Connect with us
Malayali Express

Malayali Express

ഉത്തർപ്രദേശ് പിടിക്കാൻ പ്രിയങ്ക: വൻ അഴിച്ചു പണി; കോണ്‍ഗ്രസ് രക്ഷപ്പെടുമോ?

INDIA

ഉത്തർപ്രദേശ് പിടിക്കാൻ പ്രിയങ്ക: വൻ അഴിച്ചു പണി; കോണ്‍ഗ്രസ് രക്ഷപ്പെടുമോ?

Published

on

മാത്യു ജോണ്‍

ഉത്തർപ്രദേശിൽ ശക്തമായ തിരിച്ചു വരവിന് പദ്ധതികൾ ആവിഷ്കരിച്ച് കോണ്‍ഗ്രസ്. ദീർഘകാലം അധികാരത്തിലിരുന്ന സംസ്ഥാനത്ത് 2017 ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ലഭിച്ചത് കേവലം 7 സീറ്റുകൾ മാത്രമായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പിൽ ഈ അവസ്ഥയിൽ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്.14 മണ്ഡലങ്ങളിലേക്ക് ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിൻറെ ഭാഗമായി വലിയ അഴിച്ചു പണികളാണ് യുപി കോണ്‍ഗ്രസിൽ കേന്ദ്ര നേതൃത്വം നടത്തിയിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുക എന്നുള്ളതിനാണ് കോണ്‍ഗ്രസ് ആദ്യമായി മുൻതൂക്കം നൽകിയിരിക്കുന്നത്. ഇതിൻറെ ഭാഗമായാണ് പുതിയ സംസ്ഥാന അധ്യക്ഷനേയും നാല് വൈസ് പ്രസിഡണ്ടുമാരെയും 12 ജനറൽ സെക്രട്ടറിമാരെയും 24 സെക്രട്ടറിമാരെയും കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പാർട്ടിയുടെ ദയനീയ പ്രകടനത്തിന് പിന്നാലെ രാജിവെച്ച രാജ് ബബ്ബറിന് പകരക്കാരനായിട്ടാണ് പിസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് അജയ്കുമാർ ലല്ലുവിനെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായ അജയ് കുമാർ ലല്ലു പ്രിയങ്ക ഗാന്ധിയുമായി വളെര അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.
തംകുഹി രാജ് മണ്ഡലത്തിൽ നിന്നും രണ്ട് തവണ എംഎൽഎയായ വ്യക്തിയാണ് അജയ്കുമാർ ലല്ലു. അജയ്ക്ക് പകരം ആരാധാന മിശ്രയെ ലെജിസ്ലേച്ചർ പാർട്ടിയുടെ നേതൃത്വം ഏൽപ്പിച്ചു. സോണിയ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം 18 അംഗ ഉപദേശ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിരേന്ദ്ര ചൗദരി, പങ്കജ് മാലിക്, ലളിതേഷ്പതി ത്രിപതി, ദീപക് കുമാർ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാല് വൈസ് പ്രസിഡൻറുമാർ.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിച്ചായിരുന്നു പ്രിയങ്ക പ്രചാരണത്തിനു നേതൃത്വം നൽകിയത്. ഈ മാസം 21 നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൻറെ ചുമതല വഹിക്കുന്നതും പ്രിയങ്കാ ഗാന്ധിയാണ്. യുപിയുടെ പൂർണ്ണ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധിയിപ്പോൾ. പ്രിയങ്കയുടെ നേതൃത്വത്തിലൂടെ യുപിയിൽ വലിയൊരു തിരിച്ചു വരവ് സാധ്യമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

Continue Reading

Latest News