Friday, April 26, 2024
HomeEuropeകാനഡയില്‍ ജോലിയും പഠനവുമൊക്കെ ഇന്ത്യക്കാര്‍ ഇനി മറന്നേക്ക്?; വിസ ലഭിക്കില്ല? പുതിയ തീരുമാനത്തില്‍ ആശങ്ക

കാനഡയില്‍ ജോലിയും പഠനവുമൊക്കെ ഇന്ത്യക്കാര്‍ ഇനി മറന്നേക്ക്?; വിസ ലഭിക്കില്ല? പുതിയ തീരുമാനത്തില്‍ ആശങ്ക

ന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെ കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച്‌ വിട്ടിരിക്കുകയാണ് കാനഡ.

ഇന്ത്യയിലെ കനേഡിയന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള നൂറോളം ജീവനക്കാരെയാണ് കാനഡ പിരിച്ചുവിട്ടത്. ഖലിസ്ഥാന്‍ വാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോഴും ഇത്തരത്തില്‍ കടുത്ത നടപടി കാനഡ സ്വീകരിച്ചിരുന്നു. അന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും കാനഡ തിരിച്ചുവിളിക്കുകയായിരുന്നു

അതേസമയം പുതിയ നടപടികളുടെ പശ്ചാത്തലത്തില്‍ കാനഡയില്‍ പോകാനൊരുങ്ങുന്ന ഇന്ത്യക്കാരുടെ വിസ കൂട്ടത്തോടെ നിരസിക്കുമോയെന്നുള്ള ആശങ്കയിലാണ് പലരും. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കുള്ള കുത്തൊഴുക്കില്‍ വലിയ ഇടിവുണ്ടായിരുന്നു. ഇന്ത്യക്കാർക്ക് അനുവദിച്ച സ്റ്റഡി പെർമിറ്റുകളിലും അന്ന് വലിയ കുറവായിരുന്നു രേഖപ്പെടുത്തി. 86 ശതമാനം ഇടിവാണ് സ്റ്റഡി പെർമിറ്റുകളില്‍ ഉണ്ടായത്. മാത്രമല്ല അന്ന് ഇരുരാജ്യങ്ങളും വിസ നടപടികള്‍ നിർത്തിവെയ്ക്കുന്ന സാഹചര്യവും ഉണ്ടായി. ബംഗളൂരു, ചണ്ഡീഗഡ് , മുംബൈ തുടങ്ങിയ കോണ്‍സുലർ സർവ്വീസുകളായിരുന്നു കാനഡ നിർത്തിവെച്ചത്. സമാന സാഹചര്യം ഉണ്ടാകുമോയെന്നതാണ് പുതിയ ആശങ്ക.

എന്നാല്‍ രാജ്യത്തിനുള്ളിലെ പ്രവർത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ലഭ്യമായ കനേഡിയൻ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവുണ്ടായതിനാലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് കനേഡിയൻ ഹൈക്കമ്മീഷൻ വക്താവ് പറയുന്നത്.ജീവനക്കാരെ കുറച്ചെങ്കിലും, ഇന്ത്യയില്‍ കാനഡയുടെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുണ്ടെന്നും വിസ പ്രോസസിങ് നടപടികളില്‍ യാതൊരു തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലർ പിന്തുണയും വ്യാപാര, ബിസിനസ് കാര്യങ്ങളും ഉള്‍പ്പെടെ ഇന്ത്യയിലെ കനേഡിയൻ പൗരൻമാർക്ക് പ്രധാന സേവനങ്ങള്‍ നല്‍കുന്നത് തുടരും. ഇരുരാജ്യങ്ങളിലേയും പൗരൻമാർക്കുള്ള എല്ലാ സേവനങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വിദേശ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കാനഡ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യയില്‍ നിന്നുളള നിരവധി പേർക്ക് അവസരം നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടക്കത്തില്‍ വിദേശ വിദ്യാർത്ഥികള്‍ക്കായി വാതില്‍ തുറന്നിട്ട കാനഡ ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തില്‍ നിയമങ്ങള്‍ കർശനമാക്കിയിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ വിദേശപഠനം സ്വപ്നം കണ്ടിരുന്നവർക്കാണ് കാനഡയുടെ തീരുമാനങ്ങള്‍ തിരിച്ചടിയായത്.

വിദേശ വിദ്യാർത്ഥികള്‍ക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തില്‍ രണ്ടു വർഷത്തേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി 2024 ല്‍ വെറും 485,000 സ്റ്റഡി പെർമിറ്റുകള്‍ മാത്രമാണ് രാജ്യം അനുവദിക്കുക. അതായത് അപേക്ഷിക്കുന്ന പകുതിയില്‍ അധികം പെർമിറ്റുകളും നിരസിക്കപ്പെടുമെന്ന് അർത്ഥം. കഴിഞ്ഞ വർഷത്തം 5,60,000 വിദ്യാർത്ഥികള്‍ക്കായിരുന്നു കാനഡ സ്റ്റഡി പെർമിറ്റ് നല്‍കിയത്. അന്തരാഷ്ട്ര വിദ്യാർത്ഥികള്‍ക്കുള്ള ഫീസും കാനഡ വർധിപ്പിച്ചിട്ടുണ്ട്. ഭവന പ്രതിസന്ധി ഉള്‍പ്പെടെ രൂക്ഷമായതാണ് സർക്കാരിന്റെ കടുംവെട്ടിന് കാരണമായത്.

കുടിയേറ്റം കൂടിയതോടെ വീടു കിട്ടാത്ത അവസ്ഥയാണ് കാനഡയില്‍. ഇത് പൗരൻമാരെ അടക്കം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സർക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെ വലിയ വിമർശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം വിഷയങ്ങള്‍ ചർച്ചയാകുന്നതില്‍ സർക്കാരിന് ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിലാണ് കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് രാജ്യം കടന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular