Friday, April 26, 2024
HomeKerala'ശോഭാ സുരേന്ദ്രൻ 10 ലക്ഷം വാങ്ങി, അനിൽ ആന്റണി 25 ലക്ഷം വാങ്ങി തിരിച്ചുതന്നു'; ആരോപണവുമായി...

‘ശോഭാ സുരേന്ദ്രൻ 10 ലക്ഷം വാങ്ങി, അനിൽ ആന്റണി 25 ലക്ഷം വാങ്ങി തിരിച്ചുതന്നു’; ആരോപണവുമായി ദല്ലാൾ നന്ദകുമാർ

തിരുവനന്തപുരം: എൻഡിഎയുടെ ആലപ്പുഴയിലെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ ശോഭ സുരേന്ദ്രന് എതിരെയും, പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥി അനിൽ ആന്റണിയ്ക്ക് എതിരായും കൈക്കൂലി ആരോപണത്തിന്റെ തെളിവുകളുമായി ദല്ലാൾ നന്ദകുമാർ. ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നാണ് തെളിവ് സഹിതം നന്ദകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്‌റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാനാണ് അനില്‍ ആന്റണി 25 ലക്ഷം വാങ്ങിയതെന്നാണ് നന്ദകുമാർ ആരോപിക്കുന്നത്. എന്നാല്‍ നിയമനം നടക്കാതെ വന്നതിനെ തുടര്‍ന്ന് പലവട്ടമായി ഈ 25 ലക്ഷം രൂപ തിരികെ നല്‍കിയെന്നും ഇയാൾ പറയുന്നു. 2014ലാണ് പണം കൈമാറിയത്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും നന്ദകുമാർ പുറത്തുവിട്ടിട്ടുണ്ട്.

ഇതാണ് അനിലിന്റെ പുതിയ ഗൂഢസംഘം എന്ന് പറഞ്ഞുകൊണ്ട് നരേന്ദ്ര മോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ഒരു ചിത്രവും നന്ദകുമാര്‍ മാധ്യമങ്ങളെ കാണിച്ചു. അനില്‍ ആന്റണിയെ ഇക്കാര്യങ്ങൾ ഒക്കെ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും നന്ദകുമാർ ആരോപിക്കുന്നു. കാലങ്ങളായി ഇയാൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും നന്ദകുമാർ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ടാണ് ശോഭ സുരേന്ദ്രന്‍ തന്നെ സമീപിച്ചതെന്നും നന്ദകുമാർ പറയുന്നു. എന്നാല്‍ കടം കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് അറിയിച്ചപ്പോള്‍ തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്‌തു തനിക്ക് നല്‍കാമെന്ന് പറഞ്ഞ ശേഷം രേഖകൾ എല്ലാം കൈമാറിയെന്നും തുടർന്നാണ് 10 ലക്ഷം നൽകിയതെന്നും നന്ദകുമാർ പറയുന്നു.

2023 ജനുവരി നാലിന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം നല്‍കിയെന്നാണ് അവർ നന്ദകുമാർ അവകാശപ്പെടുന്നത്. ഇതിന്റെ ഒരു റസീറ്റും അദ്ദേഹം പുറത്തുവിട്ടു. ബാക്കി തെളിവുകൾ കൂടി ഏപ്രിൽ 26ന് ശേഷം പുറത്തുവിടുമെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.

60 വർഷം അഴിമതി നടത്തിയതിന് ശേഷമാണ് കോൺഗ്രസും വേണുഗോപാലും വോട്ട് തേടുന്നത്. നേരത്തെ ആന്റണിയെ സൂപ്പർ ദല്ലാൾ എന്ന് വിളിച്ച് നന്ദകുമാർ രംഗത്ത് വന്നിരുന്നു. അനിൽ പണം വാങ്ങിയതിന്റെ തെളിവുകൾ പുറത്തിവിടുമെന്നും അന്ന് നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായാണ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നന്ദകുമാർ തെളിവുകളുമായി രംഗത്ത് വന്നത്. ബിജെപിയുടെ ഒരു തീപ്പൊരി നേതാവ് പത്ത് ലക്ഷം വാങ്ങിയെന്നും അന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അത് ശോഭാ സുരേന്ദ്രൻ ആണെന്നാണ് തെളിവുകൾ സഹിതം ഇന്ന് ദല്ലാൾ നന്ദകുമാർ ചൂണ്ടിക്കാണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular