Connect with us
Malayali Express

Malayali Express

ഗോഡ്സെയെപ്പോലും വിചാരണ നടത്തിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്: മാവോയിസ്റ്റുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമെന്ന് ആവര്‍ത്തിച്ച് കാനം

KERALA

ഗോഡ്സെയെപ്പോലും വിചാരണ നടത്തിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്: മാവോയിസ്റ്റുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമെന്ന് ആവര്‍ത്തിച്ച് കാനം

Published

on

പാലക്കാട് മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകള്‍ പോലുള്ള തീവ്ര ഇടതുപക്ഷ ഗ്രുപ്പുകളെ വെടിയുണ്ടകളിലുടെ ഉന്മൂലനം ചെയ്യാം എന്ന ധാരണ ബാലിശമാണെന്ന് കാനം ഫെയ്സ്ബുക്ക് പോസ്റ്റിലുടെ വ്യക്തമാക്കി.

മഹാത്മഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെപ്പോലും കോടതി വിചാരണ നടത്തി കുറ്റവാളിയെന്ന് കണ്ടെത്തിയതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും കാനം കുറിപ്പില്‍ പറയുന്നു. ഗ്രാമീണ ജനത കൊടിയ ദാരിദ്രവും ചൂഷണവും വിവേചനവും അനുഭവിക്കുന്ന അവസ്ഥ മാറാത്തിടത്തോളം കാലം ഇത്തരം സംഘടനകളെ ഇല്ലാതാക്കുക ദുഷ്‌കരമാണെന്നും പോസ്റ്റില്‍ കാനം വ്യക്തമാക്കുന്നു.

കുറിപ്പിന്‍െ്റ പൂര്‍ണരൂപം:
ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്

1925 ഡിസംബര്‍ 26 ന് കാണ്‍പൂരില്‍ വച്ചു നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപീകൃതമായതിനു ശേഷം പല കാലഘട്ടങ്ങളിലും കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകള്‍
സി പി ഐ യില്‍ നിന്നും വിഘടിച്ചു പോവുകയും സ്വന്തമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

1964 ല്‍ പാര്‍ട്ടി വിട്ടുപോയ സഖാക്കള്‍ രൂപീകരിച്ച പാര്‍ട്ടിയാണ് സി പി ഐ (എം). പിന്നീട് ചൈനയില്‍ ചെയര്‍മാന്‍ മാവോ സെതുങ്ങ് നയിച്ച സായുധ വിപ്ലവത്തില്‍ ആകൃഷ്ടരായ ചില ചെറുപ്പക്കാര്‍ 1967 ല്‍ പശ്ചിമ ബംഗാളിലെ നക്സല്‍ ബാരി എന്ന ഗ്രാമത്തില്‍ സംഘടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്ലെനിനിസ്റ്റ്) രൂപീകരിച്ചു. സായുധവിപ്ലവത്തില്‍ വിശ്വസിച്ച അവര്‍ക്ക് നക്സലുകള്‍ എന്ന വിളിപ്പേരുണ്ടായി.

ഏതാണ്ടിതേ കാലത്തു തന്നെ 1966 ല്‍ പശ്ചിമ ബംഗാളില്‍ മാവോ സെ തുങ്ങിന്റെ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ രൂപീകരിച്ചു. തെലുങ്കാനയില്‍ രൂപീകൃതമായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും, ഇതേ ആശയം തന്നെ പിന്തുടര്‍ന്നു.

പിന്നീട് ചില നക്സലൈറ്റ് ഗ്രൂപ്പുകള്‍ പാര്‍ലമെന്ററി ജനാധിപത്യ രീതി അംഗീകരിച്ചുകൊണ്ട് പൊതുധാരയിലേക്ക് തിരിച്ചു വന്നു. സി പി ഐ (എം.എല്‍) പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. അവര്‍ നിയമസഭകളിലും പാര്‍ലമെന്റിലും എത്തി. 1989 ല്‍ ബീഹാറിലെ ആര മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാമേശ്വര്‍ പ്രസാദാണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ സി പി ഐ (എം എല്‍) അംഗം. അതേസമയം മാവോയിസ്റ്റുകളും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും ഇപ്പോഴും സായുധ സമരത്തിന്റെ പാത പിന്തുടരുന്നു,

കേരളത്തെ സംബന്ധിച്ചിടത്തോളം ബംഗാളില്‍ നക്സലൈറ്റ് പ്രസ്ഥാനം രൂപീകൃതമായ അറുപതുകളില്‍ തന്നെ അതിന്റെ അലയൊലികള്‍ എത്തിച്ചേര്‍ന്നിരുന്നു. ‘വസന്തത്തിന്റെ ഇടിമുഴക്കം” എന്ന പേരില്‍ ചെറുപ്പക്കാര്‍ നക്സലിസത്തില്‍ ആകൃഷ്ടരാവുകയും ചെയ്തു.

1970 ല്‍ തിരുനെല്ലിയില്‍ വച്ച് നക്സലൈറ്റ് നേതാവ് വര്‍ഗീസ് പോലീസ് വെടിയേറ്റു കൊല്ലപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം അത് ഒരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് വെടിയുതിര്‍ത്ത പോലീസുകാരന്‍ തന്നെ പരസ്യമായി സമ്മതിക്കുകയും ചെയ്തു.

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്കുശേഷം കേരളത്തില്‍ വേരുറപ്പിക്കാന്‍ സായുധ വിപ്ലവത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്കൊന്നും സാധിച്ചിട്ടില്ല. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വളര്‍ന്നു വന്ന മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളില്‍ ഉണ്ടെന്നും അവര്‍ വനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളിലും റിസോര്‍ട്ടുകളിലും മറ്റും ചെന്ന് ഭീഷണിപ്പെടുത്തിയെന്നുമൊക്കെയുള്ള ചില വാര്‍ത്തകളും വന്നിരുന്നു. പക്ഷെ അവര്‍ സാധാരണ പൗരന്മാരെ ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തതായി കണ്ടിട്ടില്ല.

2016 നവംബറില്‍ നിലമ്പൂരിലെ കരുളായി വന മേഖലയില്‍ കുപ്പുസ്വാമി, അജിത, വയനാട് ലക്കിടിയില്‍ 2019 മാര്‍ച്ചില്‍ സി പി ജലീല്‍, ഈ വര്‍ഷം ഒക്ടോബര്‍ 27 ന് അട്ടപ്പാടി വനമേഖലയില്‍ കാര്‍ത്തി, രമ, അരവിന്ദ്, മണിവാസകം എന്നിവരും മാവോയിസ്റ്റുകള്‍ എന്ന് വിശേഷിക്കപ്പെട്ട് തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയുണ്ടക്കിരയായി. ഈ ഏഴുപേരില്‍ ഭൂരിഭാഗം പേരും പുറകില്‍ നിന്നും വെടിയേറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വധിക്കുക എന്ന ഉദ്ദേശത്തോടെ ക്ലോസ് റേഞ്ചില്‍ ഏറ്റ വെടിയുണ്ടകളാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരിക്കുന്നത്.

മാവോയിസ്റ്റുകള്‍ പോലുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാം എന്ന ധാരണ ബാലിശമാണ്. ഗ്രാമീണ ജനത കൊടിയ ദാരിദ്ര്യവും ചൂഷണവും വിവേചനവും അനുഭവിക്കുന്ന അവസ്ഥ മാറാത്തിടത്തോളം കാലം ഇത്തരം സംഘടനകളെ ഇല്ലാതാക്കുക ദുഷ്‌കരമാണ്

. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാവുകയുള്ളു എന്നാണ് ഇക്കാര്യത്തില്‍ സി പി ഐ യുടെ സുവ്യക്തമായ നിലപാട്. തീവ്രവാദത്തെയും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടി ഒരിക്കലും അംഗീകരിക്കുന്നുമില്ല. പഞ്ചാബില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്കെതിരെ ഏറ്റവും ശക്തമായി പോരാടിയത് സി പി ഐ ആണ്.

2015 മാര്‍ച്ച് 25 മുതല്‍ 29 വരെ പുതുച്ചേരിയില്‍ നടന്ന സി പി ഐ 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം കാശ്മീരിലും, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും എ എഫ് എസ് പി എ യുടെ ദുരുപയോഗം മനുഷ്യാവകാശ ലംഘനത്തിനിടയാക്കുന്നുവെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.

തീവ്രവാദത്തിനെതിരെ എന്ന പേരില്‍ മറ്റ് ജനവിരുദ്ധ നിയമങ്ങളിലൂടെ ജനങ്ങളുടെ പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും രാഷ്ട്രീയ പ്രമേയം വിരല്‍ ചൂണ്ടുന്നു.

ഇടത് ഐക്യവും എല്ലാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഏകീകരണവും ഉണ്ടാവണമെന്നും 22ാം സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനിച്ചു. കൂടാതെ ഒരു വിശാല ഇടത് ജനാധിപത്യ ഐക്യനിര, മതനിരപേക്ഷത, ജനാധിപത്യം, ജനപക്ഷ സാമ്പത്തിക നയങ്ങള്‍ എന്നീ മിനിമം പരിപാടികളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കേണ്ടതുണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചു.

വിശാഖപട്ടണത്ത് 2015 ഏപ്രില്‍ 14 മുതല്‍ 19 വരെ നടന്ന 21ാം സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസ്സ് സ്വീകരിച്ച പ്രമേയത്തില്‍ ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിലും മണിപ്പൂരിലും എ എഫ് എസ് പി എ, കൂടാതെ യു എ പി എ ഇവയെല്ലാ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന പൈശാചിക നിയമങ്ങളാണെന്നും ജനാധിപത്യ ശക്തികളെയും, പൗരസംഘങ്ങളെയും ജനാധിപത്യാവകാശങ്ങളും, പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അടിവരയിട്ടു പറയുന്നു.

അതുപോലെ തന്നെ ഇടതുപക്ഷ ഐക്യനിരയില്‍ കൂടുതല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി വിശാലമായ ഒരു ഇടത് പ്ലാറ്റ് ഫോം രൂപീകരിക്കുവാനുള്ള ശ്രമം മുന്നോട്ട് കൊണ്ടുപോകണം എന്നും പറയുന്നു.

Continue Reading

Latest News