Saturday, April 27, 2024
HomeAsiaഇറാൻ പിടിച്ചെടുത്ത കപ്പലില്‍ 17 ഇന്ത്യൻ ജീവനക്കാര്‍

ഇറാൻ പിടിച്ചെടുത്ത കപ്പലില്‍ 17 ഇന്ത്യൻ ജീവനക്കാര്‍

തെഹ്റാൻ: ഹോർമുസ് കടലിടുക്കില്‍ ഇറാന്റെ റെവല്യൂഷണറി ഗാർഡുകള്‍ പിടികൂടിയ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലില്‍ 17 ഇന്ത്യൻ ജീവനക്കാരുള്ളതായി റിപ്പോർട്ട്.

പോർച്ചുഗീസ് പതാകയുള്ള എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. കപ്പല്‍ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘എം.എസ്‌.സി ഏരീസ് എന്ന ചരക്ക് കപ്പല്‍ ഇറാൻ നിയന്ത്രണത്തിലാക്കിയതായി ഞങ്ങള്‍ക്കറിയാം. കപ്പലില്‍ 17 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് മനസ്സിലാക്കുന്നു. തെഹ്റാനിലും ഡല്‍ഹിയിലും നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കും’ -അധികൃതർ അറിയിച്ചു.

ഗോർട്ടല്‍ ഷിപ്പിങ് കമ്ബനിയില്‍ നിന്ന് അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എംഎസ്‌സിയാണ് ഏരീസ് എന്ന കപ്പല്‍ പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്ബനിയാണ് ഗോർട്ടല്‍ ഷിപ്പിങ്. കപ്പലിന്റെ എല്ലാ പ്രവർത്തനങ്ങള്‍ക്കും എം.എസ്‌.സിയാണെന്ന് ഉത്തരവാദിയെന്ന് സോഡിയാക് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു. സോഡിയാക് ഭാഗികമായി ഇസ്രായേലി വ്യവസായി ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഈ മാസമാദ്യം സിറിയയിലെ ഇറാൻ എംബസിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇക്കും ഇറാനുമിടയിലുള്ള ഹോർമുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തത്. കപ്പല്‍ യു.എ.ഇയില്‍ നിന്ന് മുംബൈയിലെ ജവഹർ ലാല്‍ നെഹ്റു പോർട്ടിലേക്ക് വരികയായിരുന്നു എന്നാണ് റിപ്പോർട്ട്.

തെക്കുകിഴക്കുള്ള ഒമാൻ ഗള്‍ഫിന്റെയും പേർഷ്യൻ ഗള്‍ഫിന്റെയും ഇടയില്‍ വരുന്ന തന്ത്രപ്രധാന ജലപാതയാണ്‌ ഹോർമുസ് കടലിടുക്ക്. ഹോർമുസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് യു.എ.ഇയും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്‌. പേർഷ്യൻ ഗള്‍ഫിലെ പെട്രോളിയം കയറ്റുമതി രാജ്യങ്ങള്‍ക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടല്‍ മാർഗമാണിത്.

ശരാശരി 15 ടാങ്കറുകള്‍ 16.5 മുതല്‍ 17 വരെ മില്യൻ ബാരല്‍ അസംസ്കൃത എണ്ണ ഓരോ ദിവസവും ഈ പാതയിലൂടെ വഹിച്ചു കൊണ്ടുപോകുന്നുവെന്നാണ് റിപ്പോർട്ട്. ലോകത്തിലെ കടല്‍ മാർഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40 ശതമാനവും ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20 ശതമാനവും വരുമിത്.

167 കിലോമീറ്റർ ദൂരമാണ് ഈ കടലിടുക്കിനുള്ളത്. 96 കിലോമീറ്റർ മുതല്‍ 39 കിലോമീറ്റർ വരെയാണ് പല ഭാഗത്തുമുള്ള വീതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular