Connect with us
Malayali Express

Malayali Express

കൊളോണ്‍ കേരള സമാജം ഓണാഘോഷം പ്രൗഢഗംഭീരമായി

EUROPE

കൊളോണ്‍ കേരള സമാജം ഓണാഘോഷം പ്രൗഢഗംഭീരമായി

Published

on


ജോസ് കുമ്പിളുവേലിൽ

കൊളോണ്‍ : ജര്‍മനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണില്‍ 35 വര്‍ഷം പിന്നിട്ട കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ തിരുവോണാഘോഷം അത്യാഡംബരവും പ്രൗഢഗംഭീരവുമായി.

കൊളോണ്‍ വെസ്സ്ലിംഗ് സെന്‍റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിനാരംഭിച്ച ഓണാഘോഷം കേരളത്തനിമ വിരിഞ്ഞ കലയുടെ വസന്ത രാവായിരുന്നു.

ആമുഖത്തിനുശേഷം സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി, ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി,ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍, കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, ഡോ.മരിയ പുതുശേരി, വിവിയന്‍ അട്ടിപ്പേറ്റി എന്നിവര്‍ സമാജം ഭാരവാഹികളുടെയും ഭാര്യമാരുടെയും ജോസ് കല്ലറയ്ക്കലിന്‍റെയും ബൈജു പോളിന്‍റെയും സാന്നിധ്യത്തില്‍ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.

ഇന്ദുമതി മഠത്തില്‍ കോഓര്‍ഡിനേറ്റ് ചെയ്ത് നൊയസ് മലയാളം സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച അജിത സൈലേഷ്, ഏലിയാക്കുട്ടി ഛദ്ദ, ദീപ മണ്ണില്‍, മേഴ്സി സോളമന്‍, റജീന മറ്റത്തില്‍ എന്നീ മങ്കമാര്‍ നിലവിളക്കും കൈയ്യിലേന്തി അവതരിപ്പിച്ച തിരുവാതിരകളി അതിമനോഹരവും ശ്രേഷ്ഠതയില്‍ കൊരുത്ത നൃത്തവിരുന്നിനു പുറമെ തിരുവോണത്തിന്‍റെ മഹനീയതയും വിളിച്ചോതി.

ഗയാനാ പുണ്യമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ ലില്ലി നാര്‍, ജോഹാനാ കോച്ചേരില്‍, അന്ന എബ്രഹാം, മായാ വെമ്പേനിയ്ക്കല്‍ എന്നീ കുരുന്നുകള്‍ അവതരിപ്പിച്ച ബോളിവുഡ് നൃത്തം ഏറെ മികവു പുലര്‍ത്തി.

ബാബു എളമ്പാശേരില്‍ മാവേലി മന്നനായി വേഷമിട്ട് സെറ്റും മുണ്ടുമണിഞ്ഞ മങ്കമാരുടെയും മുത്തുക്കുടയേന്തിയ പരിവാരങ്ങളുടെയും അകമ്പടിയോടുകൂടി എഴുന്നെള്ളിവന്ന് തിരുവോണത്തിന്‍റെ വൈശിഷ്യത്തെപ്പറ്റി സംഭാഷണത്തിലൂടെ വരച്ചുകാട്ടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. മുഖ്യാതിഥിയായി പങ്കെടുത്ത ബ്ര്യൂള്‍ എംഎല്‍എ ഗയോര്‍ഗ് ഗോലാന്‍റ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ലയാ ആര്‍ട്ട് അക്കാദമിയുടെ ബാനറില്‍ നൃത്താദ്ധ്യാപിക പ്രാണാ ഗുണശേഖരന്‍റെ ശിക്ഷണത്തില്‍ കാമ്യ, പ്രാണ, മൃദുനി, ശ്രിയാ, ദാര്‍ശ്, പൂജ എന്നീ കുട്ടികള്‍ അവതരിപ്പിച്ച അര്‍ദ്ധശാസ്ത്രീയ നൃത്തം മിഴിവേകി. അരുണ്‍ സുന്ദര്‍, അഖില്‍ എന്നിവരുടെ ബങ്ക്രനൃത്തം, (പഞ്ചാബി), ഫ്യൂഷന്‍ ഡാന്‍സ് എന്നിവ സദസ്യരുടെ കയ്യടി ഏറ്റുവാങ്ങി.

മേരി ക്രീഗറുടെ നേതൃത്വത്തില്‍ ബോസ് പത്തിച്ചേരിലും ദമ്പതിമാരായ മേരി ആന്‍റ് വില്യം പത്രോസ്, എല്‍സി ആന്‍റ് സണ്ണി വേലൂക്കാരന്‍ എന്നിവരും അവതരിപ്പിച്ച നാടോടി നൃത്തം ഗ്രാമീണതയുടെ വശ്യത പകര്‍ന്നു.ബോണ്‍ ഡാന്‍സ് അക്കാഡമിയുടെ ബാനറില്‍ മാര്‍ലിന്‍ സെബാസ്റ്റ്യന്‍റെ കുച്ചിപ്പുടി നൃത്തം, മാര്‍ലിനും ജെയ്റോയും കൂടി അവതരിപ്പിച്ച തെലുങ്ക് നൃത്തം, ജോസഫിന്‍ വിന്‍സെന്‍റ്, രൂപ ഗൗതം, അനുതാന ഗൗതം എന്നിവര്‍ അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ് എന്നിവ ആഘോഷത്തിന് കൊഴുപ്പുകൂട്ടി.

മേരി ക്രീഗറുടെ നേതൃത്വത്തില്‍ കേരളസമാജം ഭാരവാഹികളും അവരുടെ സഹധര്‍മ്മിണിമാരും അരങ്ങുനിറഞ്ഞാടിയ സിനിമാറ്റിക് നാടോടി നൃത്തം അതീവ ഹൃദ്യമായി.

തങ്കരാജ്, കലാശ്രീ, സുനന്ദ എന്നിവര്‍ ഒരുക്കിയ കലാഗ്രൂപ്പിന്‍റെ പൂക്കളവും, നിര്‍മ്മല ഫെര്‍ണാണ്ടസ് ഒരുക്കിയ സസ്യഫലപ്രദര്‍ശനവും തിരുവോണത്തിന്‍റെ നവ്യതയ്ക്കൊപ്പം പ്രൗഢിയും പകര്‍ന്നു.

സമാജം സംഘടിപ്പിച്ച പന്ത്രണ്ടാമത് കര്‍ഷകശ്രീ പട്ടം ആഘോഷവേളയില്‍ സമ്മാനിച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി) ചീട്ടുകളി മല്‍സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ സ്പോര്‍ട്സ് സെക്രട്ടറി അലക്സ് കള്ളിക്കാടന്‍റെ സാന്നിദ്ധ്യത്തില്‍ ബ്ര്യൂള്‍ എംഎല്‍എ ഗയോര്‍ഗ് ഗോലാന്‍റ് വിതരണം ചെയ്തു.

കേരള സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. വാചാലതയുടെ നിറവില്‍ അരങ്ങുണര്‍ത്തി നേര്‍ക്കാഴ്ച്ചയുടെ ഉള്‍ത്തുടിപ്പുകള്‍ നിറച്ച് സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, കുമാരി വിവിയന്‍ അട്ടിപ്പേറ്റി എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

കേരളത്തനിമയില്‍ തിരുവോണത്തിന്‍റെ രുചിഭേദത്തില്‍ 16 കൂട്ടം കറികളോടും കൂടി തയ്യാറാക്കിയ വിഭവസമൃദ്ധമായി വിളമ്പിയ സദ്യയും, അടപ്രഥമനും കഴിച്ച മലയാളി, ജര്‍മന്‍ സുഹൃത്തുക്കളുടെ മുഖത്ത് ആസ്വാദ്യതയുടെ സംതൃപ്തി പ്രതിഫലിച്ചിരുന്നു.

കമ്മിറ്റിയിലെ മറ്റംഗങ്ങളായ പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്), അലക്സ് കള്ളിക്കാടന്‍ (സ്പോര്‍ട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ കൂടാതെ ജോസ് കല്ലറയ്ക്കല്‍, ജോസ്/മേരി അരീക്കാടന്‍, മോളി നെടുങ്ങാട്, മേരി പുതുശേരി, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ജോയല്‍ കുമ്പിളുവേലില്‍, ക്ളിന്‍റണ്‍, ക്ളിന്‍സ്, ഡോ. ജിമ്മി & ഡോ.സോണിയ പുതുശേരി, ഡോ. മരിയ & നിക്കോ പുതുശേരി എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

വര്‍ഗീസ് ശ്രാമ്പിക്കല്‍ പരിപാടികള്‍ക്ക് ശബ്ദസാങ്കേതിക സഹായം നല്‍കി. ഫോട്ടോ ജെന്‍സ് കുമ്പിളുവേലില്‍, ജോണ്‍ മാത്യു എന്നിവരും വിഡിയോ എബി എബ്രഹാമും കൈകാര്യം ചെയ്തു. സമാജത്തിന്‍റെ യുവജന വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ ലഘുവില്‍പ്പനശാലയും പ്രവര്‍ത്തിച്ചിരുന്നു.

ഇടവേളയ്ക്കു ശേഷം തംബോലയില്‍ വിജയികളായവര്‍ക്ക് യുര്‍ഗന്‍ ഹൈനെമാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജര്‍മന്‍ സാഹിത്യകാരനായ യോവാഹിം ഫെസ്റ്റ് രചിച്ച ദ ലാസ്റ്റ് ഡേയ്സ് ഓഫ് ഹിറ്റ്ലര്‍ എന്ന ജര്‍മന്‍ പതിപ്പ് തോമസ് ചക്യത്ത് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയ ഹിറ്റ്ലറിന്‍റെ അവസാന നാളുകള്‍ എന്ന പുസ്തകവും (ജോസ് പുന്നാംപറമ്പില്‍/ജോയി മാണിക്കത്ത്), മുക്കാടന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് നസ്റേത്ത് രചിച്ച നത്താള്‍ രാത്രിയില്‍ എന്ന ചെറുകഥാസമാഹാരം മലയാളത്തില്‍ നിന്ന് ജര്‍മനിലേയ്ക്ക് മൊഴിമാറ്റം ചെയ്ത പുസ്തകവും (ജോളി തടത്തില്‍/സെബി യേശുദാസ്) പ്രകാശനവും നടന്നു. ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

Continue Reading

Latest News