിച്ചെങ്കിലും ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ തെള്ളകത്തെ ശ്മശാനം സംസ്‌കാരത്തിന് വിട്ടുകൊടുത്തു. കുഴിവെട്ടാന്‍ ജീവനക്കാര്‍ ഇല്ലാതെ വന്നതോടെ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ചു.

നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസില്‍ കയറി പ്രതിഷേധിച്ചു. ചെയര്‍മാന്‍ന്റെ കാബിനില്‍ എത്തി നെയിം ബോര്‍ഡുകള്‍ നശിപ്പിച്ചു. ചെയര്‍മാന്റെ മുന്നില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തുനീക്കി. ചെയര്‍മാന്റെയും സെക്രട്ടറിയുടെയും അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്ന പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായാണ് നഗരസഭാ കെട്ടിടത്തിലേക്ക് പാഞ്ഞുകയറിയത്. പോലീസ് ഈ നീക്കം പ്രതീക്ഷിച്ചിരുന്നില്ല. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസ് ഇല്ലായിരുന്നു. പിന്നീട് കൂടുതല്‍ പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തുനീക്കിയത്.

മൂന്‍പും ചെയര്‍മാന്റെ ഭാഗത്തുനിന്നും സമാനമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മുന്‍പ് അതിരമ്പുഴ പഞ്ചായത്തില്‍നിന്നും കൊണ്ടുവന്ന ഒരു മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. ഈ ചെയര്‍മാന്‍ അധികാരമേറ്റശേഷമാണ് ഇത്തരം അനാസ്ഥയെന്നും പ്രതിപക്ഷം ആരോപിച്ചു.

മൃതദേഹം സംസ്‌കരിക്കുന്നതിന് പൊതുശ്മശാനത്തില്‍ ഇടം ചോദിച്ച് ഇന്നലെ വൈകിട്ട് 4.30യ്ക്ക് നഗരസഭയ്ക്ക് കത്ത് നല്‍കി. എന്നാല്‍ അതിരമ്പുഴ പഞ്ചായത്തിനാണ് ശ്മശാനം അനുവദിക്കാന്‍ കഴിയൂവെന്ന് കാണിച്ച് നഗരസഭ കയ്യൊഴിഞ്ഞു. എന്നാല്‍ പഞ്ചായത്തും അനുമതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ പോലീസ് ഇടപെടുക കൂടി ചെയ്തതോടെ ഇന്ന് ഉച്ചയോടെ തെള്ളകത്തുള്ള ശ്മശാനം വിട്ടുകൊടുത്തത്. തര്‍ക്കത്തിനിടെ 36 മണിക്കൂറാണ് കുഞ്ഞിന്റെ മൃതദേഹം വച്ചുതാമസിപ്പിക്കേണ്ടിവന്നത്.

ശ്മശാനം വിട്ടുകൊടുത്തുവെങ്കിലും ജീവനക്കാര്‍ കുഴിവെട്ടാന്‍ ഇല്ലെന്ന നിലപാടായിരുന്നു നഗരസഭയ്ക്ക് ഇതോടെ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ തന്നെ ശരീരംമറവുചെയ്യാനുള്ള കുഴിയെടുത്തു. കുഞ്ഞിന്റെ മൃതദേഹവുമായി നഗരസഭയുടെ മുന്നില്‍ എസ്.ഐ പ്രതിഷേധിക്കാന്‍ ഒരുങ്ങിയതോടെയാണ് സ്ഥലം വിട്ടുകൊടുത്തത്.

എന്നല്‍ കുട്ടിയെ സംസ്‌കരിക്കേണ്ടത് നഗരസഭയുടെ ചുമതലയല്ലെന്നും അതിരമ്പുഴ പഞ്ചായത്ത് പരിധിയിലാണ് കുടുംബം താമസിച്ചിരുന്നതെന്നുമാണ് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്റെ പ്രതികരണം. പഞ്ചായത്താണ് കാര്യങ്ങള്‍ നോക്കേണ്ടത്. ആധുനിക ശ്മശാനം പണിയുന്നതിനാല്‍ ആവശ്യത്തിന് സ്ഥലമില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

Continue Reading

Latest News