Thursday, April 25, 2024
HomeCinemaആടുജീവിതം വിവാദമാവുമ്ബോള്‍

ആടുജീവിതം വിവാദമാവുമ്ബോള്‍

കോഴിക്കോട്: മലയാളത്തിന്റെ ഓസ്‌ക്കാർ പ്രതീക്ഷയായി വളർന്നിരിക്കയാണ് ബ്ലെസി-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ആടുജീവിതം എന്ന സിനിമ.

ഒരു യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍, ബെന്യാമിൻ എഴുതിയ അതേപേരിലുള്ള നോവലാണ് ബ്ലെസി സിനിമയാക്കുന്നുത്. റിലീസീവാൻ രണ്ടുദിവസം മാത്രമേ ഇനി അവശേഷിക്കവേ മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങള്‍ക്കും ടീസറിനുമെല്ലാം വൻ വരവേല്‍പ്പാണ് ആസ്വാദകർ നല്‍കിയത്. പക്ഷേ അതോടൊപ്പം ചിത്രം ഇസ്ലാമോഫോബിയ പരത്തുന്നുവെന്ന വ്യാജമായ ആരോപണവും കേരളത്തിലെ ഒരു വിഭാഗം യുക്തിവാദികള്‍ക്കിടയില്‍ പോലും ചർച്ചയാവുകയാണ്. യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് പ്രദർശനാനുമതിയില്ല. യുഎഇയിലും മലയാളം സിനിമക്ക് മാത്രമാണ് പ്രദർശനാനുമതിയുള്ളത്. ചിത്രത്തിന്റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും അവയൊന്നും യുഎഇയിലും പ്രദർശിപ്പിക്കാനാകില്ല. ഈ മാസം 28നാണ് ചിതത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.

നോവലും നിരോധിച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാടിന് അടുത്ത് ആറാട്ടുപുഴ പഞ്ചായത്തില്‍, 1962 മെയ് 15-ന് ജനിച്ച നജീബ് എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം എന്ന നോവല്‍ രചിച്ചത്. ഗള്‍ഫിലെ ജോലിക്കാരുടെ വിജയകഥകളായിരുന്നു ബെന്യാമിൻ കൂടുതലും കേട്ടിരുന്നതെങ്കിലും ഒരു വ്യത്യസ്തമായ ജീവിതം എഴുതാൻ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. സുഹൃത്തായ സുനില്‍ പറഞ്ഞ് നജീബിന്റെ കഥ കേട്ടപ്പോള്‍ ‘ലോകത്തോടുപറയാൻ ഞാൻ കാത്തിരുന്ന കഥ ഇതായിരുന്നുവെന്നും എനിക്കീ കഥ പറഞ്ഞേ മതിയാകൂ എന്നും തോന്നി” എന്നാണ് ബെന്യാമിൻ അഭിപ്രായപ്പെട്ടത്. നജീബ് ബെന്യാമിനെ ബഹ്റൈനില്‍ വെച്ച്‌ പിന്നീട് കണ്ടുമുട്ടുകയുമുണ്ടായി. മണിക്കൂറുകളോളം നജീബുമായി സംസാരിച്ചാണ് അദ്ദേഹം കഥ മെനഞ്ഞത്. നജീബിന്റെ ജീവചരിത്രം തേച്ചുമിനുക്കുകയോ മധുരമുള്ളതാക്കണമെന്നോ തനിക്ക് തോന്നിയില്ല എന്നാണ് ബെന്യാമിൻ വിശദീകരിക്കുന്നത്.

ആടുജീവിതത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയതും കഥാപാത്രമായ നജീബാണ്. 2008 ല്‍ ബഹ്റൈനില്‍ വച്ച്‌ കവി കുഴൂർ വില്‍സണ്‍ പുസ്തകത്തിന്റെ ആദ്യകോപ്പി നജീബിനു നല്‍കി പ്രകാശനം നിർവ്വഹിച്ചു. ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014- ല്‍ നിരോധിച്ചു. ‘അയാമുല്‍ മാഇസ്’ എന്ന പേരില്‍ നോവല്‍ അറബിയിലേക്ക് വിവർത്തനം ചെയ്തത് മലയാളിയായ ആരീക്കോട് സ്വദേശി സുഹൈല്‍ വാഫിയായിരുന്നു. ആഫാഖ് ബുക്ക് സ്റ്റോറായിരുന്നു അറബ് തർജ്ജമയുടെ പ്രസാധകർ. എന്നാല്‍, ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പുസ്തകം ലഭ്യമാകാറുണ്ട്.

ആടുജീവിതം ഇംഗ്ലിഷിലടക്കം ഒട്ടേറെ ഭാഷകളില്‍ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. ഇംഗ്ലീഷ് പതിപ്പും ഗള്‍ഫില്‍ പിന്നീട് നിരോധിക്കപ്പെട്ടു. 2008 ഓഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ചൂടപ്പം പോലെ വിറ്റുപോയ നോവലാണിത്. ചങ്ങമ്ബുഴയുടെ രമണൻ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകവും ഇതുതന്നെയാണ്.

അതുപോലെ തന്നെ ദീർഘകാലത്തെ ശ്രമത്തിനുശേഷമാണ് നോവല്‍ സിനിമായാവുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008- ല്‍ പ്രാരംഭ ജോലികള്‍ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കേരളത്തിലും ഇസ്ലാമോഫോബിയ ചർച്ച

നോവലിലോ, സിനിമയിലോ മതവിരുദ്ധമായ യാതൊരു കാര്യവും ഇല്ലെങ്കിലും ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രം എന്ന രീതിയില്‍ ഇതേക്കുറിച്ച്‌ കേരളത്തിലടക്കം ചർച്ച നടക്കയാണ്. ഒരു വിഭാഗം യുക്തിവാദ ഗ്രൂപ്പകളില്‍ പോലും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഉണ്ടായി. ഇസ്ലാമോ ലെഫ്റ്റ് എന്ന പറയുന്ന ഒരു വിഭാഗം ഈ ആശയത്തോട് യോജിക്കുന്നുണ്ട്. ഇതേ തുടർന്ന സംവാദങ്ങള്‍ക്ക് മറുപടിയെന്നോണം, പ്രശസ്ത സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ഡോ സി വിശ്വനാഥൻ ഇങ്ങനെ പ്രതികരിക്കുന്നു. ‘ആടു ജീവിതം’, സമീപകാലത്ത് മലയാളത്തില്‍ ഒരു പക്ഷേ ഏറ്റവുമധികം ആള്‍ക്കാർ വായിച്ചിട്ടുള്ള നോവല്‍ ആണ്. ഞാനും വായിച്ചിട്ടുണ്ട്. പക്ഷേ, പണ്ടു വായിച്ച മലയാളം പുസ്തകങ്ങളില്‍, ഒരിക്കല്‍ക്കൂടി വായിക്കാൻ തോന്നുന്ന പുസ്തകങ്ങളുടെ ലിസ്റ്റുണ്ടാക്കിയാല്‍, ആടു ജീവിതം എന്റെ ലിസ്റ്റില്‍ വരില്ല. അത്രയ്ക്കേ അതിഷ്ടമായുള്ളൂ.

പക്ഷേ, ആ നോവലില്‍ ഇസ്ലാമോഫോബിയ ഒക്കെ ആരോപിക്കുന്നത് കുറേ കടുപ്പം തന്നെ! മനുഷ്യൻ മനുഷ്യനെ അടിമയാക്കിവെക്കുക എന്നത് ആരു ചെയ്താലും അന്യായമാണ്, അപലപിക്കേണ്ടതാണ്. ആടു ജീവിതം ഇസ്ലാമോഫോബിക് ആണെന്നൊക്കെ പറയുന്ന ആള്‍ക്കാർ ശരിക്ക് ആ നോവല്‍ വായിച്ചിട്ടു തന്നെയാണോ പറയുന്നത് എന്നറിയില്ല ! ആ പേരിലുള്ള സിനിമ പുറത്തുവരാൻ ഇരിക്കുന്നതേയുള്ളുവല്ലോ. അതുകൊണ്ട് അതിനെക്കുറിച്ച്‌ ഇപ്പോള്‍ത്തന്നെ ഒന്നും പറയാൻ പറ്റില്ല.”- ഇങ്ങനെയാണ് ഡോ സി വിശ്വനാഥന്റെ പ്രതികരണം.

പക്ഷേ ഇതിനെ ട്രോളിയും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്തിനും ഏതിലും, പൊളിറ്റിക്കല്‍ കറക്‌ട്നെസ്സ് നോക്കി സ്യൂഡോ വാദങ്ങളും, ഇരവാദവും ഉണ്ടാക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നാണ് വിമർശനം ഉണ്ടാവുന്നത്. ഇസ്ലാം സഹിഷ്ണുതയാണ് എന്ന് പറയുന്നവർ ഒക്കെയും, ഒരു നോവലിനോടും സിനിമയോടും, ആ രാജ്യങ്ങള്‍ കാണിക്കുന്ന അസഹിഷ്ണുതയോട് പ്രതികരിക്കുന്നില്ല. ഡോ വിശ്വനാഥന്റെ പോസ്റ്റിനോട് പ്രതികരിച്ച്‌ സ്വതന്ത്രചിന്തകനും, പ്രഭാഷകനുമായ പ്രവീണ്‍ രവി ഇങ്ങനെ എഴുതുന്നു. -‘ആടുജീവിതം’ ഇസ്ലാമോഫോബിക് അല്ല എന്ന് പ്രശസ്ത ഇസ്ലാമിസ്റ്റ് യുക്തിവാദി വിശ്വനാഥൻ സി പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് വായിച്ച ബ്ലസിയും, പൃഥ്വിരാജും തങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്തി. തങ്ങളെ ഹിറ്റ്ലറിനോടും നാസികളോടും ഉപമിക്കുമോ?, ഗോള്‍വാള്‍കറിന്റെ പുസ്തകം എഴുതിയത് തങ്ങളാണെന്ന് പറയുമോ? എന്നൊക്കെ ഭയന്നിരിക്കുകയായിരുന്നു അവർ ഇരുവരും ഇതുവരെ എന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്ന് അറിഞ്ഞ സൂചന. എന്തായാലും വിശ്വനാഥൻ സിയേ പോലെ പരിണിതപ്രജ്ഞനായ ഒരു ഇസ്ലാമിസ്റ്റ് യുക്തിവാദി തന്നെ തങ്ങളുടെ വർക്കിനെ ഇസ്ലാമോഫോബിയ ഭീഷണിയില്‍ നിന്ന് രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഇരുവരും..”- ഇങ്ങനെയാണ് ഈ വിഷയത്തില്‍ പ്രവീണ്‍ രവി പ്രതികരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular