Connect with us
Malayali Express

Malayali Express

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ട്

KERALA

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ട്

Published

on

നഗരസഭ അംഗീകാരം നല്‍കിയില്ലെങ്കിലും മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. സമീപവാസികളുടെ ആശങ്ക നീക്കാന്‍ യോഗങ്ങള്‍ ആരംഭിച്ചു.
തിരഞ്ഞെടുത്ത രണ്ട് സ്ഥാപനങ്ങള്‍ക്ക് പൊളിക്കാനായി ഫ്‌ളാറ്റുകള്‍ കൈമാറാന്‍ സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. അജന്‍ഡയില്‍ വിഷയം ഇല്ലെന്ന സാങ്കേതികത്വം ഉന്നയിച്ചായിരുന്നു ഭരണ – പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് തടസം സൃഷ്ടിച്ചത്. അജന്‍ഡയില്‍ ഉള്‍പ്പെടുത്തി അടിയന്തര കൗണ്‍സില്‍ വിളിക്കാനാണ് നീക്കം.

ഫ്‌ളാറ്റുകള്‍ പൊളിക്കല്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് സബ്കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. നിയന്ത്രിത സ്‌ഫോടനത്തില്‍ പാലത്തിലൂടെ ലോറി പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനം മാത്രമേയുണ്ടാകൂ. ഭിത്തികള്‍ പൊളിച്ചുനീക്കിയ ശേഷം സ്‌ഫോടക വസ്തുക്കള്‍ കോണ്‍ക്രീറ്റ് പില്ലറുകളില്‍ തുളച്ചുകയറ്റിയാണ് പൊട്ടിക്കുക. നാലോ അഞ്ചോ മണിക്കൂറിനകം ഒരു ഫ്‌ളാറ്റ് തകര്‍ക്കാം. സ്‌ഫോടന സമയത്ത് പരിസരവാസികളെ മാറ്റിത്താമസിപ്പിക്കും. ഗതാഗതം തിരിച്ചുവിടും. കെട്ടിടങ്ങള്‍ക്കോ സ്ഥലത്തിനോ കേടുപാടുകള്‍ സംഭവിക്കില്ലെന്ന് ഉറപ്പാക്കും.ബന്ധപ്പെട്ട വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും സ്‌ഫോടനം.സ്‌ഫോടനത്തിന് പത്തു സെക്കന്‍ഡില്‍ താഴെ മതിയെന്നാണ് കരാര്‍ ഏറ്റെടുത്ത എഡിഫൈസ് കമ്പനി അറിയിച്ചത്. ഫ്‌ളാറ്റുകള്‍ നിലംപൊത്തിയാലുടന്‍ പൊടി പടരാതിരിക്കാന്‍ വെള്ളം ചിതറിയ്ക്കും. അഞ്ചു മിനിറ്റിനകം പൊടി അടിയുമെന്നാണ് പ്രതീക്ഷ. കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യും.ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ പരിസരവാസികളെയും ഉള്‍പ്പെടുത്തി നൂറു കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് സുരക്ഷയുണ്ടാകും. നാശനഷ്ടമുണ്ടായാല്‍ കമ്പനികള്‍ക്കാണ് ഉത്തരവാദിത്വമെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ സര്‍ക്കാരും നഗരസഭയും സ്വീകരിക്കും.

Continue Reading

Latest News