Thursday, April 25, 2024
HomeKeralaരാഹുല്‍ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും...

രാഹുല്‍ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറി

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പി.വി അൻവർ എംഎല്‍എ.

‘രാഹുല്‍ ഗാന്ധിയുടെ ഡി എൻ എ പരിശോധിച്ച്‌ പാരമ്ബര്യം ഉറപ്പാക്കണം. ഗാന്ധിയെന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹനല്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍. നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരാളുണ്ടാവില്ല. ആ കുടുംബത്തില്‍ നിന്നുള്ള ആളാണോ രാഹുല്‍ എന്ന് സംശയം’, അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞു. എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്.

പി വി അൻവറിന്റെ വാക്കുകള്‍

‘രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ ഗാഡി മാറി. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയില്‍ അടക്കാത്തതെന്തെന്നാണ് രാഹുല്‍ ചോദിച്ചത്. നെഹ്‌റു കുടുംബത്തില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാൻ കഴിയുമോ? രാഹുല്‍ ഗാഡിയുടെ ഡി. എൻ എ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നും” പി വി. അൻവർ എംഎ‍ല്‍എ പറഞ്ഞു.

രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. പിണറായിയെ കേന്ദ്ര ഏജൻസികള്‍ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിന് പിന്നാലെ രാഹുലിനെതിരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പി.വി അൻവർ രാഹുലിനെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular