Connect with us
Malayali Express

Malayali Express

നാലു വർഷത്തിനിടെ മൂന്നാമതും പൊതു തിരഞ്ഞെടുപ്പ്, കൊടും തണുപ്പിൽ ബ്രിട്ടൻ പ്രചാരണച്ചൂടിലേക്ക്

EUROPE

നാലു വർഷത്തിനിടെ മൂന്നാമതും പൊതു തിരഞ്ഞെടുപ്പ്, കൊടും തണുപ്പിൽ ബ്രിട്ടൻ പ്രചാരണച്ചൂടിലേക്ക്

Published

on


ടോമി വട്ടവനാൽ

ലണ്ടൻ : നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ഡിസംബർ മാസത്തിൽ പൊതു തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനിൽ കൊടുംതണുപ്പിനെ മറികടന്നും പ്രചാരണം പൊടിപാറും. ഭരണം നിലനിർത്താൻ ടോറികളും (കൺസർവേറ്റീവ് പാർട്ടി) പിടിച്ചെടുക്കാൻ ലേബറും പരസ്പരം പോരടിക്കുമ്പോൾ കറുത്ത കുതിരകളാകാനുള്ള തയാറെടുപ്പിലാണ് മൂന്നാമത്തെ വലിയ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾ. മുൻ തിരഞ്ഞെടുപ്പുകളേപ്പോലെ കരുത്തു തെളിയിച്ച് നിർണായക ശക്തിയാകാൻ പ്രാദേശിക കക്ഷികളായ സ്കോട്ടീഷ് നാഷണൽ പാർട്ടിയും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും കച്ചമുറുക്കുന്നു. പേരുതന്നെ ബ്രക്സിറ്റ് പാർട്ടി എന്നാക്കി തീവ്രവലതുപക്ഷക്കാരുടെ പിന്തുണ തേടുകയാണ് പഴയ യു.കെ ഇൻഡിപ്പെൻഡൻസ് പാർട്ടി. പല മണ്ഡലങ്ങളിലും സ്വതന്ത്രരും പരിസ്ഥിതി സംരക്ഷകരായ ഗ്രീൻ പാർട്ടിയും ശക്തിതെളിയിക്കാൻ രംഗത്തുണ്ട്.
കഴിഞ്ഞയാഴ്ച പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചെങ്കിലും ബുധനാഴ്ച മുതലാണ് അഞ്ചാഴ്ചത്തെ ഔദ്യോഗിക തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം. അതിനു മുമ്പുതന്നെ നിലപാടുകളും നയങ്ങളും പ്രഖ്യാപിച്ച് പാർട്ടികൾ അനൌദ്യോഗിക പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

വീണ്ടും തിരഞ്ഞെടുപ്പു കൊണ്ടുവന്നത് തൂക്കുപാർലമെന്റ് ആർക്കും ഭുരിപക്ഷമില്ലാത്ത പാർലമെന്റിൽ നിർണായകമായ ബ്രക്സിറ്റ് ബില്ലുകൾ തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ തിരഞ്ഞെടുപ്പ് എന്ന വജ്രായുധം പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുറത്തെടുത്തത്. ഈ ആവശ്യം മാസങ്ങളായി ലേബർ പാർട്ടി ഉന്നയിച്ചിരുന്നെങ്കിലും തെരേസ മേയ് മാറി ബോറിസ് പ്രധാനമന്ത്രിയായതോടെ ലേബർ ആവശ്യത്തിൽ നിന്നും പിന്മാറി. ജോൺസന്റെ ജനപിന്തുണ ഏറിവരുന്നതായുള്ള സർവേകളും മാധ്യമറിപ്പോർട്ടുകളും പുറത്തുവന്നതോടെ ലേബർ നിലപാട് മാറ്റുകയായിരുന്നു. പക്ഷേ, ഒടുവിൽ നോ ഡീൽ ബ്രക്സിറ്റ് എന്ന ഭീഷണി ശക്തിപ്രാപിച്ചതോടെ ഇതിനെ മറികടക്കാൻ ലേബറും തിരഞ്ഞെടുപ്പിനെ പിന്തുണച്ചു.

2016ലെ തിരഞ്ഞെടുപ്പിൽ രണ്ടാമതും അധികാരത്തിലെത്തിയ ഡേവിഡ് കാമറൺ 2016ൽ ബ്രക്സിറ്റ് റഫറണ്ടത്തെ തുടർന്നാണ് രാജിവച്ചൊഴിഞ്ഞത്. തുടർന്ന് പ്രധാനമന്ത്രിയായ തെരേസ മേയ് കേവലഭൂരിപക്ഷമുണ്ടായിട്ടും സ്വതന്ത്ര സ്കോട്ട്ലൻഡ് വാദത്തെ നേരിടാനായി 2017ൽ വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു പാർലമെന്റായിരുന്നു ഇതിന്റെ ഫലം. നോർതേൺ അയർലൻഡിലെ പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച തെരേസ മേയ്ക്ക് പക്ഷേ, പാർലമെന്റിൽ ഒരിക്കലും കാര്യങ്ങൾ സുഗമമായിരുന്നില്ല. ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ പാർട്ടിയിലെ വിമതർ ശക്തിപ്രാപിക്കുക കൂടി ചെയ്തതോടെ അവർ സ്ഥാനമൊഴിഞ്ഞു. 2022ൽ നടക്കേണ്ട തിരഞ്ഞെടുപ്പാണ് ബോറിസ് ജോൺസൺ ഇപ്പോൾ നേരത്തെയാക്കിയിരിക്കുന്നത്.

വോട്ടർമാർ 4.6 കോടി, സ്ഥിരതാമസക്കാരായ ഇന്ത്യക്കാർക്കും വോട്ടുചെയ്യാം

650 പാർലമെന്റ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 18 വയസിനു മുകളിൽ പ്രായമുള്ള 4.6 കോടി ആളുകൾക്കാണ് വോട്ടവകാശം. ബ്രിട്ടീഷുകാർക്കൊപ്പം ബ്രിട്ടണിൽ സ്ഥിരതാമസമാക്കിയ കോമൺവെൽത്ത് രാജ്യങ്ങളിലുള്ളവർക്കും ബ്രിട്ടണിലുള്ള അയർലൻഡുകാർക്കും വോട്ടവകാശമുണ്ട്. ഇന്ത്യ കോമൺവെൽത്ത് രാജ്യമായതിനാൽ ബ്രിട്ടണിലുള്ള ഇന്ത്യക്കാർക്ക് എല്ലാംതന്നെ വോട്ടവകാശമുണ്ട്. ചെറുപ്പക്കാരേക്കാൾ മുതിർന്ന പൌരന്മാരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കൂടുതൽ വോട്ടു രേഖപ്പെടുത്തിയത്. എല്ലാവർക്കും പോസ്റ്റൽ ബാലറ്റിന് അവകാശമുള്ള ബ്രിട്ടണിൽ മഹാഭൂരിപക്ഷവും വോട്ടുചെയ്യുന്നത് തപാൽ ബാലറ്റുവഴിയാണ്. ഇതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു ദിവസം സ്കൂളുകളിലും പള്ളികളിലും പബ്ബുകളിലും മറ്റുമുള്ള ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണാനാകില്ല. രാവിലെ ഏഴുമുതൽ രാത്രി പത്തുവരെ നീളുന്ന വോട്ടിംങ് സമയം എല്ലാവർക്കും വോട്ടുചെയ്യാനുള്ള സാഹചര്യവും ഒരുക്കുന്നു. ഡിസംബർ 12ന് വോട്ടെടുപ്പ് പൂർത്തിയാകും. 13ന് രാവിലെ മുതൽ ഫലമറിയാം.

മൽസരിക്കാൻ കെട്ടിവയ്ക്കണ്ടത് 500 പൗണ്ട്

326 സീറ്റാണ് പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടോറികൾക്ക് ലഭിച്ചത് 318 സീറ്റുകൾ മാത്രം. ലേബറിന് 262 സീറ്റും സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 35 സീറ്റും ലഭിച്ചു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി-20, ഡി.യുപി-10, സിൻ ഫെയ്ൻ-7, മറ്റുള്ളവർ -19 എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീട് ടോറിയിൽനിന്നും 24 പേരും ലേബറിൽനിന്ന് അഞ്ചുപേരും രാജിവച്ചും പുറത്താക്കപ്പെട്ടും പാർലമെന്റിൽ പ്രത്യേക ഗ്രൂപ്പുകളായി മാറി. വോട്ടവകാശമുള്ള ആർക്കും തിരഞ്ഞെടുപ്പിൽ മൽസരിക്കാം. 500 പൌണ്ടാണ് മൽസരിക്കാൻ കെട്ടിവയ്ക്കേണ്ട തുക. ആകെ വോട്ടിന്റെ അഞ്ചുശതമാനം ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച തുക നഷ്ടമാകും. ജയിൽപുള്ളികൾ, സിവിൽ സേർവന്റ്സ്, പോലീസ് ഉദ്യോഗസ്ഥർ, പട്ടാളക്കാർ, ജഡ്ജിമാർ എന്നിവർക്ക് സ്ഥാനാർഥികളാകാൻ പറ്റില്ല.

ബാലറ്റിലാണ് ഇപ്പോഴും ഇവിടെ തിരഞ്ഞെടുപ്പ്. വോട്ടിംങ് യന്ത്രങ്ങൾ ഉപയോഗിക്കാത്തതിനാൽ വോട്ടെണ്ണൽ പൂർത്തിയാകാൻ 12 മുതൽ 24 മണിക്കൂർവരെ കാത്തിരിക്കണം.

Continue Reading

Latest News