Connect with us
Malayali Express

Malayali Express

ജര്‍മനിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു

EUROPE

ജര്‍മനിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു

Published

on


ജോസ് കുമ്പിളുവേലിൽ

ബോണ്‍ : മലങ്കര കത്തോലിക്കാസഭയുടെ 89-ാം പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തി. സെപ്റ്റംബര്‍ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ദേവാലയത്തില്‍ മലങ്കര റീത്തിലുള്ള ദിവ്യബലിയോടു കൂടി ആരംഭിച്ചു.
സിറോ മലങ്കര പുത്തൂര്‍ രൂപത ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ജര്‍മനിയിലെ മുന്‍ അപ്പസ്തോലിക് വിസിറ്റേറ്ററും നിലവില്‍ സീറോ മലങ്കര ബത്തേരി രൂപത ബിഷപ്പുമായ ജോസഫ് മാര്‍ തോമസ് എന്നിവര്‍ മുഖ്യകാര്‍മ്മികരായി നടന്ന ആഘോഷമായ സമൂഹബലിയില്‍ ഫാ. സന്തോഷ് തോമസ് (ജര്‍മനിയിലെ സീറോ മലങ്കര കോ ഓര്‍ഡിനേറ്റര്‍), ഫാ.ജോസഫ് ചേലംപറമ്പത്ത് (സിറോ മലങ്കര ചാപ്ലെയിന്‍, കൊളോണ്‍ അതിരൂപത), ഫാ.പോള്‍ മാത്യു ഒഐസി (ആഹന്‍ രൂപത), ഫാ.വിജു വാരിക്കാട്ട്(ട്രിയര്‍ രൂപത), ഫാ.പോള്‍ പി.ജോര്‍ജ് (വികാരി, മലങ്കര സിറിയന്‍ യാക്കോബായ കമ്യൂണിറ്റി, ഫ്രാങ്ക്ഫര്‍ട്ട്) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ബ്ര.അലക്സ് പീടികയിലിന്‍റെ (വൈദിക സെമിനാരി ഐഷ്സ്റ്റഡ്റ്റ്) നേതൃത്വത്തിലുള്ള ഗായക സംഘത്തിന്‍റെ ഗാനശുശ്രൂഷ സമൂഹബലിയെ ഭക്തിസാന്ദ്രമാക്കി.

ദേവാലയാങ്കണത്തില്‍ എത്തിയ പിതാക്കന്മാരെയും വൈദികരെയും ശുശ്രൂഷി സംഘത്തെയും കത്തിച്ച മെഴുതിരികളുടെയും താലപ്പൊലിയേന്തിയ കുട്ടികളുടെയും വനിതകളുടെയും അകമ്പടിയോടെയാണ് അള്‍ത്താരയിലേയ്ക്ക് ആനയിച്ചത്.

സിനഡ് കമ്മിഷന്‍ അംഗവുമായ ജോര്‍ജ് മുണ്ടേത്ത് സ്വാഗതം ആശംസിച്ചു. ജര്‍മനിയിലെ ബിഷപ്പ് കോണ്‍ഫ്രന്‍സിന്‍റെ അനുവാദത്തോടെ ജര്‍മനിയിലെ മലങ്കര കത്തോലിക്കരുടെ ക്രേഫെല്‍ഡ് ഇടവകയുടെ ചാപ്ളെയിനായി ഫാ.പോള്‍ മാത്യുവിനെയും, ഹെര്‍ണെ/ഡോര്‍ട്ട്മുണ്ട് ഇടവകയുടെ ചാപ്ളെനായി മ്യൂന്‍സ്റ്റര്‍ രൂപതയും പാഡര്‍ബോണ്‍ അതിരൂപതയും കൂടി ഫാ.ജേക്കബ് വാഴക്കുന്നത്തിനെയും നിയമിച്ചുകൊണ്ടുള്ള കല്‍പ്പന ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് വായിച്ചതിനു പുറമെ ജര്‍മന്‍ ബിഷപ്പ് കോണ്‍ഫ്രന്‍സിലെ റീത്തുകളുടെ ചുമതലക്കാരനായ പാഡര്‍ബോണ്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. ഡൊമിനിക്കൂസ് മയര്‍ ഒഎസിബിയെ മലങ്കര സമൂഹത്തിന്‍റെ നന്ദി അറിയിച്ചു.

ദിവ്യബലിയ്ക്കു ശേഷം പാരീഷ് ഹാളില്‍ പുനരൈക്യ വാര്‍ഷിക സമ്മേളനം രജനി, റെസി എന്നിവരുടെ ശിക്ഷണത്തില്‍ കൊച്ചുകുട്ടികള്‍ ആലപിച്ച സമര്‍പ്പണ ഗാനത്തോടെ ആരംഭിച്ചു. പിതാക്കന്മാരും അതിഥികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ഫാ.സന്തോഷ് തോമസ് സ്വാഗതം ആശംസിച്ചു. ഡോ.ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ലൂക്കാസ് ഷ്രെബര്‍ ജര്‍മന്‍ ബിഷപ്പ് കോണ്‍ഫ്രന്‍സിനെ പ്രതിനിധീകരിച്ച് വിദേശികളുടെ അദ്ധ്യാല്‍മിക കാര്യങ്ങളുടെ ചുമതലയുള്ള നാഷണല്‍ ഡയറക്ടര്‍), അലക്സാന്ദ്ര ഷൂമാന്‍ (റെഫറന്‍റിന്‍, ലിംബുര്‍ഗ് രൂപത), ക്രിസ്റ്റ്യാന്‍ ഹൈന്‍സ് എംഎല്‍എ, കെറി റാഡിംഗ്ടണ്‍ (ഫ്രാങ്ക്ഫര്‍ട്ട് നഗരസഭ), ക്ളൗസ് ക്ളിപ്പ്(ചെയര്‍മാന്‍, യൂറോപ്പ് യൂണിയന്‍ ഫ്രാങ്ക്ഫര്‍ട്ട്), ഫാ. പോള്‍. പി. ജോര്‍ജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സബീന പുലിപ്ര, ജോമോന്‍ ചെറിയാന്‍ എന്നിവരുടെ ഗാനാലാപനം, അബില മാങ്കളം, നിയ, ദിവ്യ എന്നിവരുടെ നൃത്തം, സിസ്റ്റേഴ്സിന്‍റെ പാപ്പാ മംഗളം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് അനൂപ് മുണ്ടേത്ത് നന്ദി പറഞ്ഞു. സബീനെ പുലിപ്ര, ഡോ.അമ്പിളി മുണ്ടേത്ത് എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.സൈമണ്‍ കൈപ്പള്ളിമണ്ണില്‍ ശബ്ദസാങ്കേതികം കൈകാര്യം ചെയ്തു.

പരിപാടികള്‍ക്ക് ശേഷം പാരീഷ്ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മലങ്കരസഭാ വിശ്വാസികളെ കൂടാതെ സിസ്റ്റേഴ്സ്, വൈദികര്‍, മറ്റു വിശ്വാസികളും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജര്‍മനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ് മിഷന്‍ യൂണിറ്റിന്‍റെ ആതിഥേയത്വത്തിലാണ് ആഘോഷങ്ങള്‍ നടന്നത്.

Continue Reading

Latest News